ഹെൽമെറ്റ് വേട്ടയ്ക്കൊപ്പം...
ഇതി മഹാഭാരത കഥയെന്ന് പാടി കൊണ്ട് പണ്ടൊരു കാലത്ത് ദൂരദർശനിൽ എല്ലാ ഞായാറാഴ്ച്ചകളിലും രാവിലെ പെയ്തിറങ്ങാറുണ്ടായിരുന്ന പുണ്യപുരാണ സീരിയലുകളുടെ വലിയൊരു ആരാധകനായിരുന്നു ഞാൻ. യുദ്ധത്തിന്റെ സമയമാകുന്പോൾ ഇതിലെ കഥാപാത്രങ്ങൾ ഇട്ട് വരുന്ന കോസ്റ്റ്യൂംസ് വളരെ വ്യത്യസ്തകരവും ആകർഷണീയത ഉള്ളതുമായിരുന്നു. നിരവധി ഡിസൈനുകളിലുള്ള വലിയ പടച്ചട്ടകളായിരുന്നു അവർ അണിഞ്ഞിരുന്നത്. രത്നങ്ങൾ പതിപ്പിച്ചത് പോലെയുള്ള വലിയ കിരീടവും ചിലർ തലയിൽ വെക്കും. ആകെ മൊത്തം ഒരു ആനചന്തമായിരുന്നു ഈ ആടയാഭരണങ്ങൾ കഥാപാത്രങ്ങൾക്ക് നൽകിയിരുന്നത്. നമ്മൾ മനുഷ്യർക്ക് പൊതുവെ ഇത്തരം മേക്കപ്പുകളോട് ഏറെ ഇഷ്ടമാണ്. ഒരു ചടങ്ങ് നടക്കുന്പോൾ പുതിയൊരു വസ്ത്രം വാങ്ങാനും അതൊക്കെ ഇട്ട് ഒന്ന് ചെത്തി നടക്കാനും താത്പര്യമില്ലാത്തവർ വളരെ ചുരുക്കം തന്നെ. പക്ഷെ അതേ സമയം ഇത്തരം വസ്ത്രങ്ങളോ രക്ഷാകവചങ്ങളോ നിർബന്ധമാക്കിയാൽ അത് ഉപയോഗിക്കാൻ നമ്മളിൽ മിക്കവരും വൈഷമ്യം കാണിക്കുന്നു. പറഞ്ഞുവരുന്നത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്പോൾ തലയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കേണ്ട ഹെൽമെറ്റിനെ പറ്റി തന്നെ. ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കാൻ നമ്മുടെ കൈയിൽ ഇഷ്ടം പോലെ ന്യായങ്ങളുണ്ട്. ഹെൽമെറ്റ് വെച്ചാൽ ചൂട് കൂടുതലാണ്, മുടികൊഴിച്ചിലുണ്ടാക്കും, പുറത്തുനിന്നുമുള്ള ശബ്ദം കേൾക്കില്ല, ഭാരം കൂടുതലുള്ളതിനാൽ കഴുത്തുവേദനയുണ്ടാകും, കാഴ്ചയെ ബാധിക്കും തുടങ്ങിയവയൊക്കെ ഇതിൽ പെടും. ഗുണമേന്മയുള്ള ഹെൽമെറ്റാണ് ധരിക്കുന്നതെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കില്ലെന്നതാണ് വാസ്തവം. ഒരാൾ നടന്നു പോകുന്പോൾ തന്നെ അയാളുടെ തല ഭിത്തിയിൽ ഒന്നിടിച്ചാൽ ഉണ്ടാകുന്ന മുറിവുകളെ പറ്റി നമുക്ക് അറിയാം. നടക്കുന്പോൾ ഉണ്ടാകുന്ന വേഗത മണിക്കൂറിൽ കേവലം ആറോ ഏഴോ കിലോമീറ്റർ മാത്രമാണ്. അപ്പോൾ പിന്നെ മണിക്കൂറിൽ നാൽപ്പത്തിയഞ്ചോ, അറുപതോ കിലോമീറ്റർ വേഗതയിൽ ചിലപ്പോൾ അതിലുമിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന് വീഴുന്പോൾ ഉണ്ടാകുന്ന ആഘാതം നമുക്ക് ഊഹിക്കാൻ പറ്റുന്നതിലും ഏറെ വലുതായിരിക്കും എന്ന് തീർച്ച. തലച്ചോറിന് സംഭവിക്കുന്ന ക്ഷതങ്ങൾ മരണത്തിനോ അല്ലെങ്കിൽ മരണസമാനമായ അവസ്ഥയിലേയ്ക്കും ഒരാളെ എത്തിക്കുന്നു. ഇങ്ങിനെ ഇരുചക്രവാഹനമോടിക്കുന്ന മനുഷ്യജീവന് ഏറ്റവും പ്രധാനപ്പെട്ട ഒരു ആടയാഭരണമോ, രക്ഷാകവചമോ ആണ് ഹെൽമെറ്റ് എന്നതിന് യാതൊരു സംശയവുമില്ല. പക്ഷെ അതേ സമയം ഹെൽമെറ്റ് ധരിക്കാത്തവർക്ക് ഇനി മുതൽ പെട്രോൾ കൊടുക്കില്ലെന്ന ആശയത്തോട് വിയോജിക്കാതിരിക്കാൻ സാധിക്കില്ല. ഒരു വാഹനമോടിക്കുന്പോൾ പാലിക്കേണ്ട നിയമങ്ങൾ അനുസരിക്കാൻ അതിന്റെ ഡ്രൈവർ ബാധ്യസ്ഥനാണ്. അങ്ങിനെ ചെയ്തില്ലെങ്കിൽ അയാളെ നിയമപരമായി ശിക്ഷിക്കാനുള്ള അധികാരം ഇവിടെയുള്ള പോലീസിനുണ്ട്. ഈ അധികാരം പെട്രോൾ പന്പ് ഉടമയ്ക്കോ ജീവനക്കാർക്കോ നൽകി കൈ കഴുകി ഇരിക്കുന്നതല്ല നല്ല പോലീസുകാരന്റെ ജോലി. പകരം നിരന്തരമായ ബോധവത്കരണവും, ശിക്ഷാ രീതികളും കൊണ്ട് വേണം ഹെൽമറ്റ് പോലെയുള്ള സുരക്ഷാകവചങ്ങളുടെ പ്രധാന്യം ഡ്രൈവർമാരെ പറഞ്ഞ് മനസ്സിലാക്കാൻ എന്ന് തന്നെയാണ് എന്റെ പക്ഷം. കേവലം അറന്നൂറ് കിലോമീറ്ററുകളോളം വിസ്തീർണ്ണമുള്ള ചെറിയൊരു സംസ്ഥാനമാണ് നമ്മുടെ കേരളം. ഇവിടെ കുറഞ്ഞത് ഹൈവേ റോഡുകളിൽ എങ്കിലും ഒരോ അര കിലോമീറ്റർ ദൂരത്തും ഒരു പോലീസുകാരനെ കാവൽ നിർത്തിയാൽ തന്നെ 1200 പോലീസുകാരുടെ സേവനം കൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്ന നിയമലംഘനങ്ങളിൽ ഭൂരിഭാഗവും ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ലെ? പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധജനങ്ങൾക്കും സ്ത്രീകൾക്കും വരെ സംരക്ഷണമില്ലാത്ത നമ്മുടെ നാട്ടിൽ അത്തരമൊരു പ്രവർത്തിയല്ലെ ഹെൽമെറ്റ് വേട്ടയ്ക്ക് മുന്പ് നടപ്പാക്കേണ്ടത്? അതോടൊപ്പം ഇപ്പോൾ ഹെൽമെറ്റ് ധരിച്ച് പോകുന്നവർക്ക് അത് സൂക്ഷിക്കാനുള്ള ഇടം കൂടി ഗവൺമെന്റ് ഏറ്റവും കുറഞ്ഞ പക്ഷെ പൊതുസ്ഥലങ്ങളില്ലെങ്കിലും ഉണ്ടാക്കി കൊടുത്തേ മതിയാകൂ...