അതിഥി ദേവോ ഭവഃ - പ്രദീപ് പുറവങ്കര
മുംബൈ എയർപോർട്ടാണ് സ്ഥലം, സമയം രാവിലെ 5.30.
ക്യാ ദേഖ് രഹാ ഹെ... കുച്ഛ് തോ ബതാ... തൊട്ടുമുന്പിൽ നിൽക്കുകയായിരുന്ന ആ ആന്ധ്രാ സ്വദേശിയോട് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചോദിക്കുന്ന രീതി കണ്ട് സത്യത്തിൽ സങ്കടമാണ് വന്നത്. ഒരു കൈയിൽ വലിയ ഭാണ്ഢം പോലുള്ള കെട്ട്, മറ്റേ കൈയിലുള്ള പാസ്പോർട്ടും ടിക്കറ്റും നെഞ്ചോട് ചേർത്ത് വെച്ച് നരച്ച തലമുടി പാറി പറത്തി ആകെ പരിഭ്രാന്തനായി ഉദ്യോഗസ്ഥനോട് എന്ത് പറയണമെന്നറിയാതെ അയാൾ നിൽക്കുന്നു. കാമറയിലേയ്ക്ക് മുഖം കാണിക്കാനാണ് ഉദ്യോഗസ്ഥൻ ആജ്ഞാപിച്ചത്. പക്ഷെ ഭയപ്പെടുത്തുന്ന രീതിയിൽ ആ സ്വരം പുറത്തുവന്നപ്പോൾ സാധാരണക്കാരിൽ സാധാരണ പ്രവാസിയായ ആ പാവം പേടിച്ചുവിറച്ചു പോയി. അപ്പോഴാണ് കളിയാക്കലിന്റെയും പുച്ഛത്തിന്റെയുമൊക്കെ മേന്പൊടി ചേർത്ത് ഉദ്യോഗസ്ഥന്റെ വക ക്യാ ദേഖ് രഹാ ഹെ..തൊട്ടു പുറകിൽ നിന്ന ഞാൻ പതുക്കെ അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥന്‍റെ കുരച്ചുചാട്ടം എന്നോടായി. പീച്ഛേ ഹഠോ... എന്റെ നോട്ടം കുറച്ച് രൂക്ഷമായത് കൊണ്ടാവാം പിന്നെയൊന്നും അയാൾ പറഞ്ഞില്ല.
ബഹ്റിനിൽ നിന്ന് പലവട്ടം മുംബൈ വഴി ഞാൻ നാട്ടിലേയ്ക്ക് വന്നിട്ടുണ്ട്. ഇവിടെയുള്ള എമിഗ്രേഷൻ സിസ്റ്റം എത്രമാത്രം ക്രൂരമാണെന്ന് ഇത് വഴി വന്നിട്ടുള്ളവർക്ക് തീർച്ചയായും അറിയുന്ന കാര്യമാണ്. രാജ്യത്ത് തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെ ഓരോ മണിക്കൂറിലുമായി എത്തിചേരുന്നത്. അർദ്ധരാത്രിയിലും പുലർച്ചെയും അസമയത്തും ഏറെ ക്ഷീണിതരായി എത്തുന്ന യാത്രക്കാർക്ക് സംഭാരം നൽകണമെന്നൊന്നും പറയില്ല. പക്ഷെ ഇങ്ങിനെ വരുന്നവരോട് അതിൽ തന്നെ ഭാഷയുടെ പരിമിതിയുള്ളവരോട് കുറച്ചെങ്കിലും മര്യാദയ്ക്ക് പെരുമാറാനോ, ഒന്ന് ചിരിക്കാനോ എങ്കിലും അവിടെയുള്ള ഉദ്യോഗസ്ഥർ ശീലിക്കേണ്ടിയിരിക്കുന്നു. ആയിരക്കണക്കിന് പേരുടെ പേപ്പറുകൾ ഒരേ സമയം നോക്കാൻ പത്തോ ഇരുപതോ പേരാണ് അവിടെയുള്ളത്. അതു തന്നെ പലരും ഇടയ്ക്ക് കൗണ്ടറിൽ നിന്ന് ഇറങ്ങി പുറത്ത് പോയാൽ മണിക്കൂറുകൾ കഴിഞ്ഞാണ് തിരിച്ച് വരിക.
