ഡോഗ്സ് ഓൺ കൺട്രി...
കഴിഞ്ഞ ദിവസം മലയാളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങളുടെ എറണാകുളം എഡീഷനിലെ ആദ്യപേജിലെ തലക്കെട്ട് നോക്കിയപ്പോൾ പ്രതീക്ഷിച്ച, അല്ലെങ്കിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്യേണ്ട ഒരുവാർത്ത കാണാൻ സാധിച്ചില്ല. ഒന്നിൽ മുൻ പ്രതിരോധ മന്ത്രിയ്ക്കൊപ്പം പാർട്ടി പ്രവർത്തകൻ സെൽഫിയെടുക്കാൻ കഷ്ടപ്പെടുന്ന ചിത്രമായിരുന്നുവെങ്കിൽ മറ്റൊന്നിൽ ആസ്ത്രേലിയയിൽ മലയാളികളായ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ വാർത്തയായിരുന്നു ലീഡ്. തിരുവനന്തപുരത്ത് പുല്ലുവിളയിലെ ചെന്പകരാമൻ തുറയിൽ ഇന്നലെ ഒരു കൊലനടന്ന വാർത്തയാണ് ഈ മാധ്യമഭീമൻമാർ അകം പേജിലേയ്ക്ക് തള്ളി കളഞ്ഞത്. ശിലുവമ്മ എന്ന പാവപ്പെട്ട വീട്ടമ്മ അന്പതോളം തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പെട്ട് അതിക്രൂരമായി കൊല്ലപ്പെട്ട നൊന്പരപ്പെടുത്തുന്ന വാർത്തയായിരുന്നു അത്.
കേരളത്തിൽ തെരുവ് നായകൾ ഇന്ന് ഒരു യാഥാർത്ഥ്യമാണ്. അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നവ മൃഗസ്നേഹികൾ ഇനിയെങ്കിലും ഈ ഒരു വിഷയത്തെ കേവലം വൈകാരികമായി കാണാതെ വളരെ ഗൗരവപരമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ള കൊച്ചു കേരളത്തിൽ തെരുവ് പട്ടികളുടെ കടിയേറ്റത് 1.22 ലക്ഷം പേർക്കാണ്. ഇതിൽ പത്ത് പേർ മരണപ്പെട്ടു. ഈ വർഷം മാത്രം മെയ് മാസം വരെ 31,335 പേർക്കും കടിയേറ്റു. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങളോമായി ഇരുപത്തിയഞ്ച് ലക്ഷത്തോളും തെരുവ് നായകൾ ഉണ്ട്.
മൂന്ന് കാര്യങ്ങളാണ് തെരുവ് പട്ടികളെ പറ്റി ചർച്ച ചെയ്യുന്പോൾ എന്നും പറയാറുള്ളത്. അതിൽ ഒന്ന് അവയെ കണ്ടെത്തി വദ്ധ്യംകരിക്കുക എന്നതാണ്. മറ്റൊന്ന് ഇത്തരം നായകളെ പരിപാലിക്കാനായി കെനൽ ഹോം സംവിധാനം കൊണ്ടുവരിക എന്നതാണ്. മൂന്നാമത്തെപരിഹാരമായി ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പളിയെ പോെലയുള്ളവർ പറയുന്നത് തെരുവ് നായക്കളെ വെടിവെച്ച് കൊല്ലാനാണ്.
