ഇതാണ് റിയൽ സ്റ്റേറ്റ് ... പ്രദീപ് പുറവങ്കര


“സാർ ഈയൊരു പ്രൊജക്ട് നല്ലതാണ്. സ്ക്വയർ ഫീറ്റിന് വെറും 3500 രൂപയേ ഉള്ളൂ. വെറുതെ കൈയിൽ വെച്ചാൽ തന്നെ അഞ്ച് വർഷം കഴിയുന്പോഴേയ്ക്കും രൂപ ഇരട്ടിക്കും സാർ. എല്ലാ ആംനെറ്റീസും ഇവിടെയുണ്ട്. നീന്തൽ കുളം, ടെന്നീസ് കോർട്ട്, പൂർണ്ണമായും സജ്ജീകരിച്ച ജിം, പിന്നെ ഓഡിറ്റോറിയം എന്ന് വേണ്ട എല്ലാ ഫൈവ് സ്റ്റാർ സൗകര്യങ്ങളും സാറിന് ഇവിടെ ലഭിക്കും. കുട്ടികൾക്ക് വേണ്ടി വലിയൊരു പാർക്കുമുണ്ട്” ആ ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടേയിരുന്നു. എറണാകുളത്ത് ഇതിനിടെ നടന്ന പ്രൊപ്പെർട്ടി ഷോ കാണാൻ പോയതായിരുന്നു ഞാൻ. ആദ്യ ദിവസമായത് കൊണ്ടായിരിക്കാം വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാളുകളിലൊക്കെ മ്ലാനവദരായി നിൽക്കുന്ന സെയിൽസ് എക്സിക്യുട്ടീവുകൾ. ഇടയ്ക്ക് കയറിവരുന്നവരെ എങ്ങിനെയെങ്കിലും ഒന്ന് കൺവിൻസ് ചെയ്യാനുള്ള ശ്രമത്തിലാണ് അവർ. ചെറുപ്പക്കാരന്റെ നീണ്ട പ്രഭാഷണത്തിന് ശേഷം അദ്ദേഹം നൽകിയ കെട്ടുകണക്കിന് ബ്രോഷറുകളുമായി പതിയെ ഞാൻ നീങ്ങി. 

തങ്ങളുടെ ജീവിതകാലത്ത് ഉണ്ടാക്കി വെയ്ക്കുന്ന സന്പാദ്യം ഫലപ്രദമായി നിക്ഷേപ്പിച്ച് അടുത്ത തലമുറയിലേയ്ക്ക് കൈമാറാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും. അതിന് ഭൂമി, സ്വർണ്ണം, ബാങ്ക് ഡെപ്പോസിറ്റ് എന്നിങ്ങനെയുള്ള പരന്പരാഗത നിക്ഷേപ മാർഗ്ഗങ്ങളെയാണ് മിക്കവരും സ്വീകരിക്കുന്നത്. ഇതിൽ തന്നെ റിയൽ എേസ്റ്ററ്റ് രംഗം മിക്ക മലയാളികൾക്കും ഏറെ താത്പര്യം ഉള്ള മേഖലയാണ്. പ്രത്യേകിച്ച് നാട്ടിൽ നിന്നും മാറി നിൽക്കുന്ന പ്രവാസികൾക്ക് നാട്ടിലെ ഭൂമിയോട് പ്രത്യേകമായ താത്പര്യം ഉണ്ടാക്കുന്നതിൽ അതിശയമില്ല. ചുട്ടുപഴുത്ത മണലാര്യണത്തിൽ ജോലി ചെയ്യുന്പോഴും സ്വന്തം നാട്ടിലെ കായലരികത്തോ, കുന്നിൻ മുകളിലോ ഒരു ചെറിയ കൊട്ടാരം പണിയാൻ മനോകോട്ട കെട്ടുന്നവരാണ് ഭൂരിഭാഗം പേരും. അതു കൊണ്ടാണ് കേരളത്തിലെ മിക്ക റിയൽ എേസ്റ്ററ്റ് സംരഭങ്ങളിലും പ്രവാസികളുടെ പങ്ക് പ്രധാനപ്പെട്ടതാകുന്നത്. 

ഫ്ളാറ്റ് അല്ലെങ്കിൽ വില്ല എന്ന വിഭാഗങ്ങളാണ് റിയൽ എേസ്റ്ററ്റ് രംഗത്ത് ഏറ്റവുമധികം വിറ്റുപോകുന്ന മേഖല. സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന്റെ പൊല്ലാപ്പ് ആലോചിച്ചാണ് ഭൂരിഭാഗം പേരും ഈ ഒരു മേഖലയെ തെരഞ്ഞെടുത്തിരുന്നത്. കൂടാതെ നഗരഹൃദയങ്ങളാണ് തങ്ങളുടെ വാസത്തിന് നല്ലതെന്ന് തിരികെ വരാനിരിക്കുന്ന ഭൂരിഭാഗം പ്രവാസികളും കരുതുന്നു. എന്നാൽ ഇപ്പോൾ ഈ  മേഖലയിൽ നിന്ന് അത്ര നല്ല വാർത്തകളല്ല നമ്മെ തേടി വരുന്നത്. മികച്ച വിൽപ്പന നടന്നിരുന്ന കേരളത്തിലെ റിയൽ എേസ്റ്ററ്റ് മേഖലയിൽ കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം വലിയ ഇടിവ് വന്നിട്ടുണ്ടെന്നതാണ് അണിയറയിലെ സംസാരം.