ട്രാൻസ്റ്റിറ്റ് ചെയ്യാനുള്ള യാത്രക്കാർ ഏറെ ടെൻഷനടിച്ചാണ് ഈ നേരത്ത് ഇവിടെ നിൽക്കുന്നത്. തന്റെ യാത്ര ഇത് കാരണം വൈകുമോ എന്ന ആശങ്ക സമ്മാനിക്കുന്ന സമ്മർദ്ധം വളരെയേറെയാണ്. ഇന്ത്യക്കാർക്ക് പുറമെ വിദേശികൾക്കും മുംബൈ എയർപ്പോർട്ടിലെത്തുന്പോൾ ഇന്ത്യയെ കുറിച്ചുള്ള ചിന്ത മാറി പോകും. ഇതിൽ എത്രയോ പേർ നമ്മുടെ രാജ്യത്തെ ടൂറിസം വരുമാനം വർദ്ധിപ്പിക്കുന്നവരാണ്. അതുപോലെ ആയിരക്കണക്കിന് കോടി രൂപ നാട്ടിലെത്തിക്കാൻ അഹോരാത്രം പണിയെടുക്കുന്ന പ്രവാസികളാണ് ഇത്തരം എയർപ്പോർട്ടുകളിലൂടെ നാട്ടിലെത്തുന്നത്.
മുംബൈ എയർപോർട്ടിൽ ഉള്ള മറ്റൊരു പ്രശ്നം ലഗേജ് കുത്തി തുറക്കലാണ്. ബ്ലേഡ് ഉപയോഗിച്ചും ലോക്ക് പൊട്ടിച്ചുമൊക്കെ ബാഗിനുള്ളിൽ നിന്ന് സാധനങ്ങൾ എടുക്കാൻ വൈദഗ്ദ്ധ്യമുള്ളവരും ഈ എയർപ്പോർട്ടിന് ഇന്നും സ്വന്തമാണ് എന്ന് എന്റെ അനുഭവങ്ങൾ തന്നെ സാക്ഷ്യം പറയുന്നു. പരാതിപ്പെട്ടാ
ൽ പോലും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഒരിക്കൽ എനിക്ക് ലഭിച്ച മറുപടി ക്യാമറ പലയിടത്തും പ്രവർത്തിക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാക്കാൻ സാധിക്കാത്തത് എന്നായിരുന്നു.
നമ്മുടെ വിമാനത്താവളങ്ങൾ യാത്രക്കാരോട് ശത്രുതാമനോഭാവം കാണിക്കുന്ന രീതി ഇനിയെങ്കിലും നിർത്തണം. വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും ഈ കാര്യത്തിൽ ഗൗരവപരമായി ഇടപെടണം. ഏറെ കാലത്തെ അദ്ധ്വാനത്തിന് ശേഷമാണ് പാവപ്പെട്ട ഒരാൾക്ക് അവന്റെ ഏറ്റവും പ്രിയപ്പെട്ടവരെ കാണാൻ ഒരവസരം ലഭിക്കുന്നത്. ആഹ്ലാദത്തിന്റെ അത്യുച്ചകോടിയിൽ നിൽക്കുന്ന അവന്റെ അല്ലെങ്കിൽ അവളുടെ ആ യാത്രയിൽ ദുസ്വപ്നം പോലെ കടന്നുവരുന്ന ഒന്നായി മാറരുത് വിമാനത്താവളം. മാത്രമല്ല ഓരോ യാത്രക്കാരന്റെയും മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും. സന്തോഷം കൊണ്ട് മാത്രമായിരിക്കില്ല അവർ യാത്ര ചെയ്യുന്നത്. ആരുെടയെങ്കിലും ദുഃഖം കാണാനോ അത് പങ്ക് വെയ്ക്കാനോ ഒക്കെയാവാം ആ യാത്രകൾ. അതുകൊണ്ട് തന്നെ വിമാനത്താവളത്തിലുള്ളവരെ നിരീക്ഷിക്കാനും അവരെ മനുഷ്യത്വം പഠിപ്പിക്കാനും ഗവൺമെന്റ് തയ്യാറാകണം എന്നാഗ്രഹത്തോടെ...