മാനം വിരൽതുന്പിൽ !!...
“സാറെ എങ്ങിനെയെങ്കിലും രക്ഷിക്കണം. പെട്ടുപോയി.” അർദ്ധരാത്രിയാണ് എന്റെ വാട്സാപ്പിൽ ഗൾഫിൽ നിന്നുള്ള ആ മെസേജ് വന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും കാണുന്പോൾ ചിരിക്കുന്ന പരിചയമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ. ഫേസ് ബുക്കിലും ഇദ്ദേഹം ഫ്രണ്ട് ആണ്. മറ്റൊരു പ്രൊഫൈലിൽ നിന്ന് വീണ്ടും ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോഴാണ് ഞാൻ ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ആ റിക്വസ്റ്റിൽ ഇദ്ദേഹത്തിന്റെ പൂർണ നഗ്നമായ ഫോട്ടോയായിരുന്നു പ്രൊഫൈൽ പിക്ച്ചർ. അത് തുറന്ന് നോക്കിയപ്പോൾ അശ്ലീല വീഡിയോകൾ ധാരാളം. ചിലതിൽ ഈ സുഹൃത്ത് തനിച്ചുള്ള കേളികളും. എന്തോ തെറ്റായി സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തിന്് വാട്സാപ്പിലൂടെ ഈ വിവരം ധരിപ്പിച്ചു. അപ്പോഴേക്കും കക്ഷി വല്ലാത്തൊരു അവസ്ഥയിലേയ്ക്കെത്തിയിരുന്നു.
രണ്ട് മക്കളും, കുടുംബവുമൊക്കെയായി സ്വസ്ഥമായി ജീവിക്കുന്നതിനിടയിലാണ് ഇങ്ങിനെയൊരു അബദ്ധത്തിൽ അദ്ദേഹം ചെന്ന് ചാടിയത്. അവധിക്ക് കുടുംബത്തെ നാട്ടിൽ അയച്ച വേളയിൽ ഫേസ്ബുക്കിൽ അദ്ദേഹം സജീവമായിരുന്നുവത്രെ. അപ്പോൾ പരിചയപ്പെട്ട ഇന്ത്യക്കാരിയല്ലാത്ത ഒരു യുവതിയുമായി സൗഹാർദ്ദത്തിൽ ആവുകയും പതിയെ പതിയെ സൗഹാർദ്ദത്തിന്റെ രീതി മാറി അതിൽ കാമം നിറയുകയും ചെയ്തു. തന്റെ വ്യക്തിപരമായ എല്ലാ ഇഷ്ടങ്ങളും ഈ പെൺകുട്ടിയുമായി പങ്കിട്ടതിന് ശേഷം കാമപൂർത്തീകരണത്തിനും ഫേസ്ബുക്ക് ചാറ്റ് വേദിയാക്കി തീർത്തു ഇയാൾ. തന്റെ തന്നെ നഗ്ന ഫോട്ടോകളും, വീഡിയോകളും അയച്ചു കൊടുത്ത് തന്റെ ഹീറോയിസം ആ പെൺക്കുട്ടിക്ക് മുന്പിൽ വരച്ചിട്ടു. ഏറെ സന്തോഷത്തോടെ അവർ അതൊക്കെ സ്വീകരിക്കുകയും ചെയ്തു.
കുടുംബം തിരിച്ച് വരുന്നത് വരെ വളരെ ഉഷാറായി കാര്യങ്ങൾ മുന്പോട്ട് പോയി. അതിന് ശേഷം ഇടയ്ക്ക് മാത്രമായി ചാറ്റിങ്ങ് ചുരുങ്ങി. അപ്പോഴാണ് ഒരു ദിവസം കുറച്ച് വീഡിയോകളും, ഫോട്ടോകളും ആ പെൺകുട്ടി തിരിച്ചയച്ചത്. ആവശ്യം വളരെ ലളിതം. ഇതെല്ലാം ഓൺലൈനിലേയ്ക്ക് പോസ്റ്റ് ചെയ്യാൻ പോകുന്നു. അങ്ങിനെ ചെയ്യാതിരിക്കണമെങ്കിൽ പറയുന്ന അക്കൗണ്ട് നന്പറിലേയ്ക്ക് അത്യാവശ്യം നല്ലൊരു തുക കെട്ടിവെയ്ക്കുക. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിപോയ സുഹൃത്ത്, ഒടുവിൽ തന്റെ കൈവശമുള്ള പണം തൽക്കാലത്തേയ്ക്ക് അയച്ചു കൊടുത്തു. ഒരു മാസത്തെ സാവകാശമാണ് ബാക്കി തുക നൽകാൻ യുവതി സമ്മതിച്ചത്. തട്ടിംമുട്ടിം ജീവിച്ചുപോകുന്ന പ്രവാസികളിൽ പെട്ട ഇദ്ദേഹത്തിന് ആ തുക നൽകാൻ സാധിക്കാതെ വന്നതോടെ, അദ്ദേഹത്തിന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പുതിയൊരു ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ലോകമെന്പാടുമെത്തുകയും ചെയ്തു. ഒടുവിൽ പലരും ഇടപ്പെട്ടതിന്റെ ഫലമായി വളരെ കഷ്ടപ്പെട്ട് സൈബർ സെല്ലിന്റെ സഹായത്തോടെ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. എങ്കിലും ഇനിയും ഏത് നിമിഷം വേണമെങ്കിലും സമാനമായ രീതിയിൽ തന്റെ മാനം പോകുന്ന ആ ഫോട്ടോകൾ ഉയർത്തെഴുന്നേൽക്കാം എന്ന ഭീതിയിലാണ് ഇപ്പോൾ ആ സുഹൃത്ത് ജീവശ്ചവമായി കഴിയുന്നത്.
