കൺമുന്നിലെ കാണാകാഴ്ച്ചകൾ ...പ്രദീപ് പുറവങ്കര
ഇപ്പോഴും ഓർക്കുന്നുണ്ട് ആ കുഞ്ഞു കൂട്ടുകാരനെ. നാലാം ക്ലാസ് വരെ ഒന്നിച്ചിരുന്നു ഞങ്ങൾ പഠിച്ചിരുന്നു, കളിച്ചിരുന്നു. വികൃതിത്തരങ്ങൾ ഒന്നുമില്ലാത്ത പാവമൊരു കുട്ടിയായിരുന്നു അവൻ. ഒരു തൊട്ടാവാടി. പെട്ടെന്ന് കരയുന്ന സ്വഭാവം. ഒരു ദിവസം ഉച്ച നേരത്താണ് അവന്റെ അച്ഛൻ അവനെ ക്ലാസ്റൂമിൽ നിന്ന് ഇറക്കികൊണ്ടുപോയത്. പോകുന്പോൾ കൈവീശി ചിരിച്ചു കൊണ്ടാണ് അവൻ യാത്ര പറഞ്ഞത്. പിറ്റേന്ന് വീണ്ടും കാണാമെന്ന ചിന്തയിൽ ഞാനും കൈവീശി. ഇപ്പോൾ ഇരുപ്പത്തിയേഴ് വർഷമായിരിക്കുന്നു ആ കാത്തിരിപ്പിന്. ദൂരെയുള്ള ഒരു പട്ടണത്തിലെ ഒരു ലോഡ്ജ് മുറിയിൽ ആ അച്ഛൻ ആത്മഹത്യ ചെയ്ത വിവരമാണ് പിറ്റേന്ന് സഹപാഠികളിലൂടെ ഞാൻ അറിഞ്ഞത്. അവർ ഒന്നിച്ച് നടത്തിയ യാത്രയിൽ എന്റെ കളിക്കൂട്ടുക്കാരനെ വഴിയിൽ എവിടെയോ വെച്ച് ആ അച്ഛന് നഷ്ടമായി പോയത്രെ. മകനെ എത്ര തെരഞ്ഞിട്ടും കാണാത്ത വിഷമത്തിലാണ് ആ അച്ഛൻ ഒടുവിൽ ഒരു കയർതുന്പിൽ അഭയം തേടിയത്.
അന്ന് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നുമില്ല. ആദ്യത്തെ കുറച്ച് ദിവസം പ്രധാനപ്പെട്ട പത്രങ്ങളിൽ ഈ വാർത്തയും കാൺമാനില്ലെന്ന പരസ്യവും വലുതായി വന്നിരുന്നു. സ്കൂൾ യൂണിഫോം ധരിച്ചുള്ള അവന്റെ ചിത്രമായിരുന്നു ആ പത്രങ്ങളിലൊക്കെ നൽകിയിരുന്നത്. കാലം കുറച്ച് കഴിഞ്ഞപ്പോൾ ദൈനംദിന തിരക്കുകളിൽ എല്ലാവരും അവനെ മറന്നുതുടങ്ങി. തന്റെ ഒരേ ഒരു മകനും, ഭർത്താവും നഷ്ടമായ അമ്മയുടെ വിഷമം മാത്രം ഒരു ആചാരം പോലെ വാർഷികാടിസ്ഥാനത്തിൽ ചില പത്രങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ഓരോ വർഷവും ആ ദിവസമെത്തുന്പോൾ ഞാൻ പത്രങ്ങൾ അരിച്ച് വായിക്കും. എന്റെ ആ കൂട്ടുക്കാരനെ ഇനിയെങ്കിലും ആരെങ്കിലും കണ്ടെത്തിയോ എന്നറിയാൻ. പിന്നെ പിന്നെ വാർത്തകളൊന്നും വരാതെയുമായി.
ഇന്നും ഒരു കുട്ടിയെ കാൺമാനില്ലെന്ന് പറയുന്പോൾ എന്റെമനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് അന്ന് കൈവീശി നടന്നകന്ന അവന്റെ മുഖം തന്നെയാണ്. അവനെ കാണാതായ ആ നാളുകളിൽ എത്രയോ ദിവസം ഞാൻ ഉറങ്ങിയിട്ടില്ല. അവന്റെ ചെറിയ കണ്ണുകൾ ആരൊക്കെയോ ചേർന്നു ചൂഴ്ന്നെടുക്കുന്ന കാഴ്ച്ചകൾ എന്റെ കുഞ്ഞുമനസ്സിനെ അന്ന് വല്ലാതെ അലട്ടിയിരുന്നു. തീവണ്ടിയിലും, ബസ്സിലുമൊക്കെ പോകുന്പോൾ ഞാൻ പോലുമറിയാതെ അവനെ എന്റെ കണ്ണുകൾ അവിടെയൊക്കെ തിരയുമായിരുന്നു. ഇപ്പോൾ ഏറെ കാലമായി ഞാൻ അവനെ ഓർത്തിട്ട്. ചിലപ്പോൾ അത്തരം വാർത്തകൾ കൺമുന്പിൽ എത്താതിനാൽ ആകാം അത്.
