നമ്മൾ എന്തേ ഒന്നാകുന്നില്ല ?
“എന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നമ്മുടെ ദേശീയപതാകയുടെ ചിത്രം അപ് ലോഡ് ചെയ്തിട്ടുണ്ട്. ഒരു ലൈക്കിടാമോ”. ചാറ്റ് ബോക്സിലൂടെ പ്രിയപ്പെട്ട സുഹൃത്തിന്റെ ആ ആഗ്രഹം രാവിലെ തന്നെ എന്നെ തേടി വന്നപ്പോൾ ഒരു ലൈക്കിലൂടെ ഞാൻ അത് തീർത്തുകൊടുത്തു.
ഇന്ത്യയും ഇന്ത്യൻ ജനതയും ഏറ്റവുമധികം നെഞ്ചിലേറ്റുന്ന മറ്റൊരു സ്വാതന്ത്ര്യദിനം കൂടി അരികിലെത്തുന്പോൾ നമ്മളിൽ പലരും ഇത്തരം പ്രവർത്തികളിൽ ആകൃഷ്ടരാകുന്നത് സ്വാഭാവികം. കാരണം ഇന്ത്യ എന്നത് നമുക്ക് വലിയൊരു വികാരം തന്നെയാണ്.
ഇന്ത്യൻ ഉപഭൂഖണ്ധത്തിലെ 660 ഓളം നാട്ടുരാജ്യങ്ങളെ ഐക്യപ്പെടുത്തി ഇന്ത്യ എന്നൊരു പൊതുവികാരത്തിലേയ്ക്ക് എത്തിച്ചത് ഇവിടെ ജനകീയമായിരുന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭമാണ്. ബ്രിട്ടീഷ് കൊളോണിയൽ മേധാവിത്വം എന്ന പൊതുശത്രുവിനെതിരെ നടന്ന ഈ പ്രക്ഷോഭത്തിന്റെ കാലത്താണ് ഇന്ത്യയെന്ന വികാരം തന്നെ നമ്മുടെയിടയിൽ പൂർണ്ണമായ അർത്ഥത്തിൽ രൂപപ്പെടുന്നത്. വളരെ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ നിരവധി കാര്യങ്ങൾ നിലനിൽക്കെതന്നെ എവിടെയൊ ഒരിടത്ത് ഒരു നേർത്ത വര നമ്മൾ ഇന്ത്യക്കാരെ യോജിപ്പിച്ചു നിർത്തുന്നു. അതിനെയാണ് നമ്മൾ ദേശീയത എന്ന് വിളിക്കുന്നത്. ഇവിടെയുള്ള വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും ഗുണപരമായ ഐക്യത്തിലേയ്ക്ക് പരിവർത്തനം ചെയ്ത് ഒന്നിച്ച് ഒരു രാജ്യമായി നിലകൊള്ളുക എന്ന പൊതുബോധത്തിലാണ് ഈ വികാരം രൂപമെടുത്തിരിക്കുന്നത്.
ഭാഷാപരവും മതപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഇന്ത്യയുടെ വൈവിധ്യം ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കില്ലെന്നത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഔദ്യോഗിക കണക്കനുസരിച്ച് ഇപ്പോൾ 1618 ഭാഷകളാണ് ഇന്ത്യയിലുള്ളത്. 6400 ജാതികളിലായി മനുഷ്യർ. ഇന്ത്യയിൽ ഉത്ഭവിച്ച നാലെണ്ണം ഉൾപ്പെടെ ആറ് പ്രധാന മതങ്ങൾ ഇവിടെയുണ്ട്. ഇന്ത്യയിലെ വൈവിധ്യത്തിന് തെളിവാണ് ഇവിടത്തെ മത−സാംസ്കാരിക ഉത്സവങ്ങളും ഒഴിവുദിനങ്ങളുമെല്ലാം. രാഷ്ട്രീയാധികാരത്തിന്റെ കീഴിലാണ് ഇവയെയെല്ലാം ഇന്ന് ഒന്നിച്ച് ചേരുന്നത്.
അതേസമയം ഇന്ന് ലോകം നമ്മുടെ കൺമുന്നിൽ ഓരോനിമിഷവും മാറുകയാണ്. ആഗോളതലത്തിൽ തന്നെ ഉണ്ടായികൊണ്ടിരിക്കുന്ന സാന്പത്തിക ഉദാരവൽക്കരണവും, വിവര സാങ്കേതിക വിപ്ലവവും എന്തിന് മതതീവ്രവാദം പോലും കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ന് ആളുകൾക്ക് യഥേഷ്ടം സഞ്ചരിക്കാനും ഇഷ്ടപ്പെട്ട വാസസ്ഥലം തിരെഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങളും അവസരങ്ങളും ധാരാളമാണ്. ഏറ്റവും സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പരമമായ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് നമ്മുടെ മക്കൾ നാളെ അമേരിക്കയിൽ ജോലി ചെയ്യണമെന്നും പറ്റുമെങ്കിൽ അവർ അവിടെ പൗരൻമാരാകണമെന്നും മിക്കവരും ആഗ്രഹിച്ച് പോകുന്നത്. മക്കൾ അവിടെയെത്തി പൗരൻമാരായാൽ തനിക്കും അവിടെയെത്താമല്ലോ എന്ന ചിന്തയുള്ളവരും ധാരാളം.
ഇങ്ങിനെ ദിനംപ്രതി മാറിവരുന്ന സാഹചര്യത്തിലും ദേശീയത എന്ന വികാരത്തിന് ഇനി എത്ര കാലം ആയുസ്സുണ്ടാകുമെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. പക്ഷെ അതേസമയം ഇന്ത്യയെന്ന രാജ്യത്തിന്റ അതിരുകൾക്കുള്ളിൽ താമസിക്കുന്പോൾ അവിടെ നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ്. ഇതിനിടെ സ്വാതന്ത്ര്യ ദിനത്തെ പറ്റി സുഹൃത്തുക്കൾക്കൊപ്പം ചർച്ച ചെയ്യുന്നതിനടയിൽ മനസ്സിലാക്കിയ ഒരു കാര്യം നമ്മുടെ കൊച്ചു കേരളത്തിൽ പോലും സ്വാതന്ത്ര്യദിനാഘോഷത്തിനും അതുപോലെ ദേശീയ ഗാനമാലപിക്കുന്നതിനും, ദേശീയ പതാക ഉയർത്തുന്നതിനും വിലക്കുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്ന കാര്യമാണ്. കഴിഞ്ഞ ദിവസം അലഹബാദിലെ ഒരു സ്കൂളിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ഒന്നുരണ്ട് വലിയ കോളേജുകളിലും നിരവധി സ്കൂളുകളിലും സ്വാതന്ത്ര്യദിന പരിപാടികൾ നടത്താനോ, ദേശീയപതാക ഉയർത്താനോ വിലക്കുണ്ടെന്നത് ഒരു ഇന്ത്യക്കാരനായ എന്നെ ഏറെ അലോസരപ്പെടുത്തുന്ന കാര്യം തന്നെയാണ്.
എന്ത് കൊണ്ടാണ് ജനഗണമന പാടാനോ, നമ്മുടെ അഭിമാനമായ ദേശീയ പതാക ഉയർത്താനോ ഇത്തരം ആളുകൾക്ക് സാധിക്കാത്തത് എന്ന് പൊതുസമൂഹം തുറന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. ജാതിയും മതവും നോക്കാതെ ദേശത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിച്ച ആയിരകണക്കിന് പേരുടെ രക്തസാക്ഷിത്വത്തിനെയാണ് നമ്മൾ ഇത്തരം ചില ചടങ്ങുകളിലൂടെ ഓർക്കുന്നത്. ആ നേരത്ത് പോലും നമ്മൾ എന്തേ ഒന്നാകുന്നില്ല എന്ന ചിന്ത മറ്റൊരു സ്വാതന്ത്ര്യദിനം കൂടി അരികിലെത്തുന്പോൾ നമ്മെ ഓരോരുത്തരെയും വേവലാതിപ്പെടുത്തേണ്ടതാണെന്ന കാര്യത്തിന് യാതൊരു സംശയവുമില്ല തന്നെ !!