പപ്പടവും കരിങ്ങാലിയും...


നമ്മുടെ ഭക്ഷണങ്ങളിൽ‍ മിക്കതിലും വിഷം കലർ‍ന്നിട്ടുണ്ടെന്ന് അറിയാത്തവരല്ല നാം ആരും. പച്ചക്കറിയിലും ഇറച്ചിയിലുമൊക്കെയുള്ള വിഷം ദിനം പ്രതി കഴിച്ചു കൂട്ടി മാരകരോഗങ്ങളെ സ്വാഗതം ചെയ്യാൻ‍ ശീലിച്ചവരാണ് നമ്മൾ‍. മലയാളികളുടെ ആഹാരശീലത്തിലെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് പപ്പടവും, കരിങ്ങാലി അല്ലെങ്കിൽ‍ പതിമുഖം കലക്കിയ വെള്ളവും. രാവിലെ പുട്ടിനോടൊപ്പമോ, ഉച്ചയ്ക്ക് ചോറിനോടൊപ്പമോ, വൈകീട്ട് കഞ്ഞിപുഴുക്കിനൊപ്പമോ പപ്പടം നമ്മളിൽ‍ പലർ‍ക്കും നിർ‍ബന്ധമാണ്. കരിങ്ങാലി അല്ലെങ്കിൽ‍ പതിമുഖം കലർ‍ത്തിയ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും നമ്മൾ‍ കരുതുന്നു.  എന്നാൽ‍ ഇവ രണ്ടിലും വ്യാജൻ‍ കലർ‍ന്നിരിക്കുന്നു എന്നൊരു വാർ‍ത്ത ഇപ്പോൾ‍ മലയാള നാട്ടിൽ‍ സജീവമാണ്.

അലക്ക് കാരം മുതൽ‍ എഞ്ചിൻ‍ ഓയിൽ‍ വരെ പപ്പട നിർ‍മ്മാണത്തിൽ‍ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർ‍ട്ട്. സോഡിയം ബെൻ‍സോയെറ്റ് എന്ന കെമിക്കലും ഇതിൽ‍ ഉൾ‍പ്പെട്ടിരിക്കുന്നു. കാൻ‍സർ‍ പോലെയുള്ള മാരകരോഗങ്ങൾ‍ ഉണ്ടാകാൻ‍ ഇത് കാരണമാണ്. പണ്ടൊക്കെ നമ്മുടെ നാട്ടിൽ‍ മിക്ക ഗ്രാമങ്ങളിലും പപ്പടമുണ്ടാക്കുന്നവർ‍ ധാരാളമായി ഉണ്ടായിരുന്നു. അവരുടെ വീടുകളിൽ‍ പോയാൽ‍ പപ്പടം ഉണ്ടാക്കുന്ന കാഴ്ച്ചകൾ‍ നേരിട്ട് കാണാമായിരുന്നു. ഇന്ന് പരന്പരാഗതമായി പപ്പടമുണ്ടാക്കുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ‍ വലിയ കന്പനികൾ‍ ഈ രംഗത്ത് വന്നതോടെയാണ് വ്യാജന്‍മാരും വലിയ അളവിൽ‍ വിപണിയിൽ‍ എത്തിയിരിക്കുന്നത്. സാധാരണ ഒരു പപ്പടം ഉണ്ടാക്കി പത്ത് മുതൽ‍ 15 ദിവസം വരെയാണ് കേട് കൂടാതെ നിൽ‍ക്കുന്നത്. അതിന് ശേഷം അവ ചുമക്കും. എന്നാൽ‍ മായം കലർ‍ന്ന പപ്പടങ്ങൾ‍ മാസങ്ങളോളം കേടാകാതെ ഇരിക്കും.

