അമിതാബ് ബച്ചൻ എന്ന കാലം പറയുന്നത്...
അമിതാഭ് ബച്ചൻ എന്നാൽ എന്നെ സംബന്ധിച്ചോളം കേവലമൊരു നടൻ മാത്രമല്ല. അത് ഒരു കാലമാണ്, പാഠമാണ്. ആ വ്യക്തിത്വം എത്രയോ കോടി ജനങ്ങളെ ആകർഷിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തിന് സിനിമകൾ മാത്രമല്ല ആധാരം. മറിച്ച് കാലാകാലങ്ങളിൽ അദ്ദേഹം നമുക്ക് കാണിച്ചു തന്നിട്ടുള്ള ചില പ്രവർത്തികൾ കൂടിയാണ്. കഴിഞ്ഞ ദിവസം തന്റെ പേരമക്കൾക്ക് എന്ന രീതിയിൽ അദ്ദേഹം കുത്തികുറിച്ച ഒരു എഴുത്ത് ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. ആ കത്തിന്റെ പരിഭാഷയാണ് തോന്ന്യാക്ഷരത്തിൽ ഞാൻ നൽകുന്നത്. സ്ത്രീകളോട് സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പ് ഏറി വരുന്ന ഒരു ലോകത്ത് ഏറെ പ്രസക്തമാണ് ഈ വരികൾ.
ഏറ്റവും പ്രിയപ്പെട്ട നവ്യക്കും ആരാധ്യക്കും,
എനിക്കറിയില്ല, നിങ്ങൾ ഇതെപ്പോഴാണ് കാണുക എന്ന്. നിങ്ങൾ രണ്ടു പേരും മഹത്തായ ഒരു പാരന്പര്യത്തിന്റെ നേരവകാശികളാണ്. ഡോ ഹരിവംശ് റായി ബച്ചന്റെ പാരന്പര്യം ആരാധ്യ കൈയാളുന്പോൾ ശ്രീ എച്ച് പി നന്ദയുടെ പാരന്പര്യം നവ്യയിലും കുടികൊള്ളുന്നു. നിങ്ങളുടെ ഈ പ്രപിതാമഹൻമാർ ആണ് നിങ്ങൾക്കൊപ്പമുള്ള പേരും, പ്രശസ്തിയും ബഹുമാനവും ഒക്കെ സമ്മാനിച്ചിരിക്കുന്നത്. പക്ഷെ അതിൽ കൂടുതൽ മനസിലാക്കേണ്ട ഒരു കാര്യം നിങ്ങൾ പെൺകുട്ടികൾ കൂടിയാണ് എന്നതാണ്. സ്ത്രീയായത് കൊണ്ട് തന്നെ നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളുടെ ജീവിതകാലത്ത് അവരെ പോലെ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അവർ നിങ്ങൾക്ക് ചുറ്റും വേലികൾ കെട്ടിയേക്കാം. എങ്ങിനെ വസ്ത്രം ധരിക്കണമെന്നും, എങ്ങിനെ പെരുമാറണമെന്നും, ആരെ കാണണമെന്നും, എവിടെയൊക്കെ പോകണമെന്നും ഇടയ്ക്കിടെ ഇവർ നിങ്ങളെ ഓർമ്മിപ്പിച്ചേക്കാം.
ചുറ്റിലും ഉള്ള ആളുകൾ കോറിയിടുന്ന ഇത്തരം ചിന്തകളുടെ നിഴലിൽ നിങ്ങൾ ഒരിക്കലും ജീവിക്കരുത്. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾ തന്നെ നിങ്ങളുടെ ജീവിതവഴികൾ തെരഞ്ഞെടുക്കുക. നിങ്ങൾ ധരിക്കുന്ന സ്കർട്ടിന്റെ നീളം നിങ്ങളുടെ സ്വഭാവത്തെ അളക്കാനുള്ള അളവ് കോലാണെന്ന് തെറ്റിദ്ധരിക്കാൻ ആർക്കും തന്നെ അവസരം നൽകാതിരിക്കുക. നിങ്ങളുടെ സൗഹാർദ്ദങ്ങളിൽ ആരൊക്കെയുണ്ടാകണമെന്നത് മറ്റുള്ളവർ നിശ്ചയിക്കരുത്. വിവാഹം കഴിക്കാൻ വേണ്ടി കഴിക്കരുത്. ആ തീരുമാനത്തിൽ സ്വയം ഉറപ്പ് വന്നതിന് ശേഷം മാത്രം വിവാഹം കഴിക്കുക.
