വാർത്തയാകാതെ പോകുന്നത്
ഇനി വേണ്ടാട്ടോ... അമ്മ മരിച്ചു.
ഞങ്ങളുടെ ചീഫ് റിപ്പോർട്ടറായ രാജീവ് വെള്ളിക്കോത്തിന്റെ ഫോണിന്റെ ലൗഡ് സ്പീക്കറിൽ ആ സ്വരം കേട്ടപ്പോൾ ഒരു സാധാരണ മരണ വാർത്തയായിരിക്കുമെന്നാണ് ആദ്യം ധരിച്ചത്. പിന്നീടാണ് നാട്ടിലുള്ള കാൻസർ രോഗിയായ അമ്മയെ ചികിത്സിക്കാൻ ബഹ്റിനിലെ ഒരു ഫസ്റ്റ്ക്ലാസ് റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്ന യുവതിയാണ് വിളിച്ചതെന്ന് മനസിലായത്. സാന്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന ഇവർ അമ്മയെ ചികിത്സിക്കാൻ വേണ്ടിയുള്ള സഹായങ്ങൾക്കായി ഒരു വാർത്ത നൽകണമെന്ന് ഒരാഴ്ച്ച മുന്പേ രാജീവിനോട് പറഞ്ഞിരുന്നുവത്രെ. ആ അമ്മയാണ് കഴിഞ്ഞ ദിവസം വേദന തിന്ന് മരണപ്പെട്ടിരിക്കുന്നത്.
ഇന്ത്യക്ക് വെളിയിൽ ബഹ്റിനിൽ ഒരു മലയാള ദിനപത്രം അച്ചടിക്കുന്പോൾ ഞങ്ങൾക്ക് ആ രാജ്യത്തെ മീഡിയാ നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യതയുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ കാരണം പല വാർത്തകളും യഥാസമയത്ത് നൽകുവാൻ ഞങ്ങൾക്കോ ഇവിടെ പ്രവർത്തിക്കുന്ന പല മാധ്യമങ്ങൾക്കോ സാധിക്കാറില്ല. സാന്പത്തിക സഹായം അഭ്യർത്ഥിച്ച് ഒരു വാർത്ത നൽകുന്പോൾ ഉത്തരാവാദപ്പെട്ടതോ അംഗീകരമുള്ളതോ ആയ സംഘടനകളോ, വ്യക്തികളോ അതിന്റെ ഭാഗമായിരിക്കണമെന്നും, നാളെ ഇത്തരമൊരു സഹായം മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി ദുർവിനിയോഗം ചെയ്യാൻ പാടില്ലെന്നുമുള്ള നിയമം നില നിൽക്കുന്ന ഇടമാണ് ബഹ്റിനടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ. പലരും ഈക്കാര്യം ഓർക്കാറില്ല എന്നതാണ് സത്യം. ജന്മനാടിന്റേത് പോലെ തന്നെയുള്ള സ്വാതന്ത്ര്യം ഇവിടെ അനുഭവിക്കുന്പോൾ ഇത് അന്യദേശമാണെന്ന ചിന്ത പോലും ഇല്ലാതെ പോകുന്നതാണ് അതിന്റെ കാരണം.
ഇത്തരം നിയന്ത്രണം കാരണം വാർത്തയാകാതെ പോയ എത്രയോ ഹൃദയഭേദകമായ വാർത്തകൾ ഞങ്ങളുടെ ഡെസ്കിൽ ഉണ്ട്. നിയമപരമായ രീതിയിൽ വാർത്തയാക്കുവാൻ തയ്യാറെടുക്കുന്പോഴേക്കും ആദ്യം സൂചിപ്പിച്ചത് പോലെ ആ വാർത്ത തന്നെ ഇല്ലാതെ പോകുന്നതും ധാരാളം. അതു പോലെ പല പ്രശ്നങ്ങളിലും പെട്ടുപോകുന്ന സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരുകൾ ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ തെളിവുകൾ ഇല്ലാതെ എഴുതി അറിയിക്കുന്നത് കോടതികൾ വഴി തന്നെ നിരോധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇത് കുറേ കൂടി കർശനമാണ്.
