വാട്സപ്പിലെ കൂട്ടുകുടുംബം


ഗുഡ്മോണിങ്ങ് ഡാ. ചായ കുടിച്ചോ. രാവിലെ തന്നെ കാനഡയിൽ‍ നിന്നുള്ള ചേച്ചിയുടെ അന്വേഷണം. പിന്നാലെ എത്തി ഓസ്ട്രേലിയയിൽ‍ നിന്നുള്ള വലിയച്ഛനും പേരക്കുട്ടിയും കൂടിയുള്ള ചിത്രവും ഗുഡ്മോണിങ്ങ് വോയ്സും. അടുത്തത് കാഞ്ഞങ്ങാട് നിന്നുള്ള ഒരു ഇമേജ്. വീട്ടിൽ‍ വന്നു കിടക്കുന്ന ട്രാഫിക്ക് ഒഫൻ‍സിന്റെ കത്തായിരുന്നു അത്. ഉടനെ നാനൂറ് രൂപ അടയ്ക്കണമെന്ന് പറഞ്ഞ് അവിടെയുള്ള അമ്മാവന്റെതായിരുന്നു മെസേജ്. ആരാ ഡ്രൈവ് ചെയ്തതെന്ന് മദ്രാസിൽ‍ നിന്നുമുള്ള മറ്റൊരു ചേച്ചിയുടെ കുസൃതി നിറഞ്ഞ ചോദ്യം. ഞാനായിരുന്നില്ലെന്ന ഉത്തരത്തിന് സ്മൈലി മറുപടി. നാളെയാണ് കുടുംബത്തിലെ ഒരു ചേട്ടന്റെ കുട്ടിയുടെ പിറന്നാളെന്ന ഓർ‍മ്മപ്പെടുത്തലുമായി അപ്പോഴേക്കും അഡ്മിനായ അനിയന്റെ സന്ദേശം. പിന്നെ തുടരെ തുടരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ‍ നിന്നുമായി സന്ദേശങ്ങളുടെ പെരുമഴ പെയ്ത് തുടങ്ങി. ബസ് കിട്ടാത്ത ബുദ്ധിമുട്ട് മുതൽ‍, ജലദോഷം വന്ന് ജോലിക്ക് പോകാൻ‍ സാധിക്കാത്തത് വരെ അതിൽ‍ ഉൾ‍പ്പെടും. ഒരു ദിവസത്തിന്റെ ആരംഭത്തിൽ‍ തന്നെ നാൽ‍പ്പതോളം അംഗങ്ങൾ‍ ഉള്ള ഞങ്ങളുടെ കുടുംബ വാട്സാപ്പ് ഗ്രൂപ്പിന്റെ അവസ്ഥയാണിത്. സത്യത്തിൽ‍ വിർ‍ച്ച്വൽ‍ കൂട്ടുകുടുംബം എന്നൊക്കെ പറയാം. 

കേരളത്തിൽ‍ ഇന്ന് വാട്സ് ആപ്പ് പോലെയുള്ള സൗകര്യങ്ങൾ‍ കാരണം എത്രയോ കുടുംബങ്ങൾ‍  മുന്പത്തെക്കാൾ‍ ഏറെ ബന്ധപ്പെട്ടുകിടക്കുന്നു എന്നത് യാഥാർ‍ത്ഥ്യമാണ്. വർ‍ഷത്തിൽ‍ വിശേഷാവസരങ്ങളിൽ‍ മാത്രം പരസ്പരം ആശംസകൾ‍ നേരാൻ‍ ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിരുന്നവർ‍ ഇന്ന് ഏത് നിമിഷത്തിലും പരസ്പരം അവരുടെ കാര്യങ്ങൾ‍ പങ്കിടുന്നു. പറക്കാൻ‍ ചിറകുകൾ‍ മുളയ്ക്കുന്പോൾ‍ ഓരോ കുടുംബത്തിലെയും അംഗങ്ങൾ‍ ദൂരേയ്ക്ക് പറന്ന് പോകുന്നത് സാധരണയാണ്. പുതിയ ഇടങ്ങൾ‍ തേടി, പുതിയ കൂടുകൾ‍ തേടി അവർ‍ നടത്തുന്ന യാത്രകൾ‍ സജീവമാകുന്പോൾ‍ പലപ്പോഴും വന്നയിടത്തെയോ, അവിടെയുള്ളവരെയോ ബന്ധപ്പെടാൻ‍ പോലും സാധിക്കാതെ വന്നിരുന്ന ഒരു തലമുറയിൽ‍ നിന്ന്  ഏറെ വ്യത്യസ്തമാണ് ഇന്നത്തെ കാര്യങ്ങൾ‍. 

