ഇങ്ങിനെ നോക്കല്ലെ ചേട്ടാ...
വീണ്ടുമൊരു ചിങ്ങം നമ്മെ തേടിയെത്തിയിരിക്കുന്നു. കർക്കിടക്കത്തിന്റെ കാറ്റും കോളും അടങ്ങി എന്നൊക്കെ ഒരു ഭംഗിക്ക് വേണ്ടി പറയണമെന്നുണ്ടെങ്കിലും അങ്ങിനെ പറയാൻ മാത്രമുള്ള മഴയൊന്നും ഇത്തവണ കേരളനാട്ടിൽ പെയ്തിട്ടില്ല. അതിന്റെ ചൂട് ഇനി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. ഇനി നമ്മുടെ കാത്തിരിപ്പ് ഓണത്തിന് വേണ്ടിയാണ്. അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ ഇപ്പോൾ പച്ചക്കറിതോട്ടങ്ങളിൽ വിഷമടിക്കുന്ന തിരക്ക് തുടങ്ങി കാണും. മലയാളിക്ക് കാളനും, സാന്പാറും, അവിയലും, തോരനുമൊക്കെ ഉണ്ടാക്കാൻ ആ വിഷപച്ചക്കറികൾ തന്നെ വേണമല്ലോ. എന്നിട്ട് വേണം കാൻസർ സെന്ററുകൾ കുറേയെണ്ണം കൂടി നമുക്ക് തുടങ്ങാൻ.
എന്തായാലും ഇന്ന് ചിങ്ങത്തെ പറ്റിയല്ല എഴുതാൻ ഉദ്ദേശിക്കുന്നത്. മറിച്ച് എന്തിനെയും എത്രയും പെട്ടന്ന് വിവാദമാക്കാൻ സാധിക്കുന്ന നമ്മൾ മലയാളിയുടെ കഴിവിനെ പറ്റിയാണ്. കഴിഞ്ഞ ദിവസം വരെ കപ്പടാ മീശക്കാരനായ നമ്മുടെ സ്വന്തം പോലീസ് ഐജി ഋഷിരാജ് സിങ്ങ് പറയുന്നതൊക്കെ മലയാളികൾക്ക് വേദവാക്യങ്ങളായിരുന്നു. എന്നാൽ 14 സെക്കന്റിൽ കൂടുതൽ സ്ത്രീകളെ തുറിച്ചുനോക്കിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ സോഷ്യൽ മീഡിയകളിൽ പൊങ്കാലയിട്ട് വേദനിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ തന്നെ ആരാധകർ. അത്തരമൊരു ശിക്ഷാനടപടി നിലവിൽ ഇല്ലെങ്കിൽ പോലും അങ്ങിനെയൊരു ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാത്ത ഒരൊറ്റ പെൺകൊടി പോലും മലയാള നാട്ടിൽ ഉണ്ടാകില്ലെന്നത് ഉറപ്പാണ്.
തുറിച്ചുനോട്ടത്തിൽ ഉന്നതബിരുദം നേടിയിട്ടുള്ളവരാണ് മലയാളികൾ. എത്രമാത്രം ഒരു സ്ത്രീയെ ഇത് അലോസരപ്പെടുത്തുമെന്ന കാര്യം ഒരിക്കലും ഇവർ ചിന്തിക്കുന്നുണ്ടാകില്ല. നാടും നഗരവും എന്ന വ്യത്യാസമില്ലാതെ ഇത് തുടരുന്നു. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഇത്തരം നോട്ടങ്ങളും, കമന്റടികളുമൊക്കെ തമാശകൾ മാത്രമാണ്. പുരുഷൻമാരിൽ മിക്കവരുടെയും അഭിപ്രായം ഇതൊക്കെ നിരുപദ്രവകരമായ സംഗതികളല്ലെ എന്നാണ്. ചിലർ പറയും സ്ത്രീകളും ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്ന്. അതിനാണത്രെ അവർ അണിഞ്ഞൊരുങ്ങി നടക്കുന്നത്. ഇങ്ങിനെ പറയുന്നതിന്റെ പ്രധാന കാരണം പുരുഷൻമാർ ഒരിക്കൽപോലും തുറിച്ചുനോട്ടങ്ങൾക്ക് ഇരയാകുന്നില്ല എന്നത് തന്നെയാണ്.
