അരശുമൂട്ടിൽ അപ്പുക്കുട്ടൻ അഥവാ - പ്രദീപ് പുറവങ്കര
കായികപ്രേമികൾക്ക് ഒരു വികാരമാണ് ഒളിന്പിക്സ്. നാല് വർഷം കൂടുന്പോൾ കടന്നുവരുന്ന ഈ ലോകമാമാങ്കത്തിൽ പങ്കെടുക്കാൻ നമ്മുടെ നാട്ടിൽ നിന്നുൾപ്പടെ എല്ലായിടത്ത് നിന്നും ചാവേറുകളെ പോലെ കായികതാരങ്ങൾ എത്തിചേരുന്നു. വെറും കായിക മത്സരങ്ങൾ എന്നതിനുപരി പരസ്പരം സൗഹൃദവും മാനവ ഐക്യവും വളർത്തുന്ന വേദിയാണ് ഒളിന്പിക്സിന്റേതെന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. അങ്ങിനെയൊക്കെ ആണെങ്കിൽ കൂടി ഓടിയും, ചാടിയും, നീന്തിയും, ഗുസ്തി പിടിച്ചുമൊക്കെ പരസ്പരം മാറ്റുരച്ച് നോക്കുന്ന ഈ വലിയ വേദിയിൽ നമ്മുടെ രാജ്യത്തിന് മാത്രം എന്തേ കാലിടറുന്നുവെന്നും, അവസാനത്തിൽ നിന്ന് ആദ്യം എന്ന റാങ്കിൽ എന്തേ 120 കോടി ജനത എന്നും തുടരുന്നു തുടങ്ങിയ ചോദ്യങ്ങൾ നമ്മുടെ രാജ്യത്തിന്റെയും ഭരണാധികാരികളുടെയും മുന്പിൽ നിറഞ്ഞാടേണ്ട നേരമാണിത്.
ഒളിന്പിക്സിന്റെ ആദ്യദിനം മുതൽ ആകാംക്ഷാപൂർവം മത്സരങ്ങളെ വീക്ഷിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ ഇടയിൽ. റിയോ ഡി ജനീറയിൽ നിന്ന് തോറ്റതിന്റെ കണക്ക് മാത്രം ഓരോ ദിവസവും ഇവരെ തേടിയെത്തുന്പോൾ ആ നിരാശ പറഞ്ഞറിയാക്കാൻ പറ്റാത്തതാണ്. റാങ്ക് പട്ടികയിൽ സംപൂജ്യരായി നമ്മുടെ നാട് തല താഴ്ത്തി നിൽക്കുന്പോൾ ഓർമ്മ വരുന്നത് അരശുമൂട്ടിൽ അപ്പുക്കുട്ടനെ തന്നെ.
ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന വീരവാദവുമായി തോറ്റന്പിയ കായികതാരങ്ങൾ തിരികെ വരുന്പോൾ കുറ്റം അവരുടേത് മാത്രമായി ചുരുക്കാൻ സാധിക്കില്ല. കായിക വകുപ്പ് എന്ന താപ്പാനയെ കൊണ്ടുനടക്കുന്ന ഓരോരുത്തർക്കും ഈ പരാജയത്തിന്റെ ഉത്തരവാദിത്വമുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ കായികമന്ത്രിയായ വിജയ് ഗോയലിനെ ഒളിന്പിക്ക് സംഘാടകർക്ക് നിയന്ത്രിക്കേണ്ടി വന്ന വാർത്ത നമ്മുടെ മാധ്യമങ്ങളിൽ അധികം കണ്ടില്ല. ഒളിന്പിക്സിന് പോയ പല താരങ്ങളെയും പോലെ സെൽഫിയെടുത്ത് നടക്കുന്നതാണ് ഈ മന്ത്രിയുടെ ഒളിന്പിക്ക് വേദിയിലെ ഇഷ്ട ഹോബി. കളി നടക്കുന്നതിനിടയിൽ പോലും കായികതാരങ്ങൾക്കൊപ്പം മന്ത്രി സെൽഫിക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലായിരുന്നു. ഇത് കണ്ട് സഹികെട്ട സംഘാടക സമിതിയാണ് ഇദ്ദേഹത്തിന്റെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. സംസ്ഥാന കായികമന്ത്രിയുടെ തമാശകളും നമ്മളേറെ കണ്ടതാണ്.
