തൂണുകൾ കൂട്ടിമുട്ടുന്പോൾ

ജനാധിപത്യത്തിന്റെ മൂന്നും നാലും തൂണുകൾ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചകളാണ് കേരളക്കരയിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി നമ്മുടെ മുന്പിൽ എത്തുന്നത്. തികച്ചും വേദനാജനകവും ലജ്ജാകരവുമാണ് ഈ പ്രവർത്തികൾ എന്നതിന് യാതൊരു സംശയവുമില്ല. നീതിയും ന്യായവും നടപ്പിലാക്കേണ്ട നീതിപീഠത്തിന് മുന്പിലാണ് ബുദ്ധിശൂന്യരെ പോലെ പരസ്പരം പോർ വിളിച്ചും, കല്ലെറിഞ്ഞും, സമൂഹം ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന ഈ രണ്ട് വിഭാഗവും തമ്മിൽ തല്ലുന്നത്. എറണാകുളത്ത് ഒരു വക്കീൽ അതും ഗവണ്‍മെന്റ് പ്ലീഡർ ഒരു സ്ത്രീയുടെ നേർക്ക് നടത്തിയ അക്രമത്തെ തുടർന്ന് ആ വാർത്ത ടെലിവിഷനിലും മറ്റ് മാധ്യമങ്ങളിലും വന്നതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. ആ സംഭവം നടക്കാത്തതോ കെട്ടിച്ചമച്ചതോ ഒന്നും തന്നെയായിരുന്നില്ല. ആ പ്രതിയോട് മാധ്യമപ്രവർത്തകർക്ക് മുൻകാല വൈരാഗ്യമൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോൾ ഏതൊരു അക്രമവും റിപ്പോർട്ട് ചെയ്യുന്നത് പോലെ മാധ്യമപ്രവർത്തകർ ഈ വാർത്തയും കാണിക്കുകയാണ് ഉണ്ടായത്. ഇങ്ങിനെ നടന്ന ഒരു അക്രമസംഭവം റിപ്പോർട്ട് ചെയ്യുന്നത് ഓരോ മേഖലയിലുള്ളവരെയും ഈ രീതിയിൽ പ്രകോപിപ്പിക്കാൻ തുടങ്ങിയാൽ മാധ്യമങ്ങൾ നമ്മുടെ നാട്ടിൽ പിന്നെ എന്തിനാണ് എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകർ ചോദിക്കുന്നത്.
കേരളത്തിലെ മാധ്യമപ്രവർത്തകർ ഏറ്റവും അധികം പ്രധാന്യം നൽകിവരുന്നത് രാഷ്ട്രീയത്തിനും, രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട നല്ലതും മോശവുമായ സംഭവങ്ങൾക്കാണ്. അതു കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ നടക്കുന്ന ക്രൈം അഥവാ അക്രമങ്ങളാണ് മാധ്യമങ്ങളുടെ ഇഷ്ടവിഭവം. അതു കഴിഞ്ഞാൽ വർഗീയതയും, മതമാത്സര്യവും ഒക്കെ പുറകെ വരും. രാഷ്ട്രീയക്കാരെ പറ്റി നിരവധിയായിട്ടുള്ള വാർത്തകൾ എല്ലാ ദിവസവും മാധ്യമങ്ങൾ പുറത്ത് വിടുന്നു. പക്ഷെ അവരൊന്നും തന്നെ ഈ മാധ്യമപ്രവർത്തകരെ അക്രമിക്കുന്ന തരത്തിലേയ്ക്ക് വന്നിട്ടില്ല. മറ്റ് മേഖലകളിലും ഇതുവരെ സ്ഥിതി സൗഹാർദ്ദപരമായിരുന്നു. ആ ഒരവസ്ഥയ്ക്കാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ മാറ്റം വന്നിരിക്കുന്നത്. പ്രതിയാണെന്ന് മാധ്യമങ്ങൾ വിളിച്ചു പറഞ്ഞയാൾ അങ്ങിനെയല്ലെന്ന് തെളിയിച്ചാൽ ആ വാർത്തയും മാധ്യമങ്ങൾ നൽകുമായിരുന്നു. പകരം അതിന് മുന്പേ ഇത്തരത്തിൽ ഒരു സംഘർഷം ഉണ്ടാക്കേണ്ട എന്ത് കാര്യമാണ് അഭിഭാഷക സുഹൃത്തുക്കൾക്ക് ഉണ്ടായത്. തെരുവുഗുണ്ടകളുടെ നിലവാരത്തിലേയ്ക്ക് അഭിഭാഷകർ അധഃപതിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനകരമല്ലെ. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളുമൊക്കെ തല്ലി തീർക്കുകയാണെങ്കിൽ ഈ നാട്ടിൽ എന്തിനാണ് അഭിഭാഷകരും നീതിന്യായ വ്യവസ്ഥയും. ക്രിമിനൽ വക്കീലന്‍മാർ ക്രിമിനലുകളെ പോലെ ചിന്തിക്കാൻ തുടങ്ങുന്പോൾ നീതിന്യായ വ്യവസ്ഥയ്ക്കും ഇളക്കം തട്ടുന്നില്ലേ. ഇങ്ങിനെ നിരവധി ചോദ്യങ്ങൾ പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്.
