എല്ലാം ഒടുങ്ങുന്പോൾ ഞാനില്ല... നീയില്ല !!...
ലോകമെങ്ങും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്പോഴും മനുഷ്യരെ കൊല്ലുന്ന, വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന സ്ഫോടന പരന്പരകളെ ഓർക്കാതിരിക്കാൻ സാധിക്കുന്നില്ല. പലരും ആരോപിക്കുന്നത് പോലെ ഇതൊക്കെ ചെയ്യുന്നത് ഒരു മതമാണെന്ന അഭിപ്രായം എനിക്കില്ല. പകരം ‘മദം’ പൊട്ടിയവരാണെന്ന ചിന്ത മാത്രം.
മതമെന്ന് പറയുന്പോൾ സെമിറ്റിക്ക് മതങ്ങളും, ഹിന്ദുമതവും, ബുദ്ധ ജൈന മതങ്ങളും, രാഷ്ട്രീയ ആദർശവാദങ്ങളായ സോഷ്യലിസം, നാസിസം, കമ്മ്യൂണിസം, റാഷണലിസം, ആഗ്നോസ്റ്റിസിസം, ഹ്യുമനിസം, തുടങ്ങിയവയൊക്കെ അതിൽ പെടും. ഇവയൊക്കെ തന്നെ കക്ഷിഭേദമന്യേ അവരവരുടെ വിശ്വാസപ്രമാണങ്ങൾ ഉയർത്തിപിടിച്ച് ആരെയൊക്കെയോ സ്വപക്ഷത്താക്കുകയോ, എതിർപക്ഷത്ത് പ്രതിഷ്ഠിക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരം മതങ്ങൾ മനസ്സിൽ നന്മ വളർത്തുന്നതിന് പകരം പലപ്പോഴും ഒരു ഞരന്പ് രോഗമായി മാറാറുണ്ട്. അപ്പോഴാണ് അപകടങ്ങൾ ആരംഭിക്കുന്നത്. ഞാൻ മാത്രമാണ് ശരിയെന്നും ബാക്കിയുള്ളവരൊക്കെ തെറ്റാണെന്ന് ഈ പാവം രോഗികൾ വിശ്വസിച്ചു പോകുന്നു. ഇത്തരം രോഗങ്ങളെ ന്യായീകരിക്കാനുള്ള വിശ്വാസപ്രമാണങ്ങൾ കാലം കഴിയും തോറും ഇവർ പുതുക്കിപണിഞ്ഞുകൊണ്ടിരിക്കും. ഇങ്ങിനെ മതത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നതിന് പകരം അതിനോട് അകാരണമായി തോന്നുന്ന അന്ധവിശ്വാസമാണ് മനുഷ്യനെ മൃഗതുല്യനാക്കുന്നത്. ഒരു രോഗത്തിനും നീതിയോ നൈതികതയോ അവകാശപ്പെടാൻ സാധിക്കാത്തത് പോലെ തന്നെ ഈ രോഗത്തിനും ന്യായമായ ഒരു അടിത്തറ അവകാശപ്പെടാൻ സാധിക്കില്ല.
ചത്തളിഞ്ഞു കിടക്കുന്ന മൃഗങ്ങൾ ഉള്ളയിടത്തേ കഴുകൻമാർ വരികയുള്ളൂ എന്ന് കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. ചിന്തിക്കാത്ത വിശ്വാസിയെ ചൂഷണം ചെയ്യുന്ന കഴുകൻമാരാണ് ഇവിടെ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. ചൂഷകനെ നിലനിർത്തുവാൻ തക്കതായ ഭയം വിശ്വാസികളിൽ ഉടലെടുക്കുന്പോൾ പ്രശ്നങ്ങൾ ആളി പടരുന്നു. ജനിക്കുന്ന അന്ന് മുതൽ മതത്തിന്റെ പേരിലുള്ള ചൂഷകരുടെ നോട്ടപ്പുള്ളിയാകുന്നുണ്ട് ഓരോ മനുഷ്യനും. ജീവിതത്തിന്റെ ഓരോ നാൾവഴിയിലും ബുദ്ധിവികാസത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ വിശ്വാസത്തിന്റെ പേരിലുള്ള കാട്ടിക്കൂട്ടലുകൾക്ക് അവൻ വിധേയനാകുന്നു. യോഗ്യതയുള്ള ശവസംസ്കാരമാണ് അവന് അവർ നൽകുന്ന അവസാനത്തെ അപ്പകഷ്ണം. ഒരു തരം ബുദ്ധിപ്രക്ഷാളനമാണ് ഒരാളുടെ ജീവിതത്തിലുടനീളം ഇന്ന് മതചൂഷകർ നടത്തിവരുന്നത്.