ചെറുപ്പത്തിലെ പിടികൂടുക എന്നതാണ് കായികവികസനത്തിന്റെ കാതലായ മന്ത്രം. ഇതിന് വേണ്ടി കോടക്കണക്കിന് രൂപ നമ്മുടെ ദേശീയ സംസ്ഥാന സർക്കാരുകൾ ചിലവാക്കുകയും ചെയ്യുന്നു.
ഈ ഫണ്ടുകൾ ചിലരുടെ വായിൽ മാത്രം പോകുന്നു എന്നതാണ് സത്യം. അതോടൊപ്പം ക്രിക്കറ്റ് എന്ന കായിക ഇനത്തിന് ലഭിക്കുന്ന ഗ്ലാമർ പരിവേഷം നമ്മുടെ നാട്ടിൽ എത്രയോ കാലമായി മറ്റൊന്നിനും തന്നെ ലഭിക്കുന്നില്ല. മറ്റ് കായിക ഇനങ്ങളിൽ മത്സരിക്കുന്നവരിൽ മഹാഭൂരിഭാഗം പേരും ഏറെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്്. അവരുടെ ആരോഗ്യം തന്നെ യഥാവിധി സംരക്ഷിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇനി ആരോഗ്യം നോക്കുന്നവരാണെങ്കിൽ പതിയെ സ്പോർട്സ് മേഖലയിൽ നിന്നും വഴുതി മാറി മറ്റു പ്രൊഫഷണൽ ജോലികളിൽ അവർ വ്യാപൃതരാകുന്നുണ്ട്. അടിമുതൽ മുടി വരെ അഴിമതിയിൽ മുങ്ങിനിൽക്കുന്ന ഒരു വകുപ്പാണ് കായികവകുപ്പെന്ന് ഏത് കണ്ണുപൊട്ടനും പറയാൻ സാധിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്.
ഇത് മാറേണ്ടതുണ്ട്. കായിക വകുപ്പ് ഭരിക്കേണ്ടത് ഏറ്റവും കുറഞ്ഞത് ദേശീയ മത്സരങ്ങളിലെങ്കിലും പങ്കെടുത്തവരായിരിക്കണം. ഒളിന്പിക്സിൽ പങ്കെടുത്ത താരങ്ങളെയും ഈ വകുപ്പിന്റെ തലപ്പത്ത് ഉൾപ്പെടുത്തണം. അവർക്ക് മാത്രമേ തങ്ങൾ നേരിട്ട പ്രശ്നങ്ങളെപറ്റി മനസ്സിലാക്കാനും അതിന് പരിഹാരം കണ്ടെത്താനും സാധിക്കൂ. കേരളത്തിൽ തന്നെ പി.ടി ഉഷ പോലെയുള്ള ഇതിഹാസങ്ങൾ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു. അവരെയൊക്കെ വേണ്ടവിധത്തിൽ നമ്മുടെ രാജ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയകരമാണ്. ഒളിന്പിക്സ് തീരാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടിയുണ്ട്. ചിലപ്പോൾ നമുക്കും കുറച്ച് മെഡലുകൾ പതിവ് പോലെ ലഭിച്ചേക്കാം. പക്ഷെ അടുത്ത തവണയെങ്കിലും ഈ ദുസ്ഥിതിയിൽ ഒതുങ്ങി പോകുന്ന ഒരു രാജ്യമായി ഇന്ത്യ മാറരുത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അതിനൊരു വിദഗ്ദ്ധ സമിതിയുണ്ടാക്കി തികഞ്ഞ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ തീർച്ചയായും നമുക്ക് അരശുമൂട്ടിൽ അപ്പുക്കുട്ടൻമാരാകേണ്ടി വരില്ല, തൈപ്പറന്പിൽ അശോകൻ തന്നെയാകാം, തീർച്ച!
അല്ലെങ്കിൽ നാല് കൊല്ലം കൂടുന്പോ ഇന്ത്യക്കാരെ അപമാനിക്കാൻ വേണ്ടിയുള്ള ആഗോളമുതലാളിത്തത്തിന്റെ ഗൂഢാലോചനയാണ് ഒളിന്പിക്സ് എന്നൊരു വാചകം നമ്മുടെയൊക്കെ നെറ്റിയിൽ ചേർത്ത് ഒട്ടിക്കേണ്ടി വരും.