അത്ര സോഷ്യൽ അല്ലാത്തത് ... പ്രദീപ് പുറവങ്കര


സോഷ്യൽ മീഡിയയിൽ പ്രബുദ്ധരായ മിക്ക മലയാളികളും ഇന്ന് ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട ‘ഒന്പത്’ കാര്യങ്ങൾ: 

1. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണ്ട കാര്യമുണ്ടോ?   

2. സർക്കാർ ഓഫീസിൽ ഓണത്തിന് പൂക്കളം ഇട്ടാൽ എന്താ പ്രശ്നം?  

3. ഗവൺമെന്റ് ചടങ്ങുകളിൽ നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം നടത്തണോ?  

4. ഒഡീഷയിലെ മാജിക്ക് സംഭവിച്ച കാര്യങ്ങൾ രാജ്യത്തെ ഇകഴ്ത്തി കാണിക്കാനുള്ള ഗൂഢാലോചനയല്ലേ?  

5. തെരുവ് പട്ടികളെ കൊല്ലണോ, വന്ധ്യംകരിക്കണോ, അതോ വെറുതെ വിടണോ?

6. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് കാരണക്കാർ കമ്മ്യൂണിസ്റ്റുകാരാണോ, അതോ ആർ.എസ്.എസാണോ? 

7.അഫ്ഗാനിസ്ഥിലേയ്ക്ക് പോയവർ വിശ്വാസികളാണോ, രാജ്യദ്രോഹികളാണോ, തീവ്രവാദികളാണോ? 

8. ബോബി ചെമ്മണൂരിന്റേതെന്ന് പറയപ്പെടുന്ന വീഡിയോ
ക്ലിപ്പിങ്ങുകൾ ഏഷ്യാനെറ്റിന് കാണിച്ചാലെന്താ? 

9. പെണ്ണുങ്ങളെ തുറിച്ച് നോക്കുന്നത് സൗന്ദര്യാരാധനയുടെ ഭാഗമല്ലെ. അതിനും ശിക്ഷയോ ?   

അത്ര സോഷ്യൽ അല്ലാത്ത പാവം മലയാളിയുടെ ദൈനംദിന ജീവിതത്തിൽ അടിയന്തര ചർച്ച വേണ്ടുന്ന ഒന്പത് കാര്യങ്ങൾ 

1. മലയാളിയുടെ മഹോത്സവം എന്നൊക്കെ കെട്ടിഘോഷിക്കുന്ന തിരുവോണം അടുക്കാറായിരിക്കുന്നു. പച്ചക്കറിക്ക് മുതൽ പലവ്യഞ്ജനം വരെ അടുക്കാൻ സാധിക്കാത്ത രീതിയിൽ വില വർദ്ധിച്ചിരിക്കുന്നു. ന്യായ വില ഷോപ്പുകൾ അൽപ്പമെങ്കിൽ തുറന്നുനൽകാൻ സാധിക്കുമോ. എങ്ങിനെയാണ് മലയാളി കാണം വിൽക്കാതെ ഓണം ഉണ്ണുക? 

2. നാടും നഗരവും എന്ന വ്യത്യാസമില്ലാതെ ചിങ്ങമെത്തിയിട്ടും മഴ ചാറി പെയ്യുന്നു. മാലിന്യങ്ങൾ എവിടെ ഇടണമെന്നറിയാതെജനം ആരും കാണാതെ അത് റോഡിലേയ്ക്ക് വലിച്ചെറിയുന്നു. മഴ പെയ്ത്തിൽ ഒലിച്ച് എല്ലായിടത്തും അവ എത്തി ചേരുന്നു. തെരുവ് പട്ടികൾക്ക് ആഘോഷമായി ഇത്തരം മാലിന്യകൂന്പാരങ്ങൾ മാറുന്നു. മാലിന്യത്തിൽ നിന്ന് വേണ്ടത് പട്ടികൾക്ക് കിട്ടിയില്ലെങ്കിൽ മാംസത്തിനായി മനുഷ്യനെ പിടിച്ചു കടിക്കുന്നു. എന്നാണ് ഇതിന് ഒരു പരിഹാരം ലഭിക്കുക ?  