എന്നാൽ കഴിഞ്ഞ രാത്രി വീണ്ടും ഞാൻ അവനെ വല്ലാതെ ഓർത്തു. ഈ കുറിപ്പ് എഴുതുന്നത് വരേയ്ക്കും കാൺമാനില്ല എന്ന സ്റ്റാറ്റസിൽ തന്നെ കഴിയുന്ന, ബഹ്റിനിലെ സാറ എന്ന അഞ്ചുവയസുകാരിയാണ് അതിന് കാരണം. കഴിഞ്ഞ ദിവസം ബഹ്റിനിലെ ഹൂറയിൽ നിന്നാണ് ഈ കുട്ടിയെ കാണാതായിരിക്കുന്നത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാർ കണ്ടെത്തിയെങ്കിലും കുട്ടിയെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഡേ കെയറിൽ നിന്ന് കുട്ടിയെയും വിളിച്ച് വീട്ടിലേയ്ക്ക് മടങ്ങിയ അമ്മ കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തി സാധനം വാങ്ങാനായി കോൾഡ് സ്റ്റോറിൽ കയറിയ നേരത്താണ് ആരോ കാറുമായി കടന്നു കളഞ്ഞത്. കാറിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് വെച്ചത് അക്രമിക്ക് കാര്യങ്ങൾ എളുപ്പമാക്കി.
ബഹ്റിനിലെ സുരക്ഷ ഉദ്യോഗസ്ഥർ ഈ കുട്ടിയെ എത്രയും പെട്ടന്ന് കണ്ടെത്തും എന്നു തന്നെയാണ് എല്ലാവരയെും പോലെ ഞാനും പ്രത്യാശിക്കുന്നത്. ഇതിനിടയിലും പക്ഷെ ഒരു കാര്യം വല്ലാതെ
ഭയപ്പെടുത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ മുന്പെങ്ങുമില്ലാത്തത് പോലെ അക്രമസംഭവങ്ങളുടെ എണ്ണം കൂടി വരികയാണ്. ഗർഭണിയായ യുവതിയെ വീട്ടിൽ കയറി വെട്ടികീറി കൊലപ്പെടുത്തുന്നതും, കടയിൽ കയറി വെടിവെച്ച് കടക്കാരനെ കൊല്ലുന്നതും, പൊതുനിരത്തിൽ പട്ടാപ്പകൽ പോലും കുഞ്ഞുകുട്ടികളെ തട്ടികൊണ്ടുപോകുന്നതുമൊക്കെ ഈ രാജ്യങ്ങളിൽ മുന്പ് അന്യമായ വാർത്തകളായിരുന്നു.
അതുകൊണ്ട് തന്നെ ഇത്തരം അക്രമസംഭവങ്ങളുടെ വർദ്ധനവ് സ്വദേശികളുടെയും വിദേശികളുടെയും ഉറക്കം ഒരുപോലെ കെടുത്തുമെന്നത് ഉറപ്പാണ്.
ചെറിയ കുട്ടികളെ ട്രാക്ക് ചെയ്യാനായി സഹായിക്കുന്ന വാച്ചുകൾ പോലെയുള്ള ഉപകരണങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. അത്തരം ഉപകരണങ്ങൾ നിർബന്ധമായും കുട്ടികൾക്ക് കെട്ടികൊടുക്കാൻ ഈ സംഭവം നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് വീട്ട് ജോലിക്കാരിൽ നിന്ന് ഏൽക്കേണ്ടി വരുന്ന പീഢനങ്ങളെ പറ്റിയും നമ്മൾ ഇപ്പോൾ ഏറെ കേൾക്കുന്നു. സി.സി ടിവി ക്യാമറകൾ സ്ഥാപിച്ച് അവിടെയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. കാരണം മരിച്ചുപോകുന്നതിനേക്കാൾ ഭയാനകമാണ് ജീവിച്ചിരിക്കുന്പോൾ നമ്മുടെ കുട്ടികൾ നമ്മിൽ നിന്നും പറന്നുപോകുന്നത്. ജാഗ്രത!