പോയിന്റുകൾക്കായി ഒരു ജീവിതം
മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കൊലപാതക പരന്പരകളാണ് ലോകമെങ്ങും നടക്കുന്നത്. ആർക്ക് വേണ്ടിയെന്നോ, എന്തിന് വേണ്ടിയെന്നോ അറിയാതെ പ്രായഭേദമന്യേ കുറെയേറെ മനുഷ്യജീവനുകൾ ബോംബ് വീണും, വെടിയുണ്ട തറച്ചും, ട്രക്ക് കയറിയും ഇല്ലാതാകുന്നു. ഈ ദിനങ്ങളിൽ നന്മ അവശേഷിക്കുന്ന എല്ലാ മനുഷ്യമനസ്സുകളിലും സങ്കടകടൽ വല്ലാതെ അലയടിക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ എന്ത് പറഞ്ഞാലും ഏതെങ്കിലും ഒരു ഭാഗത്തേയ്ക്ക് ചേർത്ത് വെയ്ക്ക്പ്പെടുമെന്ന ഭയം എന്നെയും പിടികൂടുന്നു. അതുകൊണ്ട് തന്നെ രാമായണത്തിലെ മാനിഷാദ എന്നു മാത്രം ഇപ്പോൾ പറയട്ടെ.
കുറച്ച് ദിവസമായി തോന്ന്യാക്ഷരത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രശ്നങ്ങളെ പറ്റിയും, മനുഷ്യർ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകന്നുപോകുന്ന അവസ്ഥകളെ പറ്റിയുമാണ് സൂചിപ്പിച്ചിരുന്നത്. ഇന്നും ഏകദേശം അതേ വിഷയത്തിലാണ് ചിന്തകൾ നീളുന്നത്. കഴിഞ്ഞ ദിവസം ബഹ്റിനിലെത്തിയപ്പോഴാണ് പോക്കിമോൻ എന്ന പുതിയൊരു അവതാരത്തെ പരിചയപ്പെട്ടത്. സ്മാർട്ട് ഫോണിലെ ആപ്പുകളിൽ പുതിയ താരമാണ് ഈ കാർട്ടൂൺ ഗെയിം. ഓഗ്്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യയാണ് ഇതിന് ആധാരം. നമുക്ക് മുന്പിലുള്ള സ്ഥലത്താണ് ഈ ഗെയിം നടക്കുന്നതെന്ന് തോന്നുന്ന മാനസിക വിഭ്രാന്തിയാണ് ഈ ഗെയിം സമ്മാനിക്കുന്നത്. കളിക്കുന്ന സ്ഥലത്തിനനുസരിച്ച് കാലാവസ്ഥയും കഥാപാത്രങ്ങളും വരെ മാറും. ഫോണിലെ ജി. പി.എസിന്റെ സഹായത്തോടെ വഴിയിൽ കാണുന്ന പോക്കിമോനുകളെ പിടിക്കൂടുന്നതാണ് ഈ ഗെയിം. വെള്ളച്ചാട്ടത്തിലും, കടലിലുമൊക്കെ പോക്കിമോനെ കണ്ടേക്കാം. സ്ക്രീൻ മാത്രം നോക്കി പോക്കിമോനെ പിടിക്കാൻ നടക്കുന്പോൾ വലിയ അപകടങ്ങളുമുണ്ടാകാം. ഇതിനകം തന്നെ ധാരാളം അത്തരം അപകടങ്ങളുമുണ്ടായി കഴിഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്ത് പോലെയുള്ള ചില രാജ്യങ്ങളിൽ തന്ത്ര പ്രധാനമായ സ്ഥലങ്ങളിൽ ഈ ഗെയിം നിരോധിച്ചിട്ടുണ്ട്.
ബഹ്റിനിലെ ഒരു പ്രധാന ബാങ്കിങ്ങ് സ്ഥാപനത്തിൽ പോയപ്പോഴാണ് പോക്കിമോന്റെ വിക്രിയകളെ നേരിട്ട് മനസ്സിലാക്കിയത്. മിക്ക ജീവനക്കാരും മൊബൈൽ സ്ക്രീനിൽ തന്നെ നോക്കിയിരിപ്പായിരുന്നു. ചിലർ ഇടയ്ക്ക് മൊബൈലെടുത്ത് ഓടുകയും ചാടുകയുമൊക്കെ ചെയ്യുന്നു. സംഭവം അന്വേഷിച്ചപ്പോഴാണ് പോക്കിമോനെ പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് അതൊക്കെ എന്ന് മനസ്സിലായത്. ഞങ്ങളുടെ ഫോട്ടോഗ്രാഫറായ മുഹമ്മദ് തസ്ലീം ഇവിടെയുള്ള നാഷണൽ മ്യൂസിയത്തിൽ പോയപ്പോഴും സ്ഥിതി തഥൈവ. അവിടെയെത്തിയവർ കൂട്ടത്തോടെ പോക്കിമോനെ പിടിക്കാനുള്ള ശ്രമം നടത്തുന്നത് കണ്ട് ആ ചിത്രങ്ങൾ അദ്ദേഹം പകർത്തി. മ്യൂസിയത്തിനകത്ത് ഉറങ്ങി കിടക്കുന്ന ചരിത്രത്തെ അറിയാൻ ശ്രമിക്കുന്നതിന് പകരം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ഒരു മാനസികാവസ്ഥയിൽ പെട്ടുപോകുന്നവരെ പറ്റി കേട്ടപ്പോൾ കൗതുകം തോന്നി ഒപ്പം വിഷമവും.
ലോകത്തുണ്ടാകുന്ന എല്ലാ ജീവിതസംഘർഷങ്ങളെയും മറന്ന് കൊണ്ട് കൃത്രിമത്വങ്ങളെ സ്വീകരിക്കാൻ നമ്മുടെയിടയിൽ മിക്കവരുടെയും മനസ് തയ്യാറായി കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നുണ്ട് ഇത്തരം ഓരോ സാങ്കേതിക പുരോഗമനങ്ങളും. വീഡിയോ ഗെയിമുകളിൽ തുടങ്ങി എല്ലാ തരം കളികളിലും നിറയുന്ന ശത്രുത മനോഭാവമാണ്. മുന്പിൽ വരുന്നതിനെയൊക്കെ വെടിവെച്ചിടാനാണ് ഓരോ ഗെയിമും ആവശ്യപ്പെടുന്നത്. ഓരോ വെടിവെപ്പിനും ലഭിക്കുന്നത് പോയിന്റുകളാണ്. വളരുന്പോൾ ഇതേ മാനസികാവസ്ഥയും വളരുന്നു. ചുറ്റിലും ശത്രുക്കളെ മാത്രം മനകണ്ണിലൂടെ കാണുന്പോൾ സൗഹൃദത്തിന് പോലും സ്വാർത്ഥതകളുടെ നിറം കലരുന്നു.
വിശാലമായ നീലാകാശത്തിന് കീഴെ പുൽത്തകിടിയിൽ അൽപ്പനേരം കിടന്നുകൊണ്ട് നക്ഷത്രങ്ങളെ നോക്കി ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്നൊക്കെ പാടുന്ന ഒരു തലമുറ നമ്മുടെ ഇടയിൽ ഇല്ലാതെ പോകുകയാണെന്ന വേദനയോടെ ഒപ്പം കുറച്ചെങ്കിലും അങ്ങിനെയൊരു കാലഘട്ടത്തിൽ കഴിയാൻ നമുക്കെങ്കിലും സാധിച്ചു എന്നാശ്വസത്തോടെ...