സോഷ്യൽ‍ മീഡിയ വന്നതോടെ അതിന്റെ അടിമകളായി എന്ന് എപ്പോഴും വിലപിക്കുന്നത് കൊണ്ട് ഇനി കാര്യമുണ്ടെന്ന് തോന്നുന്നില്ല. പരസ്പരം സ്നേഹം പങ്കിടാനും, അറിയാനും, കൂടുതൽ‍ നല്ല അറിവുകൾ‍ നേടാനുമൊക്കെ ഈ സോഷ്യൽ‍ മീഡിയകളെ ഉപയോഗിച്ചാൽ‍ അത് വ്യക്തി ജീവിതത്തിൽ‍ തന്നെ ഏറെ ഗുണപ്രദമായി മാറ്റും എന്നതിൽ‍ സംശയമില്ല.

കേരളം പോലെയുള്ള സമൂഹത്തിൽ‍ കുടുംബം എന്ന പ്രസ്ഥാനത്തിന് ഏറെ പ്രാമുഖ്യമുണ്ട്. ജീവിതയാത്രയുടെ ഗതിവേഗങ്ങളിൽ‍ നമ്മുടെ കുടുംബങ്ങൾ‍ പലതും തകർ‍ന്നുപോയിട്ടുണ്ട്. പരസ്പരം അറിയാത്തവരായി ഒരു കുടുംബത്തിൽ‍ പെട്ടവർ‍ പോലും മാറി. 

ഈ ഒരു അവസ്ഥയെ ഇത്തരം സോഷ്യൽ‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഒരു പരിധി വരെ നേരിടാൻ‍ സാധിക്കുമെന്ന് തന്നെയാണ് എന്റെ അനുഭവം. നിങ്ങൾ‍ തനിച്ചല്ല എന്നൊരു ബോധമാണ് ഇത്തരം ഗ്രൂപ്പുകൾ‍ ഉണ്ടാക്കുന്നത്. കാര്യത്തോട് അടുക്കുന്പോൾ‍ പലരും ഇത്തരം ഗ്രൂപ്പുകളിൽ‍ മിണ്ടാപൂച്ചകളാകുമെന്ന് പലരും പരാതി പറയാറുണ്ട്. എങ്കിലും എല്ലാവരും അങ്ങിനെയാകണമെന്നുമില്ല.  

നിരവധി സാമൂഹ്യസേവനങ്ങൾ‍ ഇന്ന് വാട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മകൾ‍ നടത്തിവരുന്നുണ്ട്. ബഹ്റിനിൽ‍ തന്നെ രക്തദാനം മുതൽ‍ ജീവകാരുണ്യപ്രവർ‍ത്തികൾ‍ ഇത്തരം ഗ്രൂപ്പുകൾ‍ മുൻകൈയെടുത്ത് നടത്തുന്നത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഏതൊരു കാര്യത്തിനും നല്ലതും മോശവുമായ വശങ്ങൾ‍ ഉണ്ടാകും. അതിൽ‍ പറ്റാവുന്നത്ര നല്ല ഭാഗത്തെ പറ്റി ചിന്തിക്കുക, അവ പ്രയോഗത്തിൽ‍ കൊണ്ടു വരിക. ജീവിതം കുറേ കൂടി സുന്ദരമാകും, തീർ‍ച്ച !!

You might also like

Most Viewed