നിങ്ങളുടെ പ്രവൃത്തിക്കളെ പറ്റി ഈ ലോകത്തുള്ളവർ സംസാരിച്ചു കൊണ്ടിരിക്കും. ഭീകരമായ കാര്യങ്ങൾ നിങ്ങളെ പറ്റി പറഞ്ഞുപരത്തും. പക്ഷെ ഇതിന്റെ അർത്ഥം ആ പറയുന്നതൊക്കെ നിങ്ങൾ കേൾക്കണമെന്നല്ല. അതുകൊണ്ട് തന്നെ അത്തരം പ്രചരണങ്ങളെ തീരെ ഭയക്കാതിരിക്കുക. അവർ പറഞ്ഞോട്ടെ. എല്ലാത്തിനും ഒടുവിൽ നിങ്ങളുടെ ജീവിത്തിൽ എന്ത് തന്നെ സംഭവിച്ചാലും അത് നേരിടേണ്ടത് നിങ്ങൾ തനിച്ചായിരിക്കും. അതു കൊണ്ട് തന്നെ എല്ലാ തീരുമാനങ്ങളും നിങ്ങളുടേത് മാത്രമായിരിക്കട്ടെ.
നവ്യ, നിന്റെ പേരിനൊപ്പമുള്ള അപ്പൂപ്പന്റെ പേരോ മറ്റ് പാരന്പര്യമോ സ്ത്രീ എന്ന രീതിയിൽ ജീവിക്കുന്പോൾ എപ്പോഴും നിന്നെ സഹായിക്കണമെന്നില്ല. ആരാധ്യ, ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിനക്ക് മനസിലാകുന്പോഴേക്കും ചിലപ്പോൾ ഈ ലോകം വിട്ട് ഞാൻ പോയികഴിഞ്ഞിട്ടുണ്ടാകും. പക്ഷെ പറയുന്ന ഈ കാര്യങ്ങൾ അന്ന് നിനക്ക് ഉപകാരപ്പെടുമെന്നത് എനിക്കുറപ്പാണ്.
സ്വന്തം അതിർത്തികൾ നിർണ്ണയിക്കാനും, സ്വന്തം അഭിരുചികളെ മനസ്സിലാക്കാനും, ജനങ്ങളുടെ വിശ്വാസങ്ങൾക്കപ്പുറത്ത് എത്തുവാനും ഒക്കെ ഇന്നത്തെ കാലത്ത് വിഷമമാണ്. പക്ഷെ നിങ്ങൾക്ക് അത് സാധിക്കും. ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും മാതൃകയാവാൻ സാധിക്കും. അങ്ങിനെ ചെയ്യുകയാണെങ്കിൽ എന്റെ ജീവിതകാലത്ത് ഞാൻ ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് തീർച്ചയായും ചെയ്യാം. അങ്ങിനെയെങ്കിൽ അമിതാഭ് ബച്ചൻ എന്നതിനേക്കാൾ എന്റെ അഭിമാനം വർദ്ധിപ്പിക്കുന്നത് നിങ്ങളുടെ അപ്പൂപ്പൻ എന്ന പേരിൽ അറിയപ്പെടുന്പോഴായിരിക്കും.
ഏറെ സ്നേഹത്തോടെ
നിങ്ങളുടെ അപ്പൂപ്പൻ.