പാ­തി­രാ­കി­ളി­കളും, നി­ശാ­ഗന്ധി­യും..


മുന്പുള്ള തലമുറയിൽ‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ലോകത്തിനും, ഇവിടെ വസിക്കുന്ന മനുഷ്യർ‍ക്കും പല പ്രത്യേകതകളുമുണ്ട്. പോസിറ്റീവായിട്ട് എടുത്താൽ‍ എത്രയോ നല്ല കാര്യങ്ങൾ‍ ആധുനികതയും ശാസ്ത്ര സാങ്കേതിക മേഖലയും മനുഷ്യകുലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അതിനെയൊന്നും തിരസ്കരിക്കാനല്ല ഇന്നത്തെ തോന്ന്യാക്ഷരം. മറിച്ച് നമ്മുടെ ഇടയിൽ‍ സർ‍വ്വസാധാരണമായികൊണ്ടിരിക്കുന്ന ഒരു കാര്യത്തെ ഓർ‍മ്മിപ്പിക്കാനായുള്ള ചെറിയൊരു ചിന്ത മാത്രം. 

പകൽ‍നേരം അദ്ധ്വാനിക്കാനും, സായാഹ്നങ്ങൾ‍ ആസ്വദിക്കുവാനും, രാത്രി നേരം വിശ്രമിക്കാനോ, ഉറങ്ങുവാനോ ഉള്ള സംവിധാനമാണ് മിക്ക ജീവജാലങ്ങളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന് ഒരു അച്ചടക്കം വരുത്തുവാനും ആരോഗ്യകരമായ ജീവിതം നയിക്കുവാനും ഈ ഒരു ക്രമം നമ്മെ സഹായിക്കുന്നു. എന്നും രാവിലെ കിഴക്ക് ചക്രവാളത്തിൽ‍ സൂര്യൻ ഉദിക്കുന്പോൾ‍ മുതൽ‍ പകലന്തിയോളം ജീവിതം മുന്പോട്ട് നയിക്കാൻ‍ വേണ്ടിയുള്ള ശ്രമകരമായ ജോലികൾ‍ ചെയ്താണ് മിക്കവാറും എല്ലാവരും കഴിയുന്നത്. സായാഹ്നങ്ങളിൽ‍ കൂട് തേടി പറക്കുന്ന പക്ഷിക്കൂട്ടങ്ങൾ‍ ഈ ജീവിതക്രമത്തെ തന്നെയാണ് നമ്മോട് വിളിച്ചു പറയുന്നത്. എന്നാൽ‍ പുതിയ ലോകത്ത് ഈ ഒരു ചിട്ടയ്ക്ക് നാം അറിയാതെ വ്യത്യാസങ്ങൾ‍ വന്നുകൊണ്ടിരിക്കുകയാണ്. 

