പൂക്കളങ്ങൾ ഉണ്ടാകട്ടെ മനസ്സിലും, മണ്ണിലും...പ്രദീപ് പുറവങ്കര
അങ്ങിനെ ഓണം പിറന്നു. തൃക്കാക്കരയപ്പൻ ഉണർന്നു. ഇനിയുള്ള പത്ത് നാളുകൾ മലയാളികൾക്ക്് മഹോത്സവം. കാണം വിറ്റെങ്കിലും ഓണമുണ്ണാനുള്ള നെട്ടോട്ടം. ഓരോ ഓണം വരുന്പോഴും നമ്മുടെ വിപണി സജീവമാകും. ഉപ്പ് മുതൽ കർപ്പൂരം വരെ ഓഫറുകളാൽ നിറയും. എന്തും ഏതും വാങ്ങിക്കാൻ വിലക്കുറവിന്റെ പെരുമഴക്കാലം. പത്താം നാൾ സ്വന്തക്കാർക്കൊപ്പം ഒന്നിച്ചിരുന്നൊരു ഓണം. അന്ന് വൈകീട്ട് ബീവറജേസിന്റെ പടിവാതിൽക്കൽ ഓണത്തല്ല്. പ്രവാസലോകത്താണെങ്കിൽ ഇനി നാല് മാസത്തേയ്ക്കുള്ള ഓണാഘോഷങ്ങളുടെ അരങ്ങേറ്റം. ഓരോ ചടങ്ങും ഗൃഹാതുരമായ ഓർമ്മകളുടെ വെള്ളച്ചാട്ടമാകും. കുടവയറൻമാർക്ക് കീരിടം വെക്കാൻ പറ്റുന്ന നേരം. ഓരോ വെള്ളിയാഴ്ച്ചയും ഒരേ തരത്തിലുള്ള ഓർമ്മ പ്രസംഗങ്ങൾ തന്നെ വീണ്ടും വീണ്ടും വാരികോരി നൽകി വിഐപികളുടെ ഏന്പക്കം വിടൽ. പൂക്കളങ്ങളും, പേപ്പർ കളങ്ങളും, പൊടിക്കളങ്ങളും കണ്ണിനും കീശയ്ക്കും ഒരു പോലെ ഭാരമേറ്റുന്ന കാലം. ഇങ്ങിനെ ഓണം എന്നത് നമ്മൾ മലയാളികൾക്കൊക്കെ ഓരോ വിധത്തിലാണ്.
ജീവിതം അതിന്റെ നേർവരയിട്ട് നമ്മെ കെട്ടിവലിച്ചു കൊണ്ടുപോകുന്പോൾ ഇടയ്ക്ക് ഒന്ന് മാറി നടക്കാൻ ഈ ആഘോഷങ്ങൾ സഹായിക്കുന്നു. കലണ്ടറിന്റെ താളുകളിൽ ചുകന്ന അക്കങ്ങൾ ഏറ്റവും അധികം തെളിയുന്ന മാസം കൂടിയാണ് മലയാളിക്ക് ഈ സപ്തംബർ. കൂടുന്പോൾ ഇന്പമേറുന്ന ഇടങ്ങളിലേയ്ക്ക് ചുരുണ്ടുകൂടാനും ഈ അവധിദിനങ്ങൾ നമ്മളിൽ പലരെയും സഹായിക്കുമെന്ന് ഉറപ്പ്. ഇത്തവണ ഗൾഫ് നാടുകളിൽ ചൂട് കൂടിയിട്ടും മുന്പത്തേത് പോലെ പ്രവാസികൾ നാട്ടിലേയക്ക്് വന്നില്ലെന്ന് വിമാന ടിക്കറ്റുകളുടെ വിലകുറവ് വ്യക്തമാക്കുന്നു. അവിടെയുള്ള കസേര വിട്ട് വന്നാൽ ഉള്ള ജോലി പോകുമെന്ന ഭയമാണോ കാരണം എന്നറിയില്ല. അതോ നാട്ടിൽ ഇനിയെന്ത് കാണാൻ എന്ന ചിന്തയാകുമോ കാരണം.
