കുഴിച്ചു മൂടരുത് ആ ചിന്തകളെ...
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം കാലത്തിനപ്പുറത്തേയ്ക്ക് നടന്നുപോയിട്ട് ഒരു വർഷമാകുന്നു. ചില ജന്മങ്ങൾക്ക് മരണമില്ലെന്ന് ഓർമ്മിപ്പിക്കുന്നു അദ്ദേഹത്തിന്റെ ഓർമ്മദിവസം. ജീവിതാവസാനം വരെ കർമ്മനിരതനായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ നമ്മെ എന്നും സ്വാധീനിക്കും എന്നും ഉറപ്പ്.
അതേസമയം അദ്ദേഹം മരണമടഞ്ഞപ്പോൾ ആ സ്മരണ നിലനിർത്താനായി ബഹുമാന്യരായ നമ്മുടെ നേതാക്കാൾ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും ഇതുവരെയായി നടപ്പിലായിട്ടില്ല എന്ന യാഥാർത്ഥ്യം ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കേണ്ടതാണ്. രാമേശ്വരത്ത് നിർമ്മിക്കാനുദ്ദേശിച്ച മെമ്മോറിയൽ പ്രദേശത്ത് ഇപ്പോളും തെരുവ് നായകളും, പശുക്കളും അലഞ്ഞ് നടക്കുന്നു. ഈ കാഴ്ച്ച കണ്ടുമടുത്ത അദ്ദേഹത്തിന്റെ അനുയായികൾ ഏറെ ശബ്ദമുയർത്തിയതിന് ശേഷമാണ് കഴിഞ്ഞ ആഴ്ച്ച ഭാരതത്തിന്റെ മഹാനായ ആ പുത്രന് വേണ്ടി ഒരു സ്മാരകം പണിയാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കല്ലും മണ്ണും കൊണ്ട് ഒരു കെട്ടിടം നിർമ്മിച്ചാൽ മാത്രമേ അബ്ദുൽ കലാം എന്ന മനുഷ്യനെ നമ്മൾ ഓർക്കൂ എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ ചിലപ്പോൾ ഇത്തരം സ്മാരകങ്ങൾ ചിലപ്പോൾ നമ്മെ സഹായിച്ചേക്കും എന്ന വിശ്വാസം മാത്രം ബാക്കിയാകുന്നു.
കലാം എന്ന് പറയുന്പോൾ അണുവായുധവും മിസൈലുമൊക്കെയാണ് സാധാരണ ഓർക്കാറുള്ളത്. എന്നാൽ അതിലുപരിയായി മാനവികമായ ദർശനങ്ങളും, കരുണയും ഏറെ ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിലുണ്ടായിരുന്ന പല ചിന്തകളും ഇന്ത്യയെന്ന രാജ്യത്തെ മാറ്റി മറിക്കാനുള്ളതായിരുന്നു. ആ ചിന്തകളെയാണ് അദ്ദേഹം ജിവിച്ചിരിക്കുന്പോഴും മരണത്തോടൊപ്പവും പലരും കുഴിച്ചു മൂടിയിരിക്കുന്നത്. അത് വേദനയുണ്ടാക്കുന്ന കാര്യമാണ്.
