നമുക്ക് പറക്കാം ശൂന്യാകാശത്തേയ്ക്ക് ...
ഒരു കൈക്കോട്ട് മണ്ണുകോരി കുഴിയിലിട്ടതും ഗോപാലിനെകൂടി ചേർത്ത് മൊബൈലിൽ ഒരു സെൽഫിക്ക് പോസ് ചെയ്തുകൊണ്ട് സിനാൻ ചോദിച്ചു. “ഭായി... ഭായിക്കെത്ര മക്കളാ?”.. “ഒരു മോള്..” “എന്താ പേര്” “ബസ്മതി”. “നിക്കാഹ് കയിഞ്ഞാ” “ഇല്ല”. അത് കേട്ടതും മൊബൈൽ എടുത്ത് പോക്കറ്റിലിട്ടുകൊണ്ട് സിനാൻ പ്രതീക്ഷയോടെ ഗോപാൽ യാദവിനെ നോക്കി. “പഠിക്ക്യാണോ.. “അല്ല “പിന്നെ..?” “മരിച്ചു.. “മരിച്ചോ...?” വലിയൊരാഘാതമൊന്നുമുണ്ടാക്കിയില്ലെങ്കിലും അങ്ങിനെയൊരുത്തരം സിനാനെ ലേശം തളർത്തി. “എങ്ങിനെ”.. അവൻ ചോദിച്ചു. “വിശന്നിട്ട്...” ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്ക് മേൽ കൊത്തിയിട്ടു. പിന്നെകുറേ ശ്വാസം ഉള്ളിലോട്ട് വലിച്ചിട്ടു. പ്രശസ്ത എഴുത്തുക്കാരൻ ശ്രീസന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയതും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ ബിരിയാണി എന്ന കഥയിലെ അവസാന ഭാഗമാണിത്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള റോഡുകളുടെ ഇരുവശവും ഉച്ചനേരത്ത് കാണാൻ പറ്റുന്ന ഒരു ദൃശ്യമുണ്ട്. ഒരു ഭാഗത്ത് മീൽസ് റെഡിയെന്നും, മറുഭാഗത്ത് ഹോട്ടൽ എന്നുമുള്ള ചൂണ്ടുപലകയുമേന്തിപൊരിവെയിലത്ത് സെക്യൂരിറ്റിയുടെ പ്രച്ഛന്ന വേഷത്തിൽ നിൽക്കുന്ന അപ്പൂപ്പൻമാർ ആണ് ആ ദൃശ്യത്തിൽ തെളിയുന്നവർ. ഏകദേശം ആറ് മുതൽ ചിലപ്പോൾ അതിലധികം മണിക്കൂറോളം ഒരേ നിൽപ്പ് നിൽക്കുന്നവരെയും ഈ കൂട്ടത്തിൽ കാണാം. മൃഷ്ടാന്നം ഊണ് കഴിച്ച് വന്നതിന് ശേഷം ചിലർ ഇവർക്കൊപ്പം സെൽഫി കൂടി എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സംതൃപ്തിയടയുന്നതും സാധാരണം. അപ്പോഴും ചേട്ടാ, എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കാൻ നമ്മൾ മിനക്കെടാറില്ല.
“നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുന്പോൾ കേൾക്കുന്ന ആൾ അതേ രീതിയിലല്ലെങ്കിലും അങ്ങിനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നുപോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയി തീരും.” ഈ വാക്കുകളും സന്തോഷ് ഏചിക്കാനത്തിന്റെ ബിരിയാണിയിൽ നിന്ന് തന്നെയാണ്.
പട്ടിണി എന്ന പ്രതിഭാസത്തെ നമ്മളിൽ മഹാഭൂരിഭാഗവും അറിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് എന്നും പട്ടിണി കിടക്കേണ്ടി വരുന്ന ചിലരോടെങ്കിലും അതേ പറ്റി ചോദിക്കാൻ നമുക്ക് സാധിക്കാത്തത്. അതോടൊപ്പം പട്ടിണി എന്നത് ഈ ലോകത്തിന് അപ്പുറത്തെവിടെയോ നടക്കുന്ന സംഭവമാണെന്നും നമ്മൾ കരുതുന്നു. മണ്ണ് വാരി തിന്ന് വിശപ്പടക്കുന്നത് സാക്ഷാൽ ഉണ്ണികണ്ണൻ മാത്രമാണെന്ന് നമ്മൾ ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ഒരു തരി അരിമണി പോലും ലഭിക്കാത്ത, ഒരു റൊട്ടിയുടെ കഷ്ണത്തിന് വേണ്ടി സ്വന്തം ചോരയിൽ പിറന്നവനോട് വരെ കടിപിടികൂടേണ്ടി വരുന്ന മനുഷ്യകോലങ്ങളെ നമുക്ക് ആർക്കും തന്നെ പരിചയവുമില്ല.
ഞാനും നിങ്ങളിൽ പെട്ട ഒരാളായത് കൊണ്ട് തന്നെ ഒഡീഷയിലെ കലഹന്തിയിൽ ക്ഷയരോഗം ബാധിച്ച് മരിച്ച സ്വന്തം ഭാര്യയുടെ മൃതദേഹവുമായി പത്ത് കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന ദന മജ്ഹി എന്നയാളെ എനിക്കും തീരെ പരിചയമില്ല. അദ്ദേഹത്തിന്റെയൊപ്പം സ്വന്തം അമ്മയുടെ ശവത്തിന് കാവലായി നടന്ന പന്ത്രണ്ടുകാരിയായ മകളും എന്റെയാരുമല്ല.
നമുക്ക് ശൂന്യാകാശത്തിന്റെ അറ്റത്തേയ്ക്ക് റോക്കറ്റുകൾ വിട്ടുകൊണ്ടേയിരിക്കാം. ഓരോ ദിവസവും നമ്മുടെ രാജ്യത്തിന്റെ ജിഡിപി റേറ്റിങ്ങിൽ അഭിമാനം കൊള്ളാം. നഗരങ്ങൾ ഇനിയും ഉണ്ടാകട്ടെ. ചേരികളെ തത്കാലം മറക്കാം. മനുഷ്യൻ വരച്ചിട്ട അതിർത്തി തർക്കങ്ങളിൽ ഏർപ്പെട്ടുകൊണ്ട് മനുഷ്യരെ തന്നെ പരസ്പരം കൊന്നുതീർക്കാം. ഞാനും നീയും വ്യത്യസ്തരാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാം. എന്റെ ജാതി, എന്റെ മതം, എന്റെ രാഷ്ട്രീയം, എന്റെ മനുഷ്യർ ആണ് ഏറ്റവും നല്ലതെന്ന് പ്രചരിപ്പിക്കാം. ഏറ്റവുമൊടുവിൽ നമുക്കെല്ലാത്തിനും ലൈക്കും ഡിസ് ലൈക്കും അടിക്കാം. വെറുതെ ഇരുന്ന് തല താഴ്ത്തി സ്ക്രീനിൽ നോക്കി കമന്റും പറയാം. കീശയിൽ കാശില്ലെ. പിന്നെന്തും പറഞ്ഞൂടെ...!!!