ഗൾഫ് നാടുകളിൽ നിന്നുള്ള പണമൊഴുക്കിന്റെ കുറവും പുതിയ സർക്കാർ കൊണ്ടുവന്ന റെജിസ്ട്രേഷൻ നിയമങ്ങളുമാണ് ഇടപാടുകളെ സാരമായി ബാധിച്ചിരിക്കുന്നത്. ഫ്ളാറ്റ്, വില്ല എന്നിങ്ങനെയുള്ള പ്രൊപ്പർട്ടികൾ മാത്രമല്ല, ഭൂമിക്കൈമാറ്റങ്ങളും കുറച്ചു ദിവസങ്ങളായി കേരളത്തിൽ പഴയത് പോലെ സജീവമായി നടക്കുന്നില്ല. വിൽപത്രം വഴിയുള്ള ഭൂമികൈമാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ കൂടുതലായും നടക്കുന്നത്. കേരളത്തിന്റെ വികസന ഹബ്ബ് എന്നറിയപ്പെടുന്ന കൊച്ചിയിൽ തന്നെ പതിനായിരത്തോളം ഫ്ളാറ്റുകൾ വിൽക്കാൻ സാധിക്കാതെ കിടക്കുന്നു എന്നതും ആശങ്കപ്പെടുത്തേണ്ട കാര്യമാണ്. ഇനി ആളുകൾ വാങ്ങിയിട്ടുള്ള ഫ്ളാറ്റുകളിൽ തന്നെ പലതിനും വൈദ്യുതി, കുടിവെള്ളം എന്നീ സൗകര്യങ്ങളോ അതിന് വേണ്ട അനുമതിയോ ലഭിച്ചിട്ടില്ല. ഗവൺമെന്റിലുണ്ടായ മാറ്റം ഇത്തരം കാര്യങ്ങളെ വൈകിപ്പിക്കുന്നു എന്നും പരാതി ഉയരുന്നുണ്ട്.

നമ്മുടെ നാട്ടിലെ സ്ഥലങ്ങൾക്ക് വളരെ പെട്ടന്നാണ് വില കൂടിയത്. സെന്റിന് രണ്ടായിരം ഉണ്ടായതിന്, ഇരുപതിനായിരം ആയും, പിന്നെ രണ്ട് ലക്ഷമായും ഒക്കെ വില കൂട്ടിയതിന് പിന്നിൽ പ്രവാസികൾക്കുള്ള പങ്ക് ചെറുതല്ല. മോഹവില കൊടുത്തു നാട്ടിലുള്ളവരെ ശീലിപ്പിച്ചപ്പോൾ നാട്ടിലെ മണ്ണിന് പൊന്നിന്റെ വിലയായി. ഇപ്പോൾ എണ്ണപണത്തിന്റെ ഒഴുക്ക് കുറഞ്ഞപ്പോൾ വലിയ തുകയ്ക്ക് വാങ്ങി വെച്ച ഭൂമിയുടെ വില പെട്ടന്ന് താഴോട്ട് ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി മാറി നിക്ഷേപ്പിച്ചവർ. ഈ ഒരു ട്രെൻഡ് തുടരുകയാണെങ്കിൽ സ്വർണ്ണത്തിന് കുറച്ചു കാലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്ലാമർ തിരികെ ലഭിക്കുമെന്നാണ് സാന്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. 

മെട്രോ, സ്മാർട്ട് സിറ്റി എന്നീ പ്രൊജക്ടുകൾ ഈ മാന്ദ്യത്തെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിൽ നിക്ഷേപ്പിച്ചവർ. എയർപോർട്ടും, മാളും, സ്മാർട്ട് സിറ്റിയുമൊക്കെ വന്ന് നിറയുന്പോൾ നമ്മുടെ നാട്ടിൽ പുറത്ത് നിന്നുള്ള ആളുകളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് നമുക്കും പ്രതീക്ഷിക്കാം. കൈയിലുള്ള ഫ്ളാറ്റും, വില്ലയും, വീടുമൊക്കെ അന്ന് അവർക്ക് വാടകയ്ക്കെങ്കിലും നൽകി നമ്മൾ മലയാളിക്ക് രണ്ട് നേരമെങ്കിലും സുഭിക്ഷമായി ഉണ്ണാമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed