പരിധിക്കപ്പുറത്തേയ്ക്ക്...പ്രദീപ് പുറവങ്കര
ഞാൻ ജീവിക്കുന്നത് എന്തിന് വേണ്ടിയാണ്? ഈ ചോദ്യം പല തവണ നിങ്ങളും സ്വയം ചോദിച്ചു കാണും. മിക്കവരും ജീവിക്കുന്നത് ആനന്ദത്തിന് വേണ്ടിയാണെന്ന് പറയാറുണ്ട്. എന്താണ് ആനന്ദം എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ രീതിയിലാണ് ആനന്ദം. ഒരാൾക്ക് അന്യനെ സഹായിക്കുന്നത് ആനന്ദം നൽകുമെങ്കിൽ മറ്റൊരാൾക്ക് ഒരാളെ ദ്രോഹിക്കുന്നതായിരിക്കാം ആനന്ദത്തിന്റെ മാർഗ്ഗം. ജീവിതത്തിൽ സ്ഥായിയായ ആനന്ദത്തിന് സംസാരം,
ചിന്തകൾ, സ്വന്തം ശരീരത്തോടുള്ള ദ്രോഹം എന്നീ കാര്യങ്ങളെ ശ്രദ്ധിച്ചാൽ മതിയെന്ന് ശ്രീ ബുദ്ധൻ പറഞ്ഞതും ഇതോടൊപ്പം ഓർക്കുന്നു.
കടുത്ത പ്രതിസന്ധിയെ നേരിടുന്ന കാലഘട്ടമാണിതെന്ന് കരുതപ്പെടാതിരുന്ന ഒരു കാലവും മനുഷ്യചരിത്രത്തിൽ ഇതുവരെയായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നത്തെ കാലത്ത് നമ്മളിൽ മിക്കവരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം സാമുദായികമായ ചേരിതിരിവുകൾ സൃഷ്ടിച്ച് യുദ്ധസന്നദ്ധരായി പരസ്പരം എവിടെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന അൽപ്പം ചില ആളുകളാണ്. ഇവരുടെ മുഖങ്ങളിൽ ആദ്യം പറഞ്ഞ ആനന്ദത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ തെളിഞ്ഞു വരും. ഇവർ പരസ്പരം ദ്രോഹിക്കുന്പോൾ ലഭിക്കുന്ന ആനന്ദമാണ് നമ്മുടെയിടയിൽ വർഗീയത വളർത്തുന്നത്. എതിർചേരിയിൽ നമുക്കെതിരെ വളരെ വൃത്തിക്കെട്ട രീതിയിലുള്ള ഗൂഢാലോചനകൾ നട
ക്കുന്നുവെന്ന് സങ്കൽപ്പിച്ച് ഇരുകൂട്ടരും ഒരു പോലെ ഭയപ്പെടുന്നു. സ്വ
ന്തക്കാരെ നമ്മൾ എന്ന് ഏറെ ആഹ്ലാദത്തോടെ വിശേഷിപ്പിച്ചും ശത്രുക്കളായി സങ്കൽപ്പിച്ച് വെറുക്കുന്നവരെ അവരെന്ന് പറഞ്ഞ് അകലത്ത് മാറ്റി നിർത്തിയും ചുറ്റുമുള്ള പാവം മനുഷ്യരെ തീ തീറ്റിച്ച് തങ്ങളുടെ ജീവിതം ആനന്ദതുല്യമാണെന്ന് ഇവർ വരുത്തി തീർക്കുന്നു.
എല്ലാം കൈയടക്കി വെക്കാനും, എല്ലാത്തിലും ആധിപത്യം ചെലുത്താനുമുള്ള മൃഗീയവും പ്രാകൃതികവുമായ വാസനകൾ ഉള്ളവർക്ക് മാത്രമേ ഇത്തരം ഇടപ്പെടലുകൾ നടത്താൻ സാധിക്കൂ എന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഞാനാണ് കേമൻ, ഞാനാണ് ശരിയെന്നുമൊക്കെ ഇവർ ഇടയ്ക്കിടെ പൊതുസമൂഹത്തിന് മുന്പിൽ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. ഇവരുടെ സമ്മർദ്ദങ്ങളുടെ ഫലമായി ഇന്ന് നമ്മുടെ ചർച്ചകളൊക്കെ കളം തിരിച്ചാണ് നടക്കുന്നത്. പാവപ്പെ
ട്ടവൻ, ദളിതൻ, പണക്കാരൻ, മധ്യവർത്തി സമൂഹം, ഒരു പ്രത്യേക മതം, ഒരു പ്രത്യേക ജാതി, ഒരു പ്രത്യേക രാഷ്ട്രീയം എന്നിങ്ങിനെ നിരവധി കളങ്ങളുണ്ട്. ഈ കളങ്ങൾ തമ്മിൽ ബന്ധപ്പെടാൻ പാലങ്ങളില്ല. മറിച്ച് കൂറ്റൻ മതിലുകൾ മാത്രമേ ഉള്ളൂ. മനുഷ്യൻ എന്നൊരു വി
ഭാഗത്തെ പറ്റി ചർച്ചകളിൽ ആരും ഒന്നുമേ പറയാറില്ല. അവന്റെ കണ്ണുനീരിന്റെ ഉപ്പ് രസം അതു കൊണ്ട് തന്നെ ആരുമറിയാതെ പോകുന്നു. ആനന്ദവും ദുഃഖവും തന്റെ മാത്രം കളത്തിനുള്ളിലേയ്ക്ക് മാത്രമായി ചുരുങ്ങുന്നു.
