ചില്ലുകൂട്ടിലെ ഫ്രെയ്മുകൾ
മുകളിലെ ചിത്രം പെട്ടന്ന് കണ്ടാൽ ആർക്കും ഒന്നും മനസ്സിലാകണമെന്നില്ല. കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചാൽ പലതും മനസ്സിലാവുകയും ചെയ്യും. ബ്ലാക്ക് മാസ് എന്ന ഹോളിവുഡ് ചിത്രത്തിലെ അഭിനേതാക്കൾ സിനിമയുടെ ആദ്യ പ്രദർശനത്തിന് വന്നപ്പോൾ അവരുടെ ആരാധക വൃന്ദം നൽകിയ സ്വീകരണത്തിന്റെ ചിത്രമാണിത്. പ്രശസ്ത വ്യക്തികളെ കാണുന്പോൾ രോമാഞ്ചമണിയുന്നവരിൽ ഞാനും നിങ്ങളുമൊക്കെ പെടുന്നു. അവരെ ഒരു നോക്ക് കാണുവാനും ആ ചിത്രം പകർത്തുവാനും തിരക്ക് കൂട്ടാത്തവർ വളരെ ചുരുക്കം മാത്രം. ഇങ്ങിനെ എത്രയോ ചിത്രങ്ങൾ നമ്മൾ പതിവായി പലയിടങ്ങളിലും കണ്ടു തീർക്കുന്നുമുണ്ടാകും. പക്ഷെ ഈ ചിത്രം അത്തരമൊരു സാധാരണ ചിത്രമല്ല. ഇതിൽ ഇടതുഭാഗത്ത് നിന്ന് മൂന്നാമത് നിൽക്കുന്ന പ്രായമായ ഒരു സ്ത്രീയാണ് നമ്മോട് പലതും വിളിച്ചുപറയുന്നത്. അവർ മാത്രമാണ് ഇത്രയും പേർക്കിടയിൽ കൈയിൽ ഒരു മൊബൈൽ ഫോണില്ലാതെ മുന്പിൽ നടക്കുന്ന കാര്യം ഏറെ ആഹ്ലാദത്തോടെ മനസ്സിൽ ഒപ്പിയെടുക്കുന്നത്. ഈ നിമിഷത്തിൽ ജീവിക്കാൻ തത്വചിന്തകർ ആവശ്യപ്പെടുന്പോൾ നമ്മിൽ എത്ര പേർക്ക് അത് സാധിക്കുന്നു എന്നതിനെ പറ്റി ഏറെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം.
ഇന്നത്തെ കാലത്ത് നമ്മളിൽ മിക്കവരും ആ ചിത്രത്തിലെ മറ്റുള്ളവരെ പോലെയാണ്. ചുറ്റും കാണുന്നതൊക്കെയും നമ്മുടെ കൈവശമുള്ള യന്ത്രങ്ങളിൽ ഒപ്പിയെടുക്കുന്നു. ചുറ്റുമുള്ള ആർക്കെങ്കിലും അത് കാണിച്ച് കൈയ്യടി നേടാമെന്നോ, ആൾകൂട്ടത്തിൽ ഞാൻ വ്യത്യസ്തനാണെന്ന് തോന്നിപ്പിക്കാനോ ഒക്കെ അത് സഹായിക്കുമെന്ന് നമ്മളൊക്കെ വിശ്വസിക്കുന്നു. മുന്പിൽ കാണുന്നത് മനസ്സിലോ ചിന്തകളിലോ അല്ല നാം ആവാഹിക്കുന്നത്. എല്ലാം സ്റ്റോർ ചെയ്യപ്പെടുന്നത് മെമ്മറി ചിപ്പുകളിലേയ്ക്കാണ്. സോഷ്യൽ മീഡിയകളിൽ ജനിച്ച് ജീവിച്ച് മരിച്ചു പോകാൻ ശ്രമിക്കുന്പോൾ പച്ചയായ യാത്ഥാർത്ഥ്യങ്ങളെ തീരെ ശ്രദ്ധിക്കാൻ നമുക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് തൊട്ടപ്പുറത്തെ വീട്ടിൽ തന്റെ മാനം കാക്കാൻ അലറി വിളിക്കുന്ന ജിഷമാരുടെ അലമുറ നമ്മൾ കേൾക്കാത്തത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാൽ പിടിച്ചു കരയുന്ന തെരുവിലെ നിഷ്ങ്കളങ്ക ബാല്യങ്ങളെ കാണാത്തത്. കിടക്കപായയിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാതെ ഒരു തുള്ളി വെള്ളത്തിന് വേണ്ടി കണ്ണീർ വാർക്കുന്ന സ്വന്തം അച്ഛനെയോ അപ്പൂപ്പനെയോ തിരിച്ചറിയാൻ സാധിക്കാത്തത്. അതേസമയം ആയിരം കാതമകലെ നടക്കുന്ന കൂട്ടകൊലകളെ പറ്റി എരിവും പുളിയുമൊക്കെ ചേർത്ത് ഓരോ നിമിഷവും കീറിമുറിച്ച് ചർച്ച ചെയ്യാൻ നമുക്ക് അത്യുൽസാഹമാണ്. അത്തരം സ്ഥലങ്ങളിൽ എത്തിപ്പെട്ടുവെന്ന് കരുതുന്ന മന്ദബുദ്ധികളെ ഓർത്ത് സഹതപിക്കാനും, അവരുടെ കുടുംബങ്ങളെ, സൗഹാർദങ്ങളെ ഒക്കെ വേണ്ടത്ര അപഹസിക്കാനും, ഇനിയാരും നമ്മുടെ നാട്ടിൽ അങ്ങിനെയാകാതിരിക്കാൻ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരസ്പരം സന്ദേശങ്ങൾ അയക്കാനും നമ്മൾ ജീവിതത്തിലെ വലിയൊരു ഭാഗം മാറ്റിവെയ്ക്കുന്നു. ഒരു നിമിഷം എല്ലാത്തിനെയും പറ്റി അപലപിക്കാനും രോഷം കൊള്ളാനും, അടുത്ത നിമിഷം അതേ സംഭവത്തെ ആസ്പദമാക്കി വരുന്ന ട്രോളുകളെ കണ്ട് പൊട്ടിച്ചിരിക്കാനും നമുക്ക് സാധിക്കുന്നു. നമ്മുടെ സാംസ്കാരിക പ്രബുദ്ധതയും അപാരമായ ബുദ്ധിശക്തിയും തെളിയിക്കാൻ ഇതൊക്കെ തന്നെ ധാരളാമെന്ന് കരുതി ആശ്വസിച്ചു ഒടുവിൽ ചുരുണ്ടുകൂടി ഉറങ്ങുന്നു.
നമുക്ക് ചുറ്റുമുള്ളതൊക്കെ തന്നെ അൽപ്പനേരത്തേയ്ക്ക് കണ്ടാസ്വദിക്കാനുള്ള ചില്ലുകൂട്ടിലെ മനോഹരമായ ഫ്രെയിമുകളായിരിക്കുന്നു. ഞാനും നീയും ഈ ലോകവുമൊക്കെ ഇങ്ങിനെയാകുന്പോൾ ഇതൊക്കെ കാണുന്ന എന്റെ മുഖമാണോ അതോ എന്റെ മുന്നിലെ ചില്ലു ജാലകമാണോ ഞാൻ കഴുകി വൃത്തിയാക്കേണ്ടത് എന്ന ചോദ്യം ബാക്കിയാകുന്നു. ചോദ്യം ചോദിച്ച് തളരുന്പോഴേക്കും കാലവും തീർന്നുപോകുന്നു.