ഏതൊരു മതത്തിലും നന്മയും തിന്മയും വ്യാഖാനിക്കപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെ തിന്മയില്ലെങ്കിൽ ഈ മതങ്ങൾക്ക് നിലനിൽപ്പില്ല. മതത്തിന് വേണ്ടി മാത്രം ജീവിക്കുന്നവരും അതിന് വേണ്ടിയാണെന്ന മട്ടിൽ കൊല്ലുകയും മരിക്കുകയും ചെയ്യുന്നവർ എന്നും മാനവീയതയുടെ ശത്രുക്കൾ തന്നെയാണ്. അവരുടെ ക്രൂരതകൾക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നത് ഒന്നിലും അഭിപ്രായമില്ലാത്ത ഭീരുക്കൾ മാത്രമാണ്. ദൈനം ദിന ജീവിതത്തിൽ ഈ ഭീരുക്കൾക്ക് ഒരു മതത്തിനോടും ആഭിമുഖ്യമുള്ളവരായിരിക്കില്ലെന്ന് മാത്രമല്ല ഒരു തരി പോലും വിശ്വാസവും ഇവർക്കുണ്ടാകില്ല. ധാക്കയിൽ കൊലപാതക പരന്പര സൃഷ്ടിച്ച കൊടും ക്രൂരനായ നരാധമൻ ഒരിക്കൽ പോലും വിശുദ്ധ ഖുർആൻ വായിച്ചിട്ടില്ലാത്തവനായിരുന്നുവെന്ന് അവന്റെ പിതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നത് ഉദാഹരണം. ഇത്തരം മനുഷ്യമൃഗങ്ങൾ മത രാഷ്ട്രീയത്തിന്റെ മൂകസാക്ഷികളായി നിന്ന് കൊണ്ട് രക്തമാമാങ്കങ്ങളിൽ പങ്കാളികളാകുന്നു.
ഏതൊരു മതത്തിലും അത്യദാത്തമായ ഒരു ദർശനമുണ്ടാകും. പക്ഷെ ആ ദാർശിനകതയക്കനുസരിച്ച് ഒരു നിമിഷം പോലും ജീവിക്കാൻ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ സാധിക്കുന്നുള്ളൂ. ഈ ദാർശനികതയെ മുഖം മൂടിയാക്കിയാണ് മതമൗലികവാദികൾ മറ്റ് സംസ്കാരങ്ങളെ തച്ചുടയ്ക്കാൻ ആവശ്യപ്പെടുന്നത്. ദൈവത്തിന്റെ സർവ്വസാന്നിദ്ധ്യം അടിസ്ഥാനമാക്കിയാണ് പ്രധാനപ്പെട്ട മതങ്ങളൊക്കെ പ്രവർത്തിക്കുന്നത്. തൂണിലും തുരുന്പിലും ഒരു പോലെ അധിവസിക്കുന്ന ഇതേ ദൈവത്തിന് വേണ്ടിയാണ് ദൈവബന്ധുക്കൾ പരസ്പരം കൊന്നും മരിച്ചും പ്രതികാരം ചെയ്യുന്നത്.
ഹാ കഷ്ടം എന്നല്ലാതെ മനുഷ്യനെ, പ്രകൃതിയെ സ്നേഹിക്കുന്നവൻ എന്ത് പറയാൻ. മുന്പ് ഒരിക്കൽ തോന്ന്യാക്ഷരത്തിൽ തന്നെയാണ് ഒമർഖയാമിന്റെ ഈ വരികൾ കുറിച്ചതെന്നോർക്കുന്നു. അത് മാത്രമേ മതങ്ങൾക്ക് വേണ്ടി വീരസ്വർഗം പ്രാപിച്ചവരെ പറ്റി ഓർക്കുന്പോൾ പറയാനുള്ളൂ...
വാതിൽക്കൽ എത്തി ഞാൻ... താക്കോൽ ലഭിച്ചില്ല
അപ്പുറത്തുണ്ടത്രേ... മറനീക്കാനാവില്ല
ഇത്തിരി വാഗ്വാദം... ഒത്തിരി ശബ്ദങ്ങൾ
എല്ലാം ഒടുങ്ങുന്പോൾ... ഞാനില്ല... നീയില്ല!!