ഇന്ന് നമ്മളൊക്കെ അക്കങ്ങളുടെ വലയിൽ പെട്ടവരാണ്. എത്ര എന്ന ചോദ്യമാണ് പരസ്പരം കാണുന്പോഴും പങ്കിടുന്നത്. എത്ര ശന്പളം, എത്ര മക്കൾ, എത്ര വീടുകൾ, എത്ര കാറുകൾ എന്നിങ്ങിനെ പോകുന്നു നമ്മുടെ സ്നേഹാന്വേഷണങ്ങൾ പോലും. അക്കങ്ങൾ കൂടുന്പോൾ സ്നേഹവും ആദരവും വർദ്ധിക്കുന്നു. അക്ഷരങ്ങളിൽ നിന്ന് അക്കങ്ങളിലേയ്ക്ക് ഊർന്നിറങ്ങുന്പോൾ എന്ത്, എന്തിന് എന്നീ ചോദ്യങ്ങളെ പോലും നമ്മൾ മറന്നുപോകുന്നു. ഒടുവിൽ എത്ര കിട്ടിയാലും മതിവരാതെ കേവലം സന്പത്ത് മാത്രം കൈയിലുള്ള ദരിദ്രന്മാരായി നമ്മൾ ഓരോരുത്തരും അവസാനിക്കുന്നു.
എന്നെങ്കിലുമൊരിക്കൽ ഇതൊക്കെ മാറും. കാരണം ഓരോ കാലഘട്ടത്തിലെയും പ്രതിസന്ധികളെ തരണം ചെയ്ത്, കളങ്ങളെ വെട്ടിമുറിച്ചു കൊണ്ട് മനുഷ്യൻ ശക്തമായി തന്നെ തിരിച്ച് വന്നിട്ടുണ്ട്. അവന്റെ സങ്കടങ്ങളെ പരസ്പരം പറഞ്ഞ് ആശ്വാസം കണ്ടെത്താനും, അവന്റെ സന്തോഷങ്ങളെ പങ്കിട്ട് അത് ഇരട്ടിപ്പിക്കാനും, സ്നേഹിക്കാനും, കാരുണ്യത്തോടെ സംസാരിക്കാനും അവന് സാധിക്കുക തന്നെ ചെയ്യും. അത്തരമൊരു ദിനം വരുന്നത് വരേയ്ക്കും ഒരു കട്ടൻ ചായയും കുടിച്ച് നമുക്കൊരുവശത്തിരിക്കാം...പറ്റുമെങ്കിൽ ഒരു പാട്ടും മൂളാം...
ഒരു സൂഫി കഥ ഓർക്കട്ടെ. അതിസന്പന്നനായ ഒരു മനുഷ്യൻ ഒരിക്കൽ ഒരു സൂഫിഗുരുവിനെ തേടി വന്നു. ഗുരുവിന്റെ പ്രഭാവലയത്തിൽ ആകൃഷ്ടനായ അദ്ദേഹം ഗുരുവിന്റെ സംരഭങ്ങൾക്ക് എത്ര സംഭാവനകൾ വേണമെങ്കിലും തരാൻ തയ്യാറാണെന്ന് അറിയിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്പന്നനാണ് താനെന്നും, എത്ര വേണമെങ്കിലും സംഭാവന തരമെന്നുമുള്ള അദ്ദേഹത്തിന്റെ വാഗ്ധാനം കേട്ട ഗുരു പറഞ്ഞ മറുപടി ഏറെ ചിന്തിപ്പിക്കുന്നതാണ്. അതിങ്ങിനെയാണ്. “എനിക്ക് പരിധിയൊന്നുമില്ല, താങ്കളുടെ പരിധിക്കനുസരിച്ച് താങ്കൾ തരിക”. !! മനുഷ്യത്വത്തിന് പരിധി നിശ്ചയിക്കാത്ത ഒരു നല്ല കാലത്തെ സ്വപ്നം കണ്ടുകൊണ്ട് നിർത്തുന്നു.