വളരേണ്ട സ്നേഹ സൗഹാർദ്ദങ്ങൾ
യാ അള്ളാ.. മാഫി മുശ്കിൽ... ഗൾഫിൽ എത്തുന്പോൾ മാത്രം കേൾക്കാറുള്ള അറബിക്ക് പദങ്ങൾ കൊച്ചിയിലെ ഒബ്റോൺ മാളിലെ ഫുഡ്കോർട്ടിൽ കേട്ടപ്പോഴാണ് എന്റെ കണ്ണുകൾ തൊട്ട് അടുത്തിരുന്നവരിലേയ്ക്ക്് പോയത്. ഒരു ടീ ഷർട്ടും, ബർമുഡയും ധരിച്ച് മലയാളിയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ആളാണ് അറബിയിൽ സംസാരിച്ചത്. തൊട്ടുമുന്പിൽ അദ്ദേഹത്തിനെ പോലെയുള്ള രണ്ട് പേരുമുണ്ട്. കുറച്ച് നേരം ഇവരെ നോക്കിയിരുന്നപ്പോൾ എല്ലാവരും ഗൾഫിൽ നിന്നും കേരളം കാണാനെത്തിയ സഞ്ചാരികാളാണെന്ന് മനസ്സിലായി. ഈ ഒരു കാഴ്ച്ച ഇന്ന് കേരളം മുഴവനും വളരെ സാധാരണമായി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പലയിടങ്ങളിലും അറബ് സഞ്ചാരികളുടെ എണ്ണം കൂടിയിരിക്കുന്നു.
കേരളവും അറബ് നാടുകളും തമ്മിൽ നൂറ്റാണ്ടുകളായി ബന്ധമുണ്ടെങ്കിലും ഗൾഫ് നാടുകൾ അതിസന്പന്നതയിലേയ്ക്ക് നീങ്ങിയപ്പോൾ മുതൽ അവിടെയുള്ളവരിൽ മഹാഭൂരിഭാഗവും തങ്ങളുടെ വിനോദസഞ്ചാരങ്ങൾക്കായി അൽപ്പകാലം മുന്പ് വരെ തെരഞ്ഞെടുത്തത് യൂറോപ്യൻ രാജ്യങ്ങളെയായിരുന്നു. പലരും അത്തരം സ്ഥലങ്ങളിൽ പോയി ഒഴിവുകാല വസതികൾ വരെ പണിയിച്ചിട്ടുണ്ട്. ഈ ഒരു അവസ്ഥയ്ക്കാണ് ഇന്ന് വളരെ വേഗത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നത്.
സാധാരണ രീതിയിൽ കർക്കിടക മാസം കേരളത്തിലെ ടൂറിസം മേഖലയ്ക്കും പഞ്ഞമാസമാണ്. എന്നാൽ ഇത്തവണ കേരളത്തിന്റെ സാന്പത്തിക തലസ്ഥാനമായ കൊച്ചിയിലെ അഞ്ച് പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലും നൂറ് ശതമാനമായിരുന്നു ഒക്കുപൻസി റേറ്റ്. ഇതിൽ തന്നെ വളരെ വലിയൊരു ശതമാനം അറബ് സ്വദേശികളുമായിരുന്നു. ഈ കഴിഞ്ഞ ജൂലൈ മുതൽ ഇന്നലെ വരെ ഗൾഫിൽ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലുമായി എത്തിയ അറബ് പൗരൻമാരുടെ എണ്ണം അറുപതിനായിരത്തോളമാണ്. കഴിഞ്ഞ വർഷം ഇത് വെറും 25000 ത്തിൽ താഴെയായിരുന്നു എന്നു മനസ്സിലാകുന്പോഴാണ് വ്യത്യാസം തിരിച്ചറിയുക. ഇപ്പോഴത്തെ സ്ഥിതി വെച്ച് പോവുകയാണെങ്കിൽ ഈ വർഷം ഒരു ലക്ഷത്തിൽ കുറയാത്ത അറബ് സഞ്ചാരികൾ കേരളത്തിൽ എത്തുമെന്ന് തന്നെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.