കണ്ണുമടച്ച് പൂച്ച പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും കാണില്ലല്ലോ എന്ന അപാരമായ ധൈര്യത്തിലാണ് പലരും സൈബർ ലോകത്തിന്റെ ഈ കെണികളിൽ പെട്ടുപോകുന്നത്. പലപ്പോഴും സാഹചര്യങ്ങളാണ് അവരെ ഇതിലെത്തിക്കുന്നത്. ബഹ്റിനിലെ തന്നെ വലിയൊരു കന്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥൻ പല സ്ത്രീകളോടും, ടീനേജ് പെൺകുട്ടികളോടും നടത്തിയ ഇക്കിളിപ്പെടുത്തുന്ന സംസാരങ്ങൾ വാട്സാപ്പ് മുഖേന മുന്പ് പലരിലും എത്തിയിരുന്നു. റെക്കോർഡിങ്ങ് ആപ്ലിക്കേഷൻ ഇഷ്ടം പോലെയുള്ള ഇന്നത്തെ സ്മാർട്ട് ഫോണിലൂടെ കൊഞ്ചികുഴയുന്പോൾ മധ്യവയസ്കനായ ആ സുഹൃത്തും പണികിട്ടുമെന്ന് കരുതിയിരിക്കില്ല. തന്റെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് പെൺകുട്ടികളുടെ മാത്രം നന്പർ എടുത്ത് അവർക്ക് വ്യക്തിപരമായി അശ്ലീല പോസ്റ്റുകൾ അയ്ക്കുന്ന ബഹ്റിനിലെ ഒരു മാന്യദ്ദേഹത്തെയും ഞാൻ ഓർക്കുന്നു.
ഈ വിഷയം ചിന്തകളിൽ നിറയാൻ കാരണമായത് പ്രവീണ വസന്ത് എന്ന ഫേസ് ബുക്ക് സുഹൃത്താണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഒരാൾ അയച്ച അശ്ലീല കമന്റുകൾ സ്ക്രീൻ ഷോട്ടായി എടുത്ത് പ്രവീണ എഫ്ബിയിൽ പോസ്റ്റ് ചെയ്തു. ആ പോസ്റ്റിലെ വരികൾ ഇവിടെ പങ്ക് വെയ്ക്കുന്നു.
“കെട്ടി ഒരു കൊച്ചുണ്ട് എന്നാലും ഇറച്ചിക്കൊതി തീർന്നിട്ടില്ല. നൂറോ ഇരുനൂറോ കൊടുത്താൽ പോലും വയറ്റിപ്പിഴപ്പിനു മടിക്കുത്തഴിയ്ക്കുന്ന ഒരുപാട് സ്ത്രീകളുള്ള നാട്ടിൽ ഇങ്ങനൊക്കെ മെസേജ് അയച്ച് സംതൃപ്തി അടയുന്നതിനെ മാനസിക രോഗം എന്ന് വിളിക്കണോ. വാക്കാൽ നിരന്തരം പീഡനം നടക്കുന്ന ഇടമാണ് സൈബർ സ്‌പേസ്. പലപ്പോഴും മിണ്ടാതിരിക്കും മിക്കതും ഫെയ്ക് ഐഡികൾ ആണെന്നത് കാരണം. പക്ഷേ സ്വന്തം ഫോട്ടോ തന്നെ തുണി ഇല്ലാണ്ട് അയച്ച ഈ ചേട്ടന്റെ സോറി ചെറ്റയുടെ ചേതോവികാരം എന്താണാവോ...”