പൂച്ചയ്ക്ക് മണികെട്ടണം...


സാങ്കേതിക വിദ്യ വളരെ അധികം വളർ‍ന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മൾ‍ കടന്നുപോകുന്നത്. അതിന്റെ ഭാഗമായി നമ്മുടെ ജീവിതത്തിനും കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ‍ ധാരാളം മാറ്റങ്ങൾ‍ വന്നിട്ടുണ്ട്. അതേസമയം നമ്മുടെ ഗവണ്‍മെന്റ് സംവിധാനങ്ങളിൽ‍ ഈ മാറ്റങ്ങൾ‍ ഇനിയും വലിയതോതിൽ‍ പ്രതിഫലിച്ചിട്ടില്ല. പക്ഷെ അടുത്ത കാലത്ത് ഇ ഗവേർ‍ണൻ‍സ് മേഖലയിൽ‍ സർ‍ക്കാർ‍ എടുത്തിരിക്കുന്ന ചില തീരുമാനങ്ങൾ‍ സമീപഭാവിയിൽ‍ ഏറെ ഗുണഫലങ്ങൾ‍ ഉണ്ടാക്കും എന്നുറപ്പാണ്. 

കഴിഞ്ഞ ദിവസം കേരളത്തിലെ സർ‍ക്കാർ‍ ഓഫീസുകളുടെ വിലാസവും മറ്റ് വിവരങ്ങളും ഗൂഗിൾ‍ മാപ്പിൽ‍ ചേർ‍ക്കാൻ‍ തുടങ്ങിയെന്ന വാർ‍ത്ത അത്തരത്തിൽ‍ ഒന്നാണ്. കേരളത്തിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ‍ നമ്മുടെ സർ‍ക്കാർ‍ ഓഫീസുകൾ‍ അഴിമതിയുടെ കൂത്തരങ്ങാണ് എന്നത് പകൽ‍ വെളിച്ചം പോലെ സത്യമാണ്. അതു കൊണ്ടാണ് ഏത് ഗവണ്‍മെന്റ് മാറിയാലും പൊതുജനങ്ങൾ‍ക്ക് വലിയ വ്യത്യാസം തോന്നാത്തത്. വീണ്ടും പാവപ്പെട്ടവന്‍ കയറി ചെല്ലേണ്ടത് ഒരേ ഓഫീസിലേയ്ക്കും ഒരേ ആളുകളുടെയും മുന്പിലേയ്ക്കാണ്. അവർ‍ ശന്പളത്തിന് പുറമേ കിന്പളവും പ്രതീക്ഷിക്കുന്നു. ഫയലുകൾ‍ ആ മുറയിൽ‍ മാത്രം നീങ്ങുന്നു. പാവം ജനം ഈ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ ഇരകളായി വീണ്ടും വീണ്ടും ദുരിതം തിന്നുന്നു. ഈ കാരണങ്ങൾ‍ കൊണ്ട് തന്നെ മന്ത്രിമാർ‍ക്കും സർ‍ക്കാരിനും നാട് നന്നാക്കണമെന്നുണ്ടെങ്കിൽ‍ പോലും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ‍ പറ്റാത്ത അവസ്ഥ ഇവിടെ നിലനിൽ‍ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തെയാണ് ഈ ഗവേർ‍ണൻ‍സ് കൊണ്ട് മാറ്റിമറിക്കാൻ‍ സാധിക്കുക. 

ഗൂഗിൾ‍ മാപ്പിൽ‍ ഓഫീസുകളുടെ വിലാസം കൊടുക്കുന്നതോടെ ഈ ഓഫീസുകൾ‍ക്ക് റേറ്റിങ്ങ് നൽ‍കാൻ‍ സാധാരണക്കാർ‍ക്ക് സാധിക്കും. അതോടൊപ്പം അവർ‍ക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ‍ അതിനെ പറ്റി കമന്റ് ചെയ്യാനും സാധിക്കും. ഒരു ഓഫീസിനെ പറ്റി മോശം അഭിപ്രായങ്ങളാണ് ഏറെ എങ്കിൽ‍ തീർ‍ച്ചായും അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ‍ക്ക് തന്നെ അത് അപമാനമാകും. ഒപ്പം സാമൂഹ്യമാധ്യമങ്ങളിൽ‍ ഇത്തരം പരാതികൾ‍ ഷെയർ‍ ചെയ്യപ്പെടുകയാണെങ്കിൽ‍ സർ‍ക്കാരും വേണ്ട നടപടിയെടുക്കാൻ‍ നിർ‍ബന്ധിതരാകും എന്നത് തീർ‍ച്ച. ഇത് കാര്യങ്ങൾ‍ വലിയ തോതിൽ‍ സുതാര്യമാക്കും എന്നുറപ്പാണ്. സമാനമായ രീതിയിൽ‍ ഒരു പൗരൻ സർ‍ക്കാരിലേയ്ക്ക് അടയ്ക്കേണ്ട വിവിധ ബില്ലുകളൊക്കെ ഓൺ‍‍ലൈൻ‍ വഴി അടയ്ക്കാൻ‍ സാധിക്കുകയാണെങ്കിൽ‍ നിലവിലെ അഴിമതിയുടെ കടയ്ക്കൽ‍ കത്തിവെയ്ക്കുന്ന അവസ്ഥയായി മാറും അത്. ഇപ്പോൾ‍ തന്നെ ഇലക്ട്രിസിറ്റി, ടെലിഫോൺ‍ തുടങ്ങിയ ചിലവുകൾ‍ ഓൺ‍ലൈൻ‍ ആയി നിരവധി പേർ‍ അടയ്ക്കുന്നുണ്ട്. സ്മാർ‍ട്ട് ഫോണുകൾ‍ പ്രചുരപ്രചാരം നേടിയതോടെ ഈ ഒരു സംവിധാനം പ്രാവർ‍ത്തികമാക്കാൻ‍ വലിയ ബുദ്ധിമുട്ട് കാണില്ല.