ഗൾഫിലുണ്ടായിട്ടുള്ള സാന്പത്തിക മാന്ദ്യം മാത്രമല്ല ഇതിന്റെ കാരണം. കടുത്ത ചൂടും, മധ്യേഷ്യ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയമായ അസ്ഥിരതയും, എന്തിന് യൂറോപ്പിൽ പലയിടത്തും പടർന്നുപിടിച്ചിരിക്കുന്ന ഇസ്ലാമോഫോബിയയും ഒക്കെ അറബ് സ്വദേശികളെ കേരളത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഗൾഫിലെ മലയാളികളുമായുള്ള സന്പർക്കവും അറബ് നാട്ടിൽ നിന്ന് എത്തുന്നവർക്ക് കേരളത്തെ ഒരു കംഫർട്ടബിൾ സോൺ ആക്കി കൊടുക്കുന്നു. ഇതോടൊപ്പം ഇന്ന് കേരളത്തിലെ പല ഹോട്ടലുകളിലും അറബിക്ക് സംസാരിക്കുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കൂടാതെ കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് അറബിക്ക് വിഭവങ്ങൾ ലഭ്യമാണ്. ഏകദേശം അതേ രുചിയിൽ തന്നെ ഷവർമ്മയും, ഹോമൂസുമൊക്കെ ഇവിടെ ലഭിക്കുന്നു. സ്റ്റാർ ഹോട്ടലുകളിൽ അറബിക്ക് ഫുഡ് കൗണ്ടറുകൾ ഒരു അവിഭാജ്യഘടകമായിരിക്കുന്നു. വെറുതെ കറങ്ങി നടക്കുന്നിതിനേക്കാൾ ഇവരിൽ മിക്കവർക്കും താത്പര്യം ആരോഗ്യസംരക്ഷണവും, വിശ്രമവുമാണെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. മധ്യകേരളത്തിൽ മുന്നാർ, തേക്കടി, ആതിരപള്ളി തുടങ്ങിയ ഇടങ്ങളാണ് അറബ് സ്വദേശികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങൾ. സ്വാഭാവികമായും ഗൾഫ് നാടുകളിൽ അനുഭവിക്കേണ്ടി വരുന്ന കനത്ത ചൂട് തന്നെയായിരിക്കണം ഇത്തരം കേന്ദ്രങ്ങളെ അവർ ഇഷ്ടപ്പെടാനുള്ള കാരണം. ശ്രീലങ്കയാണ് കേരളത്തിന് ഈ മേഖലയിൽ എതിരാളി. കുറേകൂടി ലോകനിലവാരത്തിലുള്ള സംവിധാനങ്ങളും, വൃത്തിയും ശ്രീലങ്കയുടെ പ്രത്യേകതയാണ്.
ഗൾഫ് മേഖലകളിൽ തന്നെ ഹോട്ടൽ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികൾ ഉണ്ട്. അവർ മുൻകൈയെടുത്താൽ ഇനിയും എത്രയോ അറബ് സ്വദേശികളെ നമുക്ക് കേരളത്തിൽ എത്തിക്കാൻ സാധിക്കും. എങ്കിൽ കേവലം വിനോദ സഞ്ചാരത്തിന് പുറമേ നൂറ്റാണ്ടുകൾക്ക് മുന്പ് കേരളവും അറേബ്യയും തമ്മിൽ നിലനിന്നിരുന്ന ഗാഢമായ ബന്ധത്തിന്റെ ആവർത്തനമാകും അത്. അങ്ങിനെ വന്നാൽ നമ്മുടെ നാടും വളരും, ഒപ്പം നമ്മുടെ സ്നേഹസൗഹാർദ്ദങ്ങളും!!