ആരോഗ്യരംഗത്ത് അദ്ദേഹം ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട് എന്ന കാര്യം പലർക്കുമറിയില്ല. ബൈദരബാദിലെ ഒരു ഹെർട്ട് സർജനായ സോമ രാജുവിനോടൊപ്പം ചേർന്ന് ചിലവ് കുറഞ്ഞ രീതിയിൽ ഓപ്പറേഷനുകൾ നടത്താനുള്ള യന്ത്രങ്ങൾക്ക് അദ്ദേഹം രൂപം നൽകിയിരുന്നു. ഒരു ലക്ഷം രൂപവരെ വില വന്നിരുന്ന ചികിത്സാ ചിലവുകൾ പതിനായിരം രൂപയിൽ താഴെ എത്തിക്കാൻ ഈ കണ്ടുപിടുത്തങ്ങൾ കാരണം സാധിച്ചിരുന്നു. ഇങ്ങിനെ അറിയപ്പെടാത്ത പല മേഖലകളിലും കലാം വലിയ സംഭാവനകൾ ചെയ്തിട്ടുണ്ടെങ്കിലും പലതിനെയും അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തിൽ തന്നെ നമ്മുടെ ഗവൺമെന്റ് കണ്ടില്ലെന്ന് നടിച്ചിരുന്നു. അദ്ദേഹം ബഹ്റിനിൽ നടത്തിയ സന്ദർശത്തിന്റെ ഭാഗമാകാൻ ഒരു നിയോഗം പോലെ എനിക്ക് സാധിച്ചിരുന്നു. അന്ന് അദ്ദേഹം നടത്തിയ പല പ്രസംഗങ്ങളും സ്വപ്നതുല്യമായിരുന്നു. ആ ചിന്തകൾ വളരെ ഏറെ വ്യത്യസ്തങ്ങളായിരുന്നു. കടൽ വെള്ളത്തിൽ നിന്ന് കുടിവെള്ളം കണ്ടെത്തി രാജ്യത്തെ ജലക്ഷാമം പരിഹരിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. പലപ്പോഴും അദ്ദേഹം തന്റെ പ്രസംഗത്തിൽ നിങ്ങൾക്ക് മനസ്സിലായോ എന്ന് എടുത്ത് എടുത്ത് ഒരുഅദ്ധ്യാപകനെ പോലെ ചോദിച്ചിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ ചിന്തകളെ നമ്മൾ തിരിച്ചറിയുന്നില്ലെന്ന വിഷമമായിരിക്കണം ആ ചോദ്യത്തിന് കാരണമെന്ന് ഇപ്പോൾ തോന്നുന്നു.
2005ൽ മുംബൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അദ്ദേഹം അവിടെ പോയത് രാഷ്ട്രീയക്കാരെ പോലെ ഞെട്ടാനോ, ദുഃഖം അഭിനയിക്കാനോ ആയിരുന്നില്ല. മറിച്ച് ഇനിയിങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ലെന്ന ആഗ്രഹത്തോടെയായിരുന്നു. അന്ന് ഇത്തരം വെള്ളപ്പൊക്കത്തെ നേരിടാനുള്ള പഠന റിപ്പോർട്ടാണ് അദ്ദേഹം നൽകിയത്. ദൗർഭാഗ്യവശാൽ അത് എന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് ഇല്ലാതെ പോയി.
പ്രൊവിഷൻ ഫോർ അർബൻ ആംനെറ്റീസ് ഇൻ റൂറൽ ഏരിയ എന്ന പേരിൽ ഗ്രാമങ്ങളെ വികസിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതിയും മുളയിലേ സർക്കാരുകൾ നുള്ളികളഞ്ഞു. അപൂർവ്വം ചിലർ മാത്രം അദ്ദേഹത്തിന്റെ പാത പിന്തുടർന്നു എന്ന് പറയാതെ വയ്യ. തമിഴ്നാട്ടിൽ ജയലളിത ഗവൺമെന്റ് കടൽ വെള്ളത്തിൽ നിന്ന് കുടിവെള്ളം ഉണ്ടാക്കി വിതരണം ചെയ്യുന്നുണ്ട്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കൃഷ്ണ, ഗോദാവരി എന്നീ നദികളെ സംയോജിപ്പിക്കാനുള്ള ശ്രമം നടത്തിയതും കലാമിന്റെ ചിന്തകളെ പിന്തുടർന്നാണ്. 1998ലാണ് അബ്ദുൽ കലാം എഴുതിയ ഇന്ത്യ 2020 എന്ന പുസ്തകം പുറത്ത് വന്നത്. 2020ഓടു കൂടി അറിവിന്റെ സൂപ്പർ പവറാക്കി ഇന്ത്യയെ മാറ്റണമെന്ന ചിന്തയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ പങ്ക് വെച്ചത്. അദ്ദേഹം നൽകിയ ഡെഡ് ലൈൻ ആയ 2020ൽ നിന്ന് നാല് വർഷം മാത്രം പിറകിലാണ് നാം. ഉറങ്ങുന്പോൾ കാണുന്നതല്ല സ്വപ്നമെന്നും, ഉറക്കം കെടുത്തുന്നതാകണം സ്വപ്നമെന്നും നമ്മോട് പറഞ്ഞു തന്ന ആ ഗുരുവര്യന്റെ സ്വപ്നം നടപ്പിലാകുമെന്ന പ്രതീക്ഷയോടെ... അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്പിൽ ആദരവോടെ...