കഴിഞ്ഞയാഴ്ച്ച മുതൽ ബഹ്റിനിലെ ഓൺലൈൻ മാധ്യമ മേഖലയിലും നിയമങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ബഹ്റിൻ എന്ന പേരിനോടൊപ്പം ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കി അതിൽ ഈ രാജ്യത്തെ പറ്റിയുള്ള വാർത്തകൾ നൽകുന്നത് പോലും ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കർശനമായ നിരീക്ഷണത്തിലാണ്. ഇതോടൊപ്പം വ്യക്തിഗതമായ ഫേസ്ബുക്ക് പേജുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയൊക്കെ ഇന്ന് ഗവണ്‍മെന്റുകൾ നിരീക്ഷിക്കുന്നുണ്ട്. ഫോർ പി.എമ്മിന്റെ ഓൺലൈൻ പോർട്ടലും, അതു പോലെ ഫേസ്ബുക്ക് പേജും ഓരോ ദിവസവും ലക്ഷകണക്കിന് പേർ സന്ദർശിക്കുന്ന ഇടമാണ്. ബഹ്റിൻ എന്ന രാജ്യവും ഇവിടെയുള്ള ഗവണ്‍മെന്റും അനുശാസിക്കുന്ന രീതിയിലാണ് ഞങ്ങൾ ഇവിടെ വാർത്തകൾ നൽകാറുള്ളത്. അഭ്യന്തര മന്ത്രാലയം മുതൽ ഇൻഫർമേഷൻ വകുപ്പിൽ നിന്ന് വരെ നേരിട്ട് നൽകുന്ന വാർത്തകൾ ധാരാളമായി ഞങ്ങൾ ഇവിടെ നൽകാറുമുണ്ട്. ഇവിടെയുള്ള നിയമം ആവശ്യപ്പെടുന്നത് പോലെ പലപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്തവരുടെ പേർ, വിലാസങ്ങൾ വാർത്തകളിൽ നൽകാറില്ല. അതു തന്നെയാണ് ഉത്തരവാദിത്വമുള്ള ഒരു പത്രസ്ഥാപനമെന്ന രീതിയിൽ ഞങ്ങളും പിന്തുടരുന്നത്. പലപ്പോഴും ഇതിനെതിരെയുള്ള പരിഭവങ്ങളും, പരാതികളും, ഭീഷണികളുമൊക്കെ ഞങ്ങളെ തേടിയെത്താറുണ്ട്. പക്ഷെ ഈ ഒരു നിലപാടിൽ നിന്ന് തത്കാലം വ്യതിചലിക്കാൻ ഞങ്ങൾക്ക് എന്നല്ല ഇവിടെ പ്രവർത്തിക്കുന്ന മറ്റ് മാധ്യമങ്ങൾക്കും സാധ്യമല്ല എന്നതാണ് സത്യം.
ലോകത്ത് വർദ്ധിച്ച് വരുന്ന ഭീകരപ്രവർത്തനങ്ങളിൽ ഭൂരിഭാഗം ജനങ്ങളും മനം മടുത്തിരിക്കുന്ന ഒരു സമയമാണ് ഇപ്പോൾ. ഈ കാരണങ്ങൾ കൊണ്ടു തന്നെ ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകൾ പല മേഖലകളിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. അത് ഈ കാലഘട്ടത്തിന്രെ ആവശ്യമായിട്ട് വേണം കാണാൻ. അതു കൊണ്ട് തന്നെ കിട്ടാവുന്ന വിവരങ്ങൾ പങ്ക് വെയ്ക്കുന്ന ചുമരുകളെ മാത്രമല്ല പ്രിയ സുഹത്തുക്കൾ ഭീഷണിപ്പെടുത്തേണ്ടത്, മറിച്ച് വിശ്വമാനവികതയ്ക്കെതിരെ ബോംബുകൾ പൊട്ടിച്ച് പൊട്ടിച്ചിരിക്കുന്നവരെ കൂടിയാണെന്ന് ഇവിടെ ഓർമ്മപ്പെടുത്തട്ടെ.