മാറ്റേണ്ട നയ തീരുമാനങ്ങൾ ... പ്രദീപ് പുറവങ്കര


ബഹ്റിനിലെയും സൗദി അറേബ്യയിലെയും പ്രവാസികൾക്കിടയിൽ സംഭവബഹുലമായ ഒരാഴ്ച്ചയാണ് കടന്നുപോകുന്നത്. ബഹ്റിനിൽ കാണാതായ സാറ എന്ന അഞ്ചുവയസ്സുകാരിയെ കണ്ടുകിട്ടാൻ വേണ്ടി ഒരു രാജ്യം തന്നെ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലം നമ്മെയൊക്കെ ഏറെ സന്തോഷിപ്പിക്കുന്നു. ജാതിയോ, മതമോ, രാഷ്ട്രീയമോ തുടങ്ങി പതിവ് വേലിക്കെട്ടുകൾ ഒന്നും തന്നെ ആ പിഞ്ചുപൈതലിനെ തേടുന്ന നേരത്ത് തടസ്സമായില്ല. ആനന്ദാശ്രുക്കൾ പൊഴിച്ചാണ് ബഹ്റിനിലെ വനിതാ പോലീസ് അംഗങ്ങൾ കുട്ടിയെ അമ്മയ്ക്ക് കൈമാറിയത്. ഏതൊരു ബഹ്റിൻ പ്രവാസിയെയും പോലെ ഏറെ അഭിമാനവും സ്നേഹവും തോന്നുന്നു ഈ രാജ്യത്തിനോട്. നമ്മുടെ നാട്ടിൽ ആയിരുന്നു ഈ സ്ഥിതിയെങ്കിൽ ഭിക്ഷാടനമാഫിയയുടെയോ മറ്റേതെങ്കിലും ക്രമിനൽ സംഘത്തിന്റെയോ അടിമയായി മാറിയിട്ടുണ്ടാകുമായിരുന്നു ആ കുട്ടി. അതൊടൊപ്പം സാറയെ തിരികെ ലഭിച്ചപ്പോൾ അവളെ വിളിച്ച് സംസാരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെ നേരിട്ട് രംഗത്ത് വന്നതും വിസ്മയകരമായി. ചില സ്ഥാനങ്ങളിൽ ചിലർ ഇരിക്കുന്പോഴാണ് ആ കസേരയ്ക്ക് തന്നെ മഹത്വം വരുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. മുന്പും പല വിദേശ പ്രവാസി മന്ത്രിമാരെ കണ്ട് തഴന്പിച്ചവരാണ് നമ്മളൊക്കെ. എന്തായിരുന്നു അവർ നമുക്ക് വേണ്ടി ചെയ്ത പുണ്യകർമ്മങ്ങൾ എന്നതിനെ പറ്റി വിശദീകരിക്കാൻ ഇപ്പോൾ ഞാൻ മുതിരുന്നില്ല. 

എങ്കിലും ഒരിക്കൽ ബഹ്റിനിലെ ഒരു തൊഴിലാളി പ്രശ്നവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രവാസി മന്ത്രിയെ ബന്ധപ്പെടേണ്ട ഗതികേട് ഉണ്ടായ ആളാണ് ഞാൻ. ലോകം മുഴുവൻ എത്രയോ പ്രശ്നങ്ങൾ ഇന്ത്യക്കാർക്ക് ഉണ്ടാകുന്നുണ്ടെന്നും, എല്ലാത്തിന്റെയും പിന്നാലെ പോകാൻ തനിക്കെവിടെയാണ് സമയമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മടുപ്പിക്കുന്ന മറുചോദ്യം. വർഷം തോറും പ്രവാസി ഭാരതീയ സമ്മേളനം എന്ന ബിസിനസ് പിആർ മീറ്റ് നടത്തുന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വകുപ്പിന്റെ അജണ്ട എന്നും പലതവണ തോന്നിയിട്ടുണ്ട്. 