പലർ‍ക്കും ഇന്ന് പകലിനേക്കാൾ‍ രാത്രിയാണ് ഇഷ്ടം. അവർ‍ക്ക് രാത്രിയിലാണ് സൂര്യൻ‍ ഉദിക്കുന്നത്. പക്ഷെ ഈ ഉദയം മൊബൈൽ‍ ഫോണിന്റെ സ്ക്രീനിലാണെന്ന് മാത്രം. പാതിരാകിളികളായും നിശാഗന്ധി പുഷ്പങ്ങളായും അവർ‍ സ്മാർ‍ട്ടായി ഉറക്കമൊഴിയുന്നു. രാത്രിയിൽ‍ ആക്ടീവാകുന്ന ഇവർ‍ പകൽ‍ നേരങ്ങളിൽ‍ മൂങ്ങകളെ പോലെ തലയും കുന്പിട്ട് ഉറക്കം തൂങ്ങി ജോലി ചെയ്യാനോ പഠിക്കാനോ ശ്രമിക്കുന്നു. ടീനേജ് പ്രായക്കാരിൽ‍ കൗൺ‍സിലിങ്ങ് നടത്താറുള്ള എന്റെ സുഹൃത്തുക്കളിൽ‍ പലരും രാത്രിയിലെ ഉറക്കമില്ലായ്മ ഇവരിൽ‍ ഏറെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളും ഈ പ്രായത്തിലുള്ള കുട്ടികളും തമ്മിൽ‍ നല്ല കമ്മ്യൂണിക്കേഷൻ‍ ഇല്ലാതാകുന്പോഴാണ് ഈ പ്രശ്നം ഏറെ വർ‍ദ്ധിക്കുന്നത്. തങ്ങളുടെ മക്കളുടെ കൈവശം മൊബൈൽ‍ ഫോൺ‍ ഉണ്ടോ എന്നു പോലും അറിയാത്ത മാതാപിതാക്കളുടെ എണ്ണം നമ്മുടെ ഇടയിൽ‍ ഓരോ ദിവസവും വർ‍ദ്ധിച്ച് വരികയാണ്. ശുഭരാത്രി പറഞ്ഞു കിടക്കയിലേയ്ക്ക് നീങ്ങുന്ന മക്കളിൽ‍ പലരും യഥാർ‍ത്ഥത്തിൽ‍ അവരുടെ ദിവസം ആരംഭിക്കുന്നത് അപ്പോഴാണെന്ന് ആരും തിരിച്ചറിയുന്നില്ല. മൂടിപുതച്ച ബെഡ്ഷീറ്റിനുള്ളിൽ‍ മൊബൈൽ‍ സ്ക്രീനിന്റെ നീല വെളിച്ചം തിളങ്ങിനിൽ‍ക്കുന്നത് പലരും കാണാറില്ല. ഈ ഒരു പുതിയ ശീലത്തിന് കേരളമെന്നോ പ്രവാസലോകമെന്നോ ഉള്ള വ്യത്യാസമില്ല. ഇതു പുതുതലമുറയിൽ‍ മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് യാഥാർ‍ത്ഥ്യം. ജീവിത നിരാശ ബാധിക്കുന്ന ആരുടെയും മുന്പിൽ‍ ഒരാശ്വസമാവുകയാണ് രാത്രിയിലെ ഈ കൂടുമാറ്റം. 

ജീവിതം വെർ‍ച്വൽ‍ ലോകത്ത് തളച്ചിടപ്പെടുന്പോൾ‍ മുന്പിലുളള മനുഷ്യനെക്കാൾ‍ നമുക്കിഷ്ടപ്പെടുന്നത് അക്കരപ്പച്ചയെയാണ്. കൈയ്യിലുള്ളതിനെ മനസ്സിലാക്കാതെ, അറിയാൻ‍ ശ്രമിക്കാതെ ഒരിക്കലും മുന്പിൽ‍ വരാൻ സാധ്യതയില്ലാത്ത എന്തിനെയോ തേടി മനസും ശരീരവും അങ്ങിനെ അലഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ പുതിയ രസങ്ങൾ‍ കണ്ടെത്തേണ്ട എന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ അതിന് മാത്രമായി അടിമപ്പെടുന്പോൾ‍ നമുക്ക് നഷ്ടമാക്കുന്നത് നമ്മളെ തന്നെയായിരിക്കും. വീഴുന്പോൾ‍ പറഞ്ഞുതരാൻ‍, ഒരു കൈ തന്നു സഹായിക്കാൻ‍ ആരുമുണ്ടാകണമെന്നില്ല, പക്ഷെ പൊട്ടിചിരിക്കാൻ‍, പരിഹസിക്കാൻ‍ ധാരാളം പേർ‍ കാണും. അതൊക്കെ ഏറ്റ് വാങ്ങാൻ‍ തയ്യാറാണെങ്കിൽ‍ തീർ‍ച്ചയായും സൂര്യൻ‍ രാത്രിയിലും ഉദിക്കട്ടെ...

You might also like

Most Viewed