മാറട്ടെ കേരളം !!...
സംസ്ഥാനത്ത് പുതിയ ഗവൺെമന്റ് സ്ഥാനമേറ്റെടുത്തത് മുതൽ ആശാവഹമായ പല പുരോഗതികളും വിവിധ വകുപ്പുകളിൽ കാണുന്നത് ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. തങ്ങളുടെ വകുപ്പുകളിൽ കർശനമായ പരിശോധനകൾ നടത്തികൊണ്ട് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ തുടങ്ങിയവർ ഇതിനകം തന്നെ ഒരു ജനകീയ സർക്കാറിന്റെ പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ശ്രീ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ്. പലരും ഈ ബജറ്റിനെ മലർപൊടിക്കാരന്റെ സ്വപ്നമാണെന്ന് പറയുമെങ്കിലും ഒരു നല്ല സ്വപ്നം കാണൽ തന്നെയാണ് പുരോഗതിയുടെ ആദ്യപടിയെന്നാണ് എന്റെ തോന്നൽ.
മാനം മുട്ടുന്ന കെട്ടിടങ്ങളും പാലങ്ങളും എകസ്പ്രസ് ഹൈവേകളും മാത്രമാണ് വികസനം എന്ന യാഥാസ്ഥിക സങ്കൽപ്പം പൊളിച്ചെഴുതുന്ന ഒരു ബജറ്റായിട്ട് തന്നെ വേണം ഇത്തവണത്തെ ബജറ്റിനെ നോക്കി കാണാൻ. പൊതുജനം ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നടപ്പിലാക്കാനുള്ള തുക അദ്ദേഹം വകയിരിത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം നമ്മുടെ നാട്ടിൽ കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം തന്നെയാണ്. ഈ ഒരു പ്രവർത്തനം ശ്രീ നരേന്ദ്ര മോഡിയായാലും, തോമസ് ഐസക്കായായാലും നടത്താൻ ശ്രമിക്കുന്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത് കാലം ആവശ്യപ്പെടുന്ന വലിയൊരു കാര്യമാണ്. കാരണം വിദ്യാഭ്യാസനിലവാരം വർദ്ധിക്കുന്പോൾ സമൂഹത്തിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രാധാന്യം അർഹിക്കുന്നു. അതുപോലെ തന്നെ എല്ലാ നിയോജക മണ്ധലങ്ങളിലെങ്കിലും അന്തർദേശീയ നിലവാരമുള്ള ഒരു സർക്കാർ സ്‌കൂൾ എന്നത് തീർച്ചയായും നല്ലൊരു ആശയമാണ്. അതോടൊപ്പം ഉറങ്ങികിടക്കുന്ന സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കാനും കുറേ നല്ല പദ്ധതികൾ ശ്രീ തോമസ് ഐസക്ക് വിഭാവനം ചെയ്തിരിക്കുന്നു.
നമ്മുടെ ഖജനാവിലെ ഇല്ലാത്ത പണം കൊണ്ട് എങ്ങിനെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുക എന്ന ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ട്. 12000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജാണ് പലയിടത്തും പരിഹാരമായി ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ സ്വകാര്യമേഖലയുടെ കൂടി സഹായം തേടുകയാണെങ്കിൽ പല പദ്ധതികളും പൂർത്തീകരിക്കാൻ സാധിക്കും. പല വലിയ സ്ഥാപനങ്ങളും അവരുടെ സിഎസ്ആർ അഥവാ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗത്തിൽപ്പെടുത്തി സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യാൻ ശ്രമിക്കുന്നവരാണ്. അവരുടെ ലാഭത്തിന്റെ ചെറിയൊരു ശതമാനമാണ് ഇതിനായി മാറ്റിവെയ്ക്കുന്നത്. പൊതുശൗചാലയങ്ങൾ നിർമ്മിക്കാനും, അവയെ യഥാവിധി സംരക്ഷിക്കാനുമൊക്കെ ഇത്തരം സ്ഥാപനങ്ങളുടെ സഹായം കൊണ്ട് സാധിക്കാവുന്നതേയുള്ളൂ. വേണ്ട പ്രചരണ വേലകൾ നൽകാൻ സാധിക്കുമെങ്കിൽ എത്രയോ കോർപ്പറേറ്റ് സ്ഥാപനങ്ങൾ അപകടാവസ്ഥയിലായ പല സ്കൂളുകളും ആശുപത്രികളും സംരക്ഷിക്കാൻ തയ്യാറാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇങ്ങിനെ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവർ നൽകുന്ന നികുതിയിൽ ചെറിയൊരു കിഴിവ് അനുവദിക്കുകയാണെങ്കിൽ ഏറെ നല്ലത്. അതുപോലെ നമ്മുടെ പൊതുഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലൂടെയൊക്കെ ലഭിക്കുന്ന പരസ്യ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കണം.
മുന്പൊരിക്കൽ തോന്ന്യാക്ഷരത്തിൽ സൂചിപ്പിച്ചത് പോലെ വാർഡുകൾ തോറുമുള്ള അടിസ്ഥാന വികസനമാണ് നമുക്ക് വേണ്ടത്. ഓരോ വാർഡിലും നല്ലൊരു പാർക്കും, ഓരോ പഞ്ചായത്തിലും ലോക നിലവാരമുള്ള സ്കൂളുകളും, ഓരോ ബസ് സ്റ്റോപ്പിലും വൃത്തിയുളള ശൗചാലയങ്ങളും, പ്രധാന കവലകളിൽ ട്രാഫിക്ക് ഗതാഗതം സുഗമമാക്കുന്ന സിഗ്നലുകളും, നല്ല കുടിവെള്ളവും, വൈദ്യുതിയും, പ്രധാന നഗരങ്ങളിൽ സൗജന്യ വൈഫൈ ഇന്റർനെറ്റ് അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ആണ് നമ്മുടെ കേരളത്തിന് വേണ്ടത്. ഒപ്പം പരസ്പരം ബഹുമാനിക്കുന്ന, സ്ത്രീകളെയും കുട്ടികളെയും വേദനിപ്പിക്കാത്ത, സ്വയം പര്യാപ്തമായ ഒരു ഭക്ഷ്യശൃംഖലയുള്ള ഒരു നാടാണ് നമുക്ക് വേണ്ടത്. തമാശകളിൽ പറയാറുള്ളത് പോലെ ഇത് കേവലമൊരു കിനാശേരിക്കാരന്റെ സ്വപ്നമല്ല. മറിച്ച് മാറുന്ന കേരളത്തിലെ മാറുന്ന തലമുറയുടെ സ്വപ്നങ്ങളാണ്. അവയിലേയ്ക്കുള്ള യാത്ര കഠിനമായിരിക്കാം. എങ്കിലും അപ്രാപ്യമല്ല.
സ്വപ്നം കാണുന്നത് പോലെയുള്ള പദ്ധതികൾ വിഭാവന ചെയ്യുന്നതിനോടൊപ്പം അതൊക്കെ യഥാസമയം നടപ്പിലാക്കാനുള്ള കർമ്മ ശേഷി കൂടി നമ്മുടെ നേതാക്കൾക്ക് ഉണ്ടായാൽ കേരളത്തിന്റെ ഭാവി പ്രോജ്വലം തന്നെയായിരിക്കും, തീർച്ച!