പെൺപെരുമ നിറയട്ടെ... പ്രദീപ് പുറവങ്കര
എല്ലാം പെണ്ണാണല്ലേ... ഒരു ദീർഘനിശ്വാസത്തിന് ശേഷം സങ്കടത്തോടെയുള്ള നോട്ടങ്ങൾ.. ഞങ്ങൾക്കെന്തോ വലിയ അപകടം വരാനിരിക്കുന്നു എന്ന മട്ടിലുള്ള കുശുകുശുക്കൽ. നമ്മുടെ നാട്ടിൽ മൂന്ന് പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ മിക്കപ്പോഴും ഞാനും, അമ്മയെന്ന നിലയിൽ എന്റെ ശ്രീമതിയും നേരിടാറുള്ള ഒരവസ്ഥയാണിത്. ഇപ്പോൾ ഇത് ശീലമായത് കൊണ്ട് ഈ നോട്ടങ്ങളെ ചിരിച്ചു തള്ളാനും, കളിയാക്കാനും ഞങ്ങൾ പഠിച്ചിരിക്കുന്നു.
അത്തരം മനുഷ്യരെയൊക്കെ ഒരു മുറിയിൽ ഒന്നിച്ചുകൊണ്ടു വന്നിരുത്താൻ ഇന്ന് എന്റെ മനസ് വല്ലാതെ കൊതിക്കുന്നുണ്ട്. എന്നിട്ട് അവരുടെ മുന്പിൽ കഴിഞ്ഞ ദിവസത്തെ ഒളിന്പിക്ക് മത്സരങ്ങളിൽ സാക്ഷിയുടെയും, സിന്ധുവിന്റെയും ത്രസിപ്പിക്കുന്ന രണ്ട് മത്സര ഇനങ്ങൾ കാണിച്ചു കൊടുക്കണം. 24 മണിക്കൂറെങ്കിലും ആവർത്തിച്ച് ഇവരെ ഇത് കാണിച്ചാൽ ചിലപ്പോൾ ഇവരുടെ മനസിൽ ഈ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലും കൊണ്ടു നടക്കുന്ന ചില ദുർ ചിന്തകൾ മാറിയേക്കാം.
പലപ്പോഴും ഓവറായി ബഹുമാനിച്ച് സ്ത്രീകളെ പലയിടത്തും ഇരുത്തി കളയുന്നതാണ് നമ്മുടെ ഒരു രീതി . അവരെ അമ്മയും, പെങ്ങളുമൊക്കെ ആക്കി ഒതുക്കും. അതോടൊപ്പം തന്നെ പെണ്ണ് ദുർബലയാണ്, അബലയാണ്, പ്രസവിക്കാൻ ഗർഭപാത്രവും ചുമന്ന് നടക്കുകയാണ് അവളുടെ ജോലി, പുരുഷൻമാരുടെ ചവിട്ടും കുത്തും ജീവിതാന്ത്യം വരെ കൊള്ളാൻ വിധിക്കപ്പെട്ടവരാണ് അവർ, സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കെൽപ്പില്ല, മറ്റൊരു വീട്ടിലേയ്ക്ക് പോകേണ്ടവൾ, കുടുംബത്തിന് സാന്പത്തിക ബാധ്യതയാകുന്നവൾ തുടങ്ങിയുള്ള പരിഭവങ്ങൾ മറ്റൊരു ഭാഗത്ത് തകൃതിയായി അരങ്ങേറും. വലിയ പണ്ഢിതശ്രേഷ്ടൻമാർക്കും, സാഹിത്യനായകൻമാർക്കും, ബുദ്ധിജീവികൾക്കും, മതനേതാക്കാൾക്കും, രാഷ്ട്രീയക്കാർക്കും വരെ ഇക്കാര്യത്തിൽ മാത്രം വലിയ അഭിപ്രായ വ്യത്യാസമില്ല. അങ്ങിനെ ചിന്തിക്കുന്ന പാഴ്ജന്മങ്ങളുടെ മുഖത്ത് ആഞ്ഞുപതിച്ച നല്ലൊരു അടിയാണ് ഒളിന്പിക്സിൽ സിന്ധുവിന്റെയും സാക്ഷിയുടെയും വിജയങ്ങൾ.