ഓണം എന്ന ഉത്സവം ഇന്ന് മലയാളികൾ മാത്രമല്ല ആഘോഷിക്കുന്നത്. അതൊരു ഗ്ലോബൽ ആഘോഷമായി മാറിയിട്ട് നാളേറെയായിരിക്കുന്നു. അറബികളും, ഇംഗ്ലീഷുകാരും എന്തിന് ചൈനക്കാർ വരെ നമ്മോട് ഹാപ്പി ഓണം പറയാറുണ്ട്. ലോകത്തെവിടെ പോയാലും ഒരു മലയാളിയുണ്ടെന്ന ക്ലീഷെ ഡയലോഗിനൊപ്പം ഓണമാഘോഷിക്കാൻ അവന്റെ കൈയിൽ അൽപ്പം കായ വറുത്തതും ഉണ്ടാകുമെന്നും നമ്മൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ക്രിസ്തമസ് പോലെ, പെരുന്നാൾ പോലെ, ലോകം ആഘോഷിക്കുന്ന ഉത്സവങ്ങളിൽ നമ്മുടെ ഈ ഓണവും പെടുന്പോൾ ഓരോ മലയാളിക്കും അതിൽ തീർച്ചയായും അഭിമാനിക്കാം, ആഹ്ലാദിക്കാം.
പക്ഷെ അതേ സമയം ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്ന രീതിയിൽ ഈ ഉത്സവത്തിനിടയിലും കാലുഷ്യത്തിന്റെ വിഷം പുരട്ടാൻ ശ്രമിക്കുന്നവർ ഇന്ന് നമ്മുടെ ഇടയിൽ ഏറെയാണ്. ഓണം എന്നാൽ ഞങ്ങളുടെ മാത്രം ആഘോഷമാണെന്ന് പറയുന്നവരും, ഓണസദ്യ കഴിച്ചാൽ സ്വർഗത്തിൽ പോകാൻ പറ്റില്ലെന്ന് പറയുന്നവരും നമ്മുടെ ഇടയിൽ വർദ്ധിച്ചിരിക്കുന്നു. ബിരിയാണിയിലും, ഓണസദ്യയിലും വരെ മതത്തെയും ജാതിയെയും കാണുന്ന ഇത്തരം വിഷപദാർത്ഥങ്ങളെ നമ്മുടെ തീൻമേശയിൽ നിന്ന് കഴുകി ദൂരേയ്ക്ക് എടുത്ത് കളയേണ്ട കാലം കൂടിയാണ് ഓരോ ഓണക്കാലവും എന്ന് ഓർമ്മിപ്പിക്കട്ടെ.
ജീവിതവറുതിക്കിടയിലും വീണുകിട്ടുന്ന നല്ല നേരമാണ് ഓണം പോലെയുള്ള ഉത്സവങ്ങൾ. നമ്മുടെ ദുഖങ്ങൾക്ക് അവധി കൊടുക്കാൻ, ഒരൽപ്പം പൊട്ടിചിരിക്കാൻ, പരസ്പരം തൊട്ടിരിക്കാൻ, സ്നേഹത്തോടെ ആശ്ലേഷിക്കാൻ, രുചികളെ അനുഭവിക്കാൻ, പാരന്പര്യത്തെ ഓർക്കാൻ, വന്ന വഴികളിലൂടെ തിരിച്ചു നടക്കാൻ, തൊട്ടനുഗ്രഹിച്ചവരുടെ സാമീപ്യമറിയാൻ, അടുത്ത തലമുറയുടെ തലയിൽ കൈ വെച്ചനുഗ്രഹിക്കാൻ ഒക്കെ സാധിക്കേണ്ട മനോഹരമായ സമയമാണത്. ആ നേരത്ത് നമ്മുടെ ഉള്ളിൽ നിറയേണ്ടത് ഒരായിരം നല്ല സ്വപ്നങ്ങളും, കിനാവുകളുമാണ്. എല്ലാ പ്രിയ വായനക്കാർക്കും, സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ ഓണക്കാലം ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു. മനസ്സിലും ചിന്തകളിലും സുഗന്ധം പടർത്തുന്ന നല്ല പൂക്കളങ്ങൾ ഉണ്ടാകട്ടെ !!