ഇതേ അവസ്ഥയാണ് നമ്മുടെ കുടിവെള്ളത്തിനും. പരന്പരാഗതമായി കരിങ്ങാലി അല്ലെങ്കിൽ‍ പതിമുഖം പോലെയുള്ള ഉത്പന്നങ്ങൾ‍ കലർ‍ത്തിയാണ് മലയാളികൾ‍ വെള്ളം കുടിക്കാറുള്ളത്. പണ്ടൊക്കെ അങ്ങാടിയിലെ ആയുർ‍വ്വേദ കടകളിൽ‍ നിന്നാണ് നമ്മൾ‍ ഇത് വാങ്ങാറുണ്ടായിരുന്നത്. പിന്നീട് ഇതും പ്ലാസ്റ്റിക്ക് ബാഗിൽ‍ ദാഹശമനി എന്ന പേരിൽ‍ വരാൻ തുടങ്ങി. യത്ഥാർ‍ത്ഥത്തിൽ‍ ഇങ്ങിനെ വരുന്ന പാക്കറ്റുകളിൽ‍ വലിയൊരുളവ് വരെ നിറം കലർ‍‍ത്തിയ ഈർ‍‍ച്ച മില്ലുകളിലെ ഉപയോഗശൂന്യമായ മരച്ചീളുകളാണെന്നാണ് പലരും കണ്ടെത്തിയിരിക്കുന്നത്.അയോഡിൻ‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങൾ‍ ചേർ‍ത്ത് ഇതിന് നിറപ്പക്കിട്ടേകുന്നു.  വെള്ളത്തിന് നല്ല നിറം വേണമെന്ന് മാത്രം ആഗ്രഹിക്കുന്ന മലയാളികൾ‍ കണ്ണുമടച്ച് ഈ നിറവെള്ളം കുടിച്ച് നിർ‍വൃതി അടയുന്നു. ഒപ്പം മാരകരോഗങ്ങളെ ശരീരത്തിലേയ്ക്ക് ക്ഷണിച്ചു വരുത്തുന്നു.

കേരളത്തിൽ‍ ഒരു ദിവസം എത്ര ലോഡ് കരിങ്ങാലിയോ പതിമുഖമോ ഉപയോഗിക്കുന്നുവെന്ന് ആർ‍ക്കും തന്നെ അറിയാൻ‍ സാധ്യതയില്ല. ഇത്രമാത്രം ഉപയോഗപ്പെടുന്ന ഈ ഉത്പന്നങ്ങൾ‍ എവിടെയാണ് സത്യത്തിൽ‍ ഉത്പാദിക്കപ്പെടുന്നത് എന്ന് പോലും നമ്മൾ‍ അറിയുന്നില്ല. പച്ചക്കറികൾ‍ വരുന്നത് പോലെ അന്യസംസ്ഥാനങ്ങളിൽ‍ നിന്നാണ് ഇവയും നമ്മുടെ നാട്ടിൽ‍ എത്തുന്നത്. 

ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഇത്തരം ആഹാര പദാർ‍ത്ഥങ്ങളുടെ ഗുണമേന്മ അളക്കാനുള്ള സംവിധാനങ്ങൾ‍ നമ്മുടെ നാട്ടിൽ‍ ഏറെ വർ‍ദ്ധിക്കേണ്ടതുണ്ട്. ഓണവും പെരുന്നാളും പോലുളള മഹോത്സവങ്ങൾ‍ അടുത്തെത്താറായിരിക്കുന്നു. അത്തരമൊരു അവസ്ഥയിൽ‍ ഈ വാർ‍ത്ത തീർ‍ച്ചയായും നമ്മുടെ ഗവണ്‍മെന്റിനെ ഏറെ വേവലാതിപ്പെടുത്തേണ്ടതാണ്. വ്യാജ മദ്യത്തെ തേടി നടക്കുന്പോൾ‍ തന്നെ വ്യാജ പപ്പടവും, വ്യാജ കരിങ്ങാലിയുമൊക്കെ സർ‍ക്കാർ‍ സംവിധാനങ്ങളെ ജാഗരൂകരാക്കേണ്ടതുണ്ട്. പപ്പടം കഴിച്ച് കൂട്ടമരണം എന്നൊരു വാർ‍ത്തയുണ്ടാകാതിരിക്കട്ടെ എന്ന ആഗ്രഹത്തോടെ...

You might also like

Most Viewed