ഭാരതത്തിന്റെ ത്രിവർണ പതാക പുതച്ച് അഭിമാനത്തോടെ നിൽക്കുന്പോൾ ഇവർ നമ്മോട് പറയാതെ പറയുന്ന പല കാര്യങ്ങളുമുണ്ട്. പെൺകുട്ടിയെന്നാൽ ഇനിയെങ്കിലും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള ഉപകരണം മാത്രമാണെന്ന് ദയവ് ചെയ്ത് കരുതരുത്. നമ്മുടെ നാട്ടിൽ പെൺകുട്ടിക്ക് പതിനെട്ട് വയസ് വിവാഹിതയാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായമാണ്. അല്ലാതെ പതിനെട്ടിൽ തന്നെ അവളെ വിവാഹം കഴിപ്പിക്കണമെന്നല്ല അതിന്റെ അർത്ഥം. അവൾക്കും സ്വന്തമായി ചിന്തകളും, സ്വപ്നങ്ങളും, ആഗ്രഹങ്ങളും പ്രതീക്ഷകളുമൊക്കെയുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയും, രാഷ്ട്രപതിയും വരെ ആയിട്ടുള്ള സ്ത്രീ ബഹിരാകാശത്ത് പോകാനും, എവറസ്റ്റ് കൊടുമുടി കയറാനും ഒക്കെ തയ്യാറാണ്. പേര് മാത്രമെഴുതി, താഴെ കേരളം എന്ന് കൂടി ചേർത്ത് പോസ്റ്റ് ചെയ്താൽ ആ കത്ത് കിട്ടുന്നയാൾ ഇന്നും നമ്മുടെ നാട്ടിൽ ഒരേയൊരു പി.ടി. ഉഷ മാത്രമാണ്.
ഇങ്ങിനെ എഴുതിയാൽ തീരാത്ത വിശേഷങ്ങൾ ഉണ്ട് സ്ത്രീകളെ പറ്റി പറയാൻ. അതു കൊണ്ട് തന്നെ ഇനി വേണ്ടത് ചിന്തകളിലുള്ള മാറ്റമാണ്. പെൺകുഞ്ഞ് പിറന്നാൽ മുഖത്ത് ചുളിവുകൾ വീഴേണ്ട കാര്യമില്ല. അവരും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് ആഹ്ലാദിക്കുക. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക. വിവാഹമല്ല അവരുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് തിരിച്ചറിയുക. അതു ജീവിതയാത്രയുടെ ഒരു ഭാഗം മാത്രമായി കാണാൻ പെൺമക്കളെയും പഠിപ്പിക്കുക. അങ്ങിനെയെങ്കിൽ തീർച്ചയായും ഇനിയുമേറെ സാക്ഷികളും സിന്ധുമാരും നമ്മുടെ മണ്ണിൽ ഉയിർകൊള്ളും, തീർച്ച. ഒരു കാര്യം കൂടി പറയട്ടെ, പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മിടുക്കൻമാരാണെന്ന രീതിയിലുള്ള താരതമ്യപ്പെടുത്തൽ അല്ല ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് രണ്ട് ലിംഗത്തിലുള്ളവർക്കും സമാനമായ ഒരവസ്ഥ ഉണ്ടാകുന്ന കാലം അതിവിദൂരമല്ല എന്ന പ്രത്യാശ ബാക്കിവെക്കാൻ കൂടിയാണ്.
വാൽകഷ്ണം : “കാ-ര്യം എന്താ-യാ-ലും അവർ-ക്ക് നമ്മെ- പോ-ലെ- മൂ-ത്രമൊ-ഴി-ക്കാൻ പറ്റു-മോ-.” സ്ത്രീകളെ പറ്റി നല്ല കാര്യങ്ങൾ പറഞ്ഞതിൽ അസഹിഷ്ണുത പൂണ്ട ഒരു സുഹൃത്തിന്റെ ആശങ്ക ഇതായിരുന്നു. എന്താ...ല്ലേ..!!