കബാലി ഡാ....
ആരാധകർക്ക് തലൈവർ ഒന്ന് മാത്രം. അത് രജനീകാന്ത് തന്നെയാണ്. അദ്ദേഹത്തിന്റെ ആരാധാകരുടെ എണ്ണവും തിട്ടപ്പെടുത്താൻ സാധിക്കില്ല. ഇന്ത്യക്കപ്പുറം വിദേശരാജ്യങ്ങളിൽ പോലും ആരാധകർ നിറയുന്ന മറ്റൊരു വലിയ താരം രജനികാന്തിനോടൊപ്പം അമിതാഭ് ബച്ചൻ മാത്രം. രജനിയുടെ ഓരോ സിനിമയും അദ്ദേഹത്തിന്റെ ആരാധാകർക്ക് ഉത്സവമാണ്, ഉന്‍മാദമാണ്. അത്തരമൊരു കാലം കൂടി വരികയാണ് കബാലിയിലൂടെ. ഇന്നത്തെ തോന്ന്യാക്ഷരം കബാലി എന്ന ചിത്രത്തെ പറ്റിയുള്ള റിവ്യു അല്ല. മറിച്ച് രജനീകാന്ത് എന്ന മനുഷ്യൻ അദ്ദേഹത്തിന്റെ സിനിമകൾ റിലീസ് ചെയ്യുന്ന നാളുകളിൽ നമ്മുടെ മനസിൽ കോറിയിടുന്ന ചില ചിന്തകളെ പറ്റിയാണ്.
വളരെ ചെറിയ ജീവിതാവസ്ഥയിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്ന് വന്ന അദ്ദേഹത്തിന്റെ കഥകളൊക്കെ ആവശേത്തോടെ നമ്മളൊക്കെ എത്രയോ തവണ വായിച്ചിരിക്കുന്നു. ഇന്ന് ലോകോത്തര ബ്രാൻഡുകളാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയും ഉത്സവങ്ങളാക്കുന്നത്. ടിവിയിലും, റേഡിയോയിലും, പത്രങ്ങളിലുമൊക്കെ കബാലി ഡാ... എന്ന ഘനഗംഭീരമായ ശബ്ദം അവർ നിറച്ചുവെക്കുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളും രജനി ദൈവതുല്യനാണ്. അതേസമയം ഷൂട്ടിങ്ങില്ലാത്ത നേരത്ത് വഴിയരികിലുള്ള തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ച്, തന്റെ കഷണ്ടിയെ മറച്ചുപിടിക്കാതെ, സാധാരണ കൈലിയും ധരിച്ചു നിൽക്കുന്ന രജനിയുടെ ചിത്രവും നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. പൊതുചടങ്ങുകളിൽ പോലും വിഗ് വെച്ചോ അല്ലെങ്കിൽ വലിയ മേക്ക് അപ്പ് ചെയ്തോ അദ്ദേഹം വരാറില്ല. അങ്ങിനെ വരുന്നത് വലിയ കുറ്റമായി കാണുന്നില്ലെങ്കിലും, തന്റെ യത്ഥാർത്ഥമായ രൂപത്തിൽ വരാനുള്ള ആ ആത്മവിശ്വാസത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നു.
കഴിഞ്ഞ ദിവസം ദുബൈയിലെ പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദും അദ്ദേഹത്തിന്റെ മക്കളും ഇംഗ്ലണ്ടിൽ ഒരു സാധാരണ ട്രെയിനിൽ വളരെ സാധാരണക്കാരായി നടത്തിയ യാത്ര ലോകമാധ്യമങ്ങളൊക്കെ ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മക്കൾ സോഷ്യൽ മീഡിയയിൽ ഈ ഒരു ചിത്രം പങ്കിട്ടപ്പോഴാണ് ഇംഗ്ലണ്ട് ഗവണ്‍മെന്റ് പോലും ഈ കാര്യം അറിയുന്നത്. മുന്പും പല തവണ ഇത്തരത്തിൽ ദുബൈ ഭരണാധികാരി നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ പ്രവാസലോകത്ത് വലിയ ബിസിനസ് സാമ്രാജ്യങ്ങൾ ഉള്ള പലരും നാട്ടിലെത്തിയാൽ ബസിലും ഓട്ടോയിലും സ്കൂട്ടറിലും ഒക്കെ വളരെ സാധാരണക്കാരെ പോലെ യാത്ര ചെയ്യുന്നത് കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ.
ഇത്തരത്തിലുള്ള ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. പുരാണത്തിൽ പറയാറുള്ളത് പോലെ ഋഷിതുല്യരാണിവർ. ഇവർക്ക് പരാജയങ്ങളെ തീരെ ഭയമുണ്ടാകില്ല. താൻ പ്രവർത്തിക്കുന്ന മേഖലയിൽ ചക്രവർത്തി സമാനമായ അവസ്ഥയിൽ ജീവിക്കുന്പോഴും, ഒരു അപ്പൂപ്പൻ താടി പോലെ എപ്പോൾ വേണമെങ്കിലും ഭൂമിയുടെ താഴെതട്ടിലേയ്ക്ക് ഇറങ്ങി വന്ന് ജീവിതത്തിന്റെ എല്ലാ വശങ്ങളും അനുഭവിക്കാൻ ശ്രമിക്കുന്നവർ. ഇവരുടെ പ്രവർത്തികളെ എളിമയെന്നോ, വിനയമെന്നോ, പി.ആർ അക്ടിവിറ്റി എന്നോ പേരിട്ട് നമ്മൾ വിളിക്കുന്നു. എന്തായാലും ശരി, ഇവ വലിയ സന്ദേശങ്ങളാണ് പൊതുസമൂഹത്തിന് നൽകുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. പണം മാത്രമല്ല നല്ല ജീവിതത്തിന്റെ അടിസ്ഥാനമെന്ന് സത്യത്തിൽ ഈ സന്പന്നർ ഇങ്ങിനെയുള്ള വേളകളിൽ തെളിയിക്കുന്നുണ്ട്.
അതേസമയം പലപ്പോഴും ആർഭാടം കാണിക്കാൻ വേണ്ടി മാത്രം ലോണും, ക്രെഡിറ്റ് കാർഡുമെടുത്ത് ഒടുവിൽ ഉത്തരത്തിൽ തൂങ്ങിയാടേണ്ടി വന്നവരെ പറ്റിയും നമ്മൾ ദിനം പ്രതി വായിക്കുന്നു. കാലം മാറി വരികയാണ്. പുതിയ തലമുറയുടെ മുന്പിൽ അപാരമായ സാധ്യതകളാണ് ഉള്ളത്. അവരെ വെറുതെ വിടുക. സ്വപ്നങ്ങളെ പിന്തുടർന്നാൽ ഒരേ സമയം ദേവദാരു മരവും, അതേ സമയം ഒരു പുൽകൊടിയുമാകാൻ സാധിക്കുമെന്നാണ് അവരോട് പറഞ്ഞുകൊടുക്കേണ്ടത്. അത് തെളിയിച്ച മനുഷ്യരെയാണ് നാം അവർക്ക് മുന്പിൽ വെക്കേണ്ടത്. എങ്കിൽ ഉറപ്പായും അവരും ഒരുനാൾ പറയും... കബാലി ഡാ....