ഒരു സമൂഹം അവിടെയുള്ള സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന നിലപാടുകളും കാഴ്ച്ചപ്പാടുകളുമാണ് ആ സമൂഹത്തിന്റെ പക്വത തെളിയിക്കുന്നത്. സാഹിത്യത്തിലും, ഫേസ്ബുക്ക് പോസ്റ്റിലുമൊക്കെ സ്ത്രീ അമ്മയും, പെങ്ങളുമൊക്കെ ആയി തിളങ്ങുമെങ്കിലും, തനിയെ ഒരവസരം ലഭിച്ചാൽ ഇപ്പോഴും മിക്ക മലയാളികൾക്കും സ്ത്രീ എന്നാൽ വെറുമൊരു ചരക്കാണ്. പകൽവെളിച്ചത്തിൽ സദാചാരത്തിന്റെ അപോസ്തലനായ മലയാളി ഒരൽപ്പം ഇരുട്ടിന്റെ മറവ് ലഭിച്ചാൽ കാണിച്ചുകൂട്ടാത്ത പോക്രിത്തരങ്ങളില്ലെന്ന് പലവട്ടം നമ്മൾ വായിച്ചും കേട്ടും കഴിഞ്‍ഞിരിക്കുന്നു. ഒരു പെൺകുട്ടി തനിയെ പോകുന്ന ഇടങ്ങളിലൊക്കെ അവളുടെ പിന്നാലെ ആരുടെയൊക്കെയോ കണ്ണുകളും സഞ്ചരിക്കുന്നുണ്ട്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവളുടെ അവകാശത്തിന് മുകളിലാണ് സത്യത്തിൽ ഈ പുരുഷകണ്ണുകൾ കൊത്തി പറിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ വേണം ശ്രീ ഋഷിരാജ് സിങ്ങിന്റെ പതിനാല് സെക്കന്റ് പ്രസംഗത്തെ നമ്മൾ നോക്കി കാണാൻ.
നാട്ടിലും, പ്രവാസലോകത്തുമായി ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ സ്ത്രീകളോടുള്ള നമ്മുടെ നിലപാടുകളെ പറ്റിയും അതിലെ പൊള്ളത്തരങ്ങളെ പറ്റിയും നന്നായി മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ബഹ്റിൻ പോലുള്ള രാജ്യങ്ങളിൽ പൊതു ഇടങ്ങളിൽ ഒരു പുരുഷനും ഒരു സ്ത്രീയെ അനാവശ്യമായി തുറിച്ചുനോക്കി ബുദ്ധിമുട്ടിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല. ബഹ്റിനിൽ തന്നെ പഠിച്ചു വളർന്ന എന്റെ ശ്രീമതി നാട്ടിലെത്തിയപ്പോൾ ഏറ്റവുമധികം പരാതി പറഞ്ഞിരിക്കുന്നത് ഇവിടെ അവർ നിരന്തരം അനുഭവിക്കേണ്ടി വരുന്ന തുറിച്ചുനോട്ടങ്ങളെ പറ്റിയും, അശ്ലീലമായ കമന്റടികളെ പറ്റിയും, ഓൺലൈൻ സന്ദേശങ്ങളെ പറ്റിയുമാണ്. രണ്ട് വർത്തമാനം തിരിച്ച് പറയാൻ ശേഷിയുള്ളത് കൊണ്ട് അവൾ അങ്ങിനെയുള്ള സാഹചര്യങ്ങളെ ഭാഗ്യവശാൽ മറികടക്കുന്നു.
അതുകൊണ്ട് തന്നെ കാള പെറ്റു എന്ന് കേൾക്കുന്പോഴേയ്ക്കും കയറെടുക്കാതെ ഈ ഒരു പ്രശ്നത്തെ പറ്റി നമ്മുടെ സമൂഹത്തിൽ ഉയർന്നുവരേണ്ട ചർച്ചകളെ പറ്റിയാകട്ടെ നമ്മുടെ ചിന്തകൾ. കൂടാതെ കേരളത്തിലെ ഭരണാധികാരികൾ വളരെ ഗൗരവപരമായി ഈ വിഷയത്തെ പറ്റി പഠിക്കാൻ തുടങ്ങട്ടെ. ഒപ്പം സ്വന്തം വീട്ടിലെ അമ്മ പെങ്ങൻമാരോട് പൊതു ഇടങ്ങളിൽ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റിയും, അലോസരപ്പെടുത്തുന്ന കണ്ണേറുകളെയും പറ്റി നിങ്ങളും ചോദിച്ച് മനസിലാക്കൂ. എന്നിട്ടാക്കാം ഋഷിരാജിന് നേരെയുള്ള ട്രോളും, പരിഹാസവും!!!