ബഹ്റിന് പുറമേ സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ടവരെതിരികെ നാട്ടിലെത്തിക്കാനും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കാണിക്കുന്ന ശുഷ്കാന്തിയെ ഹൃദയം നിറ‍ഞ്ഞ് അഭിനന്ദിക്കുന്നു. സൗദി രാജാവിന്റെ സഹായത്തോടെ ഇതിന് പരിഹാരം കണ്ടെത്തി എന്ന് പറയുന്പോൾ അത് ഇന്ത്യൻ നയതന്ത്രത്തിന്റെ തന്നെ വലിയ വിജയമാണ്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന വിഷയം ഏറെ ഗൗരവപരമായി സർക്കാർ നോക്കി കാണേണ്ടതുണ്ട്. കഴിഞ്ഞ ഒരു പത്ത് വർഷത്തോളമായി ഇത് സംബന്ധിച്ച് ധാരാളം വാർത്തകൾ പുറത്ത് വരുന്നുണ്ട്. പക്ഷെ പലപ്പോഴും പുരനധിവാസം എന്ന തെറ്റായ ഒരു പദം കൊണ്ട് ഇതിനെ മറിക്കടക്കാനാണ് സർക്കാറുകൾ ശ്രമിച്ചിട്ടുള്ളത്. ഇത് അടിയന്തരമായി മാറണം. തൊഴിൽ പ്രശ്നത്തെ പറ്റി പഠിക്കാൻ സംസ്ഥാന മന്ത്രി കെ.ടി ജലീലും സൗദിയിലേയ്ക്ക് പോകാൻ ശ്രമിച്ചു വരികയാണ്. മന്ത്രിമാർ അവിടെ പോയിട്ടല്ല ഇനി കാര്യങ്ങൾ പഠിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഈ മന്ത്രിമാരൊന്നും ഗൾഫ് രാജ്യങ്ങൾ മുന്പ് സന്ദർശിക്കാത്തവരല്ല. മാത്രമല്ല ഇത് നൂറോ മുന്നൂറോ തൊഴിലാളികളുടെ മാത്രം പ്രശ്നമായി ഒതുക്കാനും സാധിക്കില്ല. ഇന്ന് ഒരു പ്രശ്നം പരിഹരിച്ചാൽ നാളെ അതിലും വലുത് മറ്റൊന്ന് വരും. വേണ്ടത് അതു കൊണ്ട് തന്നെ ശാശ്വതമായ പരിഹാരമാണ്. തിരികെ വരുന്നവർക്ക് വിദേശത്ത് എന്ത് ജോലിയാണോ ചെയ്തത് അതുമായി ബന്ധപ്പെട്ട മേഖലകളിൽ എത്രയും പെട്ടന്ന് അവരെ വ്യാപ്തരാക്കുക എന്ന നടപടിയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇപ്പോൾ ചെയ്യേണ്ടത്.  ഗൾഫിൽ നിന്ന് കൂടുതലായും തിരികെ വരുന്നത് അവിദഗ്ദ്ധ തൊഴിലാളികളാണ്. ആ ഒരു തൊഴിൽ മേഖലയാണ് ഇന്ന് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൈയടക്കി വെച്ചിരിക്കുന്നത്. ഈ ജോലികളിൽ മലയാളികൾക്ക് തന്നെ സാധ്യതകൾ കണ്ടെത്തേണ്ടതുണ്ട്. നാട്ടിലേയ്ക്ക് തിരികെ വരുന്പോൾ തന്നെ അവരുടെ അഭിരുചികൾ മനസ്സിലാക്കി ഏത് ജോലി നൽകിയാൽ അവർക്ക് കാര്യക്ഷമമായി ജീവിക്കാൻ പറ്റുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ വരുന്നവർക്കൊക്കെ ഒരു ഫോട്ടോ കോപ്പി മെഷീനോ, ഓട്ടോറിക്ഷ വാങ്ങാനുള്ള ലോണോ നൽകിയത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമുണ്ടാകില്ല.

കുടുംബശ്രീ മാതൃകയിൽ പ്രവാസികളുടെ കൂട്ടായ്മയും ഉണ്ടാക്കാം. ഗൾഫ് രാഷ്ട്രങ്ങളിൽ അവിദഗ്ദ്ധ തൊഴിൽ മേഖലയിൽ ലഭിക്കുന്നതിനേക്കാൾ എത്രയോ അധികം കൂലി ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നു എന്ന കാര്യവും തിരികെ വരുന്നവരെ പറഞ്ഞ് മനസ്സിലാക്കണം. അവിദഗ്ദ്ധ തൊഴിൽ മേഖലകളിൽ ഇവരുടെ സേവനം പതിയെ ഉറപ്പാക്കി കഴിഞ്ഞാൽ, ജോലിയുണ്ടെന്ന ഉറപ്പ് നൽകിയാൽ ഇനിയും എത്രയോ പേർ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുമെന്നത് ഉറപ്പ് ! 

You might also like

Most Viewed