അതേസമയം വക്കീലന്‍മാരുടെ ജോലി മാധ്യമപ്രവർത്തകർ ഏറ്റെടുക്കുന്നതാണോ പ്രകോപനത്തിന് മറ്റൊരു കാരണമെന്ന ചിന്തയും ഇവിടെ പങ്കിട്ടട്ടെ. നമ്മുടെ നാട്ടിൽ ടെലിവിഷൻ ജേണലിസം സജീവമായതോടെയാണ് മാധ്യമപ്രവർത്തകരിൽ പലരും ഒരു ജഡ്ജിയുടെ ലെവലിലേയ്ക്ക് സ്വയം ഉയരുന്ന അവസ്ഥ ഉണ്ടാക്കിയെടുത്തത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പരസ്പരം അറിയിക്കുക എന്നതിന് അപ്പുറത്ത് അതിലൊക്കെ വിധി പ്രസ്താവിക്കേണ്ടത് തങ്ങളാണെന്ന അബദ്ധ ധാരണ ചില മാധ്യമ സുഹൃത്തുക്കൾക്കെങ്കിലും ഉണ്ട്. പ്രത്യേകിച്ച് അന്വേഷണമൊന്നുമില്ലാതെ പ്രൈം ടൈമിൽ പ്രേക്ഷകരുടെ മുഴുവുൻ ശ്രദ്ധയും തങ്ങളിലേയ്ക്ക് വലിച്ചെടുക്കുന്ന രീതിയിൽ കാര്യങ്ങളെ സെൻസേഷണലൈസ് ചെയ്യാൻ ഈ ദൃശ്യമാധ്യമ പ്രവർത്തകർ ഏറെ പണിപ്പെടുന്നുണ്ട് എന്ന സത്യത്തെ നമുക്ക് കാണാതിരിക്കാൻ ആവില്ല. തങ്ങളോട് എതിർ വാദങ്ങളുയർത്തുന്നവരെ ചർച്ചാവേദികളിൽ നിന്ന് ഇറക്കിവിടാൻ വരെ ഈ മാധ്യമ ജഡ്ജികൾ തുനിയുന്നു. അന്തിചർച്ചകളിൽ ഇവർ പ്രസ്താവിക്കുന്ന വിധിന്യായങ്ങൾ പൊതുജനം മുഴുവനായും അംഗീകരിക്കുന്നു എന്ന തോന്നലാണ് മിക്കവർക്കുമുള്ളത്. ഇത് ഒരു തരം അഹങ്കാരമാണ് എന്ന് പറയാതിരിക്കാൻ വയ്യ.
ഒരു ജനാധിപത്യ സമൂഹത്തിന് ഈ രണ്ട് വിഭാഗങ്ങളുടെയും തുറന്ന മനസും സമീപനവും അത്യന്താപേക്ഷികമായ കാര്യങ്ങളാണ്. കാരണം പൊതുജനം പല കാര്യങ്ങളിലും ഇടപെടുന്നത് ഇവരിലൂടെയാണ്. ആ ഉത്തരവാദിത്വം മനസിലാക്കി തുറന്ന ചർച്ചകളിലൂടെ സമൂഹത്തിന് വേണ്ടി തങ്ങൾക്ക് എന്ത് നല്ലത് ചെയ്യാൻ സാധിക്കുമെന്ന ചിന്തകളാണ് രണ്ടു വിഭാഗവും വെച്ചു പുലർത്തേണ്ടത്. ഈ സംഘർഷത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്, അതിന് സർക്കാറിന്റെ ഇടപെടലും അത്യാവശ്യമാണ്.