3. മഴപെയ്ത്ത് നിൽക്കാത്തത് കൊണ്ടായിരിക്കാം മഞ്ഞപിത്തം മുതൽ എല്ലാ പകർച്ച വ്യാധികളും നാട്ടിൽ പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ ആരോഗ്യകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ല എന്ന മുറവിളി എന്നാണ് അവസാനിക്കുക ?   

4. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളിൽ മുഴുവൻ മായമാണ്. വ്യാജ കറിപൗഡറുകൾ മുതൽ വ്യാജ മദ്യം വരെ സുലഭമായി എവിടെയും ലഭ്യം. ആരാണ് പാവം ജനത്തിന് ഒറിജിനലിനെ തിരികെ തരിക. ആരാണ് വ്യാജന്മ‍ാരെ പിടികൂടുക. എങ്ങിനെയാണ് വിശ്വസിച്ച് എന്തെങ്കിലും കഴിക്കുക. കാൻസർ വന്ന് മരിച്ച് വീഴാനാണോ മലയാളിയുടെ യോഗം ? 

5. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ കഞ്ചാവ് മുതൽ സകല ലഹരികൾക്കും അടിമപ്പെടുകയാണ്. ഏത് പെട്ടികടയിലും ഇന്ന് സാധനം കിട്ടും. ഋഷിരാജ് സിങ്ങ് മീശ പിരിച്ചാൽ മാത്രം ഇതൊക്കെ ഇല്ലാതാകുമോ. എന്താണ് ഇതിന്റെ ശാശ്വത പരിഹാരം? 

6. ഗൾഫ് പ്രവാസികൾ പലരും നാട്ടിലേയ്ക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്നു. ഇവിടെ വന്നാൽ എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല. നാടിന്റെ സന്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഗൾഫുകാരന് ഒരു ആപത്ത് വരുന്പോൾ എങ്ങിനെയാണ് കേരളം അതിനെ നേരിടാൻ പോകുന്നത് ?

7. കൊച്ചുകുട്ടികളെ തട്ടികൊണ്ടുപോകുന്ന മാഫിയകൾ മുതൽ അവയവങ്ങളുടെ വിൽപ്പന നടത്തുന്ന മാഫിയകൾ വരെ നമ്മുടെ നാട്ടിൽ സജീവം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതിൽ മിക്കതും നടക്കുന്നത്. തെളിവുകൾ നൽകിയാൽ പോലും ഒരു നടപടിയും എടുക്കാൻ സാധിക്കുന്നില്ല. എന്തെ ഈ അവസ്ഥ മാറാത്തത്? 

8. നൂറ്റാണ്ടുകളായി കേരളത്തെ വിരുന്നൂട്ടുന്ന ചാള മത്സ്യം ഇന്ന് കിട്ടാനില്ല. ഇത് കാരണം കേരളത്തിലെ തീരപ്രദേശങ്ങളിലെ വലിയൊരു സമൂഹം ഭീമമായ കടക്കെണിയിൽ പെട്ടിരിക്കുകയാണ്. കൂട്ട ആത്മഹത്യകൾ ഈ മേഖലയിൽ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. എന്താകണം ഇതിനൊരു പരിഹാരം? 

9. സൂര്യൻ അസ്തമിച്ചാൽ ഒരു പെൺകുട്ടിക്ക് തനിയെ പുറത്തിറങ്ങി നടക്കാൻ സാധിക്കുന്ന സംസ്ഥാനമായി കേരളം എന്നാണ് മാറുക. വഴിയിൽ പട്ടി മുതൽ മനുഷ്യൻ വരെ അവളെ ചാടികടിക്കില്ലെന്ന് എപ്പോഴാണ് ഉറപ്പോടെ പറയാൻ സാധിക്കുക?

You might also like

Most Viewed