പണിമുടക്ക് അഥവാ മധുര മനോജ്ഞ ദിനം...

ഹർത്താൽ, പണിമുടക്ക്, ബന്ദ് ഇങ്ങിനെ എന്തൊക്കെ മഹത്തായ ആചാരങ്ങളാണ് നമ്മുടെ നാട്ടിൽ. ഇതൊക്കെ എന്ന് അവസാനിക്കും? ചോദ്യത്തിന് ഉത്തരമായി സുഹൃത്ത് ഫോണിൽ പറഞ്ഞു തുടങ്ങി.
അല്ല ഭായി ഇതൊന്നുമില്ലെങ്കിൽ ഇന്ത്യാ മഹാരാജ്യത്തെ ആ പേരിൽ വിളിക്കാൻ പറ്റുമോ. ഇതൊക്കെയല്ലെ ഈ നാടിന്റെ രസം. മാത്രമല്ല, ഇതിപ്പോ എത്ര കാലത്തിന് ശേഷമാ ഒരു പണിമുടക്ക് നടക്കുന്നത്. ഇത്രയും കാലം അവരും ക്ഷമിച്ചില്ലെ. നമുക്കൊന്ന് സഹകരിച്ചു കൊടുത്തേക്കാം. അതല്ലെ അതിന്റെ ഒരു ശരി. എല്ലാവരും പറയും ഈ പണിമുടക്കൊക്കെ ഭയങ്കര തെറ്റാണെന്ന്. എന്നാൽ ഒരു കാര്യമറിയോ. ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും ജോലി ചെയ്തെങ്കിൽ മാത്രമേ രണ്ടറ്റവും ഒന്നു കൂട്ടിമുട്ടൂ. അതിന് വേണ്ടി എന്നും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോയി പകലന്തിയോളം അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് വീട്ടിൽ മടങ്ങി വരുന്നവർക്ക് സ്വന്തം മക്കളെകാണാൻ പോലും സമയം കിട്ടുന്നില്ല. അവരൊക്കെ ബൂർഷാ കോർപ്പറേറ്റ് വലയിൽ പെട്ടു കിടക്കുകയല്ലെ. അത്തരം മനുഷ്യർക്ക് ഇങ്ങിനെയുള്ള പണിമുടക്ക് നൽകുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. ഒരു ദിവസമെങ്കിൽ ഒരു ദിവസം. മക്കൾക്കൊപ്പം വീട്ടിൽ സ്വൈര്യമായി സൊറ പറഞ്‍ഞിരുന്ന്, തലേ ദിവസം വാങ്ങി കൊണ്ടുവരുന്ന ഒരൽപ്പം നോൺ വെജൊക്കെ വറുത്ത് കറിവെച്ച്, ബീവറേജസിന്റെ വലിയ ക്യൂവിൽ കാത്ത് നിന്ന് വാങ്ങിയതൊക്കെ അൽപ്പാൽപമായി നുണഞ്ഞ് ചാനലുകളിൽ വരുന്ന പണിമുടക്ക് സ്പെഷ്യൽ സിനിമകളും കണ്ട് സുഖസുന്ദരമായ ജീവിതം നയിക്കുന്ന മധുരമനോജ്ഞമായ ഒരു ദിനമാണ് ഭായി നമ്മുടെ നാട്ടിൽ മിക്കവർക്കും ഈ പണിമുടക്കും, ഹർത്താലും, ബന്ദുമൊക്കെ. ഇതൊക്കെ തിരിച്ചറിയണമെങ്കിൽ സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം, അതുമല്ലെങ്കിൽ കുറഞ്ഞത് ഇന്ത്യയെന്തെന്നറിയണം.
അതൊക്കെ ശരിയായിരിക്കാം. എന്നാലും ഈ പണിയെടുക്കാൻ താത്പര്യമുള്ളവരെ പോലും വഴി തടയുന്നത് ശരിയാണോ. അവരുടെ കഞ്ഞിയിൽ എന്തിനാ നമ്മൾ പാറ്റയെ കൊണ്ടിടുന്നത്. എന്റെ സംശയം വീണ്ടും ഉയർന്നുവന്നു.
അത് കരിങ്കാലി പണിയല്ലെ. എങ്ങിനെയാ സമ്മതിച്ചു കൊടുക്കുക. പിന്നെ ഒരാളെ പണിയെടുക്കാൻ സമ്മതിച്ചാൽ പണിയെടുക്കാൻ താത്പര്യമില്ലാത്തവർ പോലും പണിയെടുക്കാൻ നിർബന്ധിതരാവില്ലെ. കോർപ്പറേറ്റ് മൂരാച്ചികൾ ഇതൊരുവസരമാക്കി മാറ്റില്ലെ. മാത്രമല്ല അത് പക്ഷഭേദവുമാകും. ഒരു പന്തിയിൽ രണ്ടൂണ് ഒരിക്കലും നല്ലതല്ല. ഒരു ദിവസം പണിയെടുക്കാത്തതിന്റെ സുഖം എല്ലാ തരം ജനങ്ങളും ഒന്ന് മനസ്സിലാക്കണ്ടേ.
പക്ഷെ ഇത് കൊണ്ട് രാജ്യത്തിനുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം ആര് സഹിക്കും. എല്ലാം ഈ പാവം ജനം തന്നെ വേണ്ടേ ഒടുവിൽ സഹിക്കാൻ?
ഓ അതിന് ഇപ്പോൾ എന്താ. അല്ലെങ്കിലും നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം കിട്ടിയത് മുതൽ നമ്മൾ ജനങ്ങൾ എന്തൊക്കെ സഹിക്കുന്നു.
ഇപ്പോൾ അതൊക്കെ ഒരു ശീലമായില്ലെ. പിന്നെ പണിമുടക്കാത്തത്് കൊണ്ട് നമ്മുടെ സർക്കാർ കടം വാങ്ങുന്നതൊന്നും സമീപകാലത്ത് നിർത്താനൊന്നും പോകുന്നില്ലല്ലോ. പിന്നെന്താ പ്രശ്നം.
അല്ല ഭായി പക്ഷെ ഒരു സംശയം. കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ പണിമുടക്കിൽ ഇതേ യൂണിയനുകൾ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നടന്നോ. അതോ ഇത്തവണയും അതൊക്കെ തന്നെയാണോ ആവശ്യങ്ങൾ.
സുഹൃത്തെ ആവശ്യങ്ങൾ നടപ്പിലാക്കാൻ മാത്രമല്ല സമരങ്ങൾ. താങ്കൾ ജനീകയ വിപ്ലവത്തെ പറ്റി ശരിയായ രീതിയിൽ പഠിച്ചിട്ടില്ല. അതാണ് ഇങ്ങിനെയുള്ള ചോദ്യങ്ങൾ ചോദിച്ചുപോകുന്നത്. നമ്മുടെ ആവശ്യങ്ങൾ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഉച്ചത്തോടെ വിളിച്ച് പറയുക എന്നതാണ് തൊഴിലാളി സംഘടനകളുടെയും ഇത്തരം പണിമുടുക്ക് സമരങ്ങൾ സംഘടിപ്പിക്കുന്നവരുടെയും ഉത്തരവാദിത്വം. കർമ്മണ്യേ വാധികാരസ്ഥേ എന്നാണല്ലോ. നമ്മൾ നമ്മുടെ കർമ്മം ചെയ്യുക, ബാക്കിയൊക്കെ ഭരിക്കുന്നവർക്ക് വിട്ടു കൊടുക്കുക.
ശരി, അപ്പോൾ ഒറ്റ ചോദ്യം കൂടി. നമ്മുടെ നാട് വിട്ട് പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്പോൾ ഇത്തരം പണിമുടക്കിലൊന്നും എന്തേ ആർക്കും താത്പര്യം വരാത്തത്. അവിടെ തൊഴിൽ ചൂഷണമൊന്നുമില്ലെ.
ഡേയ് ഡേയ്.. നീ വെറുതെ ഓരോന്നു പറഞ്ഞു എന്നെ ടെൻഷനടിപ്പിക്കല്ലെ. വൈകീട്ടെന്താ പരിപാടീന്ന് പറ... ഞാൻ അങ്ങോട്ട് വരണോ.. അതോ നീ ഇങ്ങോട്ട് വരുമോ... ഏതായാലും ഞാൻ ഡബിൾ ഒക്കെ. അപ്പോഴേയ്ക്കും പണിമുടക്കിന് ഒരു ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിടട്ടെ.. നീയും ലൈക്കടിക്കാൻ മറക്കേണ്ട.. പറ്റുമെങ്കിൽ ഒരു ഷെയറും...