വില്ലേജ് ഓഫീസ് മുതൽ‍ സെക്രട്ടറിയേറ്റ് വരെ ഓരോ ദിവസവും ക്യൂ നിൽ‍ക്കുന്ന ആയിരങ്ങൾ‍ക്ക് ഏറ്റവും വലിയ ആശ്വാസമായി മാറും അത്തരമൊരു സംവിധാനം. ഇതോടൊപ്പം അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ കണ്ടുപിടിച്ചു ശിക്ഷിക്കുന്നതും നമ്മുടെ മാധ്യമങ്ങളിൽ‍ വാർ‍ത്തയാകണം. ക്വട്ടേഷൻ‍ വാർ‍ത്തകളിലും, പെൺ‍വാണിഭത്തിലും മാത്രമായി ഒതുങ്ങി കൂടിയിരിക്കുന്ന ക്രൈം സ്ലോട്ടുകളിൽ‍ കൈക്കൂലി വാങ്ങുന്നതും പ്രധാന തലക്കെട്ടായി ഉൾ‍പ്പെടണം. അഴിമതി നടത്തുന്നതും നടത്തുന്നവരും സമൂഹത്തിൽ‍ വല്ലാതെ ഡീ ഗ്രെയിഡ് ചെയ്യപ്പെണ്ടേതുണ്ട്. അതൊടൊപ്പം തന്നെ നല്ല ഉദ്യോഗസ്ഥരെ പൊതുസമൂഹം ആദരിക്കുകയും വേണം.

നമ്മുടെ നാട്ടിലെ റോഡുകൾ‍ തന്നെയാണ് ഇപ്പോൾ‍ കേരളത്തിൽ‍ നടക്കുന്ന അഴിമതികൾ‍ക്കുള്ള പച്ചയായ തെളിവ്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ടൈൽ‍സിട്ട പോലെ നന്നാക്കിയെടുത്ത മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു കഴിഞ്ഞു. മഴ പെയ്ത്താണ് എന്നത്തെയും പോലെ കാരണമായി ചൂണ്ടി കാണിക്കുന്നത്. കേട്ടാൽ‍ തോന്നും കേരളത്തിൽ‍ മാത്രമായിട്ട് റോഡുകൾ‍ പൊളിക്കാൻ‍ തക്ക മഴ പെയ്യുമെന്ന്. സത്യത്തിൽ‍ നൂറ് രൂപ റോഡ് നിർ‍മ്മാണത്തിന് അനുവദിച്ചാൽ‍ കോൺ‍ട്രാക്ടർ‍ക്ക് കൈയിൽ‍ ലഭിക്കുന്നത് ഏറ്റവും കൂടിയത് മുപ്പതോ നാൽ‍പതോ രൂപയാണ്. ബാക്കിയൊക്കെ കൈക്കൂലിയായി പോകും. അത് കിഴിച്ചാൽ‍ പിന്നെ റോഡ് പണിക്ക് ഉപയോഗിക്കുന്നത് ഇരുപത് രൂപയോ അതിൽ‍ കുറവോ ആയിരിക്കും. പിന്നെയെങ്ങിനായാണ് റോഡ് പൊളിയാതെയിരിക്കുക. 

ഇത്തരം കള്ളകണക്കുകളാണ് ഈ ഗവർ‍ണേൻ‍സിലൂടെ ഇല്ലാത്തക്കേണ്ടത്. അഴിമതിക്ക് തടയിടാൻ‍ സാധിച്ചാൽ‍ നമ്മുടെ കേരളത്തിന്റെ എഴുപത് ശതമാനം പ്രശ്നങ്ങളും തീരുമെന്നത് തീർ‍ച്ച...

You might also like

Most Viewed