ഇവരുടെ എണ്ണം കുറയ്ക്കാനായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചിലവിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികളിൽ 52 വദ്ധ്യംകരണ സെന്ററുകൾ സ്ഥാപ്പിച്ചിട്ടുണ്ട്. പക്ഷെ പട്ടി പിടുത്തക്കാരുടെ എണ്ണ കുറവ് കൊണ്ടോ, വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ടോ ഇതൊന്നും തന്നെ ഫലവത്താക്കുന്നില്ല എന്നതാണ് സത്യം. ഇതോടൊപ്പം മനേക ഗാന്ധി മുതൽ രഞ്ജിനി ഹരിദാസ് വരെയുള്ള മൃഹസ്നേഹികളുടെ ഇടപ്പെടലുകളും ഈ ഒരു നീക്കത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തെരുവ് നായ്ക്കളെ പരിപാലിക്കാനായി കേരളത്തിലെ പഞ്ചായത്തുകൾ തോറും വികസിത രാജ്യങ്ങളുടേത് പോലെ കെനൽ ഹോം തുടങ്ങുന്നത് ഏറെ ഉചിതമായൊരു കാര്യമാണെങ്കിലും, റോഡിൽ കിടന്നുറങ്ങുന്ന വലിയൊരു സമൂഹം ഇപ്പോഴും സജീവമായുള്ള ഒരു സംസ്ഥാനത്ത് പട്ടികൾക്ക് വേണ്ടി എങ്ങിനെയൊരു കൂടൊരുക്കും എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ആരാണ് ഇതിന് സാന്പത്തിക സഹായം നൽകുക എന്നതും ആശയകുഴപ്പത്തിലാക്കുന്നു. മൂന്നാമതായി വെടിവെച്ചു കൊല്ലുക എന്നതാണ് ഉപാധി. കാട്ടിൽ നിന്ന് നാട്ടിലെത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് നാട്ടിൽ തന്നെയുള്ള ഇത്തരം ക്രൂരമൃഗങ്ങളെ കൊന്നുകൂടാ എന്ന ചോദ്യം പ്രസക്തമാണ്. ഇതു കൂടാതെ പേവിഷ ബാധ കുത്തിവെപ്പുമായി ബന്ധപ്പെട്ടുള്ള മരുന്നുകന്പനി മാഫിയ ആണ് തെരുവ് നായക്കളുടെ എണ്ണം കുറയാതിരിക്കാനുള്ള പ്രധാന കാരണമെന്നും സ്്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് എന്ന സംഘടന ആരോപിക്കുന്നു.
ഏതായാലും കേരള സർക്കാർ ഇതൊരു വലിയ സാമൂഹ്യ പ്രശ്നമായി തിരിച്ചറിഞ്ഞ് ഉചിതമായൊരു തീരുമാനം എടുക്കാൻ ഇനിയും വൈകികൂടാ. അതുവരേയ്ക്കും പ്രവാസ ലോകത്ത് നിന്ന് നാട്ടിലേയ്ക്ക് അവധിക്ക് വരുന്നവർ പ്രത്യേകിച്ച് കുഞ്ഞുങ്ങൾ തെരുവ് നായകളെ കണ്ടാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ നൽകുന്നു. (വിദഗ്ധരുടെ നിർദേശമാണ്)
1. ഓടരുത്, പതുക്കെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറുക.
2. നായയുടെ കണ്ണുകളിലേയ്ക്ക് നോക്കരുത്.
3. ശബ്ദമുണ്ടാക്കി നായയുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് തിരിക്കരുത്.
4. ഉറങ്ങികിടക്കുന്ന, വിശ്രമിക്കുന്ന നായകളെ ഉപദ്രവിക്കാൻ ശ്രമിക്കരുത്.
5. നായയെ കണ്ടാൽ വശം തിരിഞ്ഞു നടക്കുക, നേർക്ക് നേർ നടക്കാതിരിക്കുക.
ഇതു കൂടാതെ, വളയാത്ത വാൽ, പരന്ന ചെവികൾ, അസ്വസ്ഥമായ ശരീരം, നാവ് ഇടയ്ക്കിടെ പുറത്തിടൽ, ചുണ്ടുകൾ നക്കികൊണ്ടിരിക്കുക, തുറിച്ചു നോട്ടം, മുരൾച്ച, തുറന്നു കാണിക്കുന്ന പല്ലുകൾ എന്നീ ലക്ഷണങ്ങളും പേ ബാധിച്ച നായയുടേതായിരിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇതൊക്കെ മനസിലാക്കി വേണം ഡോഗ്സ് ഓൺ കൺട്രിയിലേയ്ക്ക് ഇനി വരാൻ എന്ന് മാത്രം അറിയിക്കുന്നു !!!