തുരുന്പെടുക്കുന്നതിന് മുന്പേ...


“ഇതൊക്കെ തൂക്കി വിറ്റാൽ തന്നെ ഗവൺമെന്റിന് എത്ര വരുമാനം നേടാം”. ഇന്നോവയുടെ വളയം തിരിച്ചു കൊണ്ട് ഡ്രൈവറായ സുനിൽ പറഞ്ഞു തുടങ്ങി. കണ്ണൂരിലെ വളപ്പട്ടണത്ത് കൂടി സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. റോഡിന്റെ രണ്ടു വശം മുഴുവൻ മണൽ കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ വാഹനങ്ങളുടെ നീണ്ട നിര. തുരുന്പ് പിടിച്ച് കാടും പടലും കയറി ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങളിൽ ബിഎംഡബ്ല്യു മുതൽ ഗരുഡ ഓട്ടോറിക്ഷ വരെയുണ്ട്. ഈ വാഹനങ്ങൾ ഇങ്ങിനെ നശിക്കുന്നതിന് പകരം ഒന്നുകിൽ ലേലം വിളിച്ച് മറ്റുള്ളവർക്ക് നൽകുവാനോ അല്ലെങ്കിൽ ഇരുന്പ് വിലയ്ക്ക് വിൽക്കുവാനോ സാധിച്ചാൽ തന്നെ വലിയൊരു സാന്പത്തിക നേട്ടം ഉണ്ടാക്കാൻ ഗവൺമെന്റിന് സാധിക്കില്ലേ എന്നതാണ് സുനിലിനെ പോലെയുള്ള സാധാരണക്കാർ എത്രയോ വർഷമായി ചോദിക്കുന്ന ചോദ്യം. നമ്മൾ മലയാളികൾ പൊതുവായി കാണുന്ന ഒരു പ്രശ്നത്തിന്റെ തുടർച്ചയായി ഇതിനെ കാണാം. എത്ര ഉപയോഗശൂന്യമായി ഒരു സാധനം മാറിയാലും അതിനെ കളയാൻ നമ്മുടെ മനസ് അനുവദിക്കില്ല.

നമ്മുടെ ബാല്യ കാലത്ത് ഉപയോഗിച്ച കള്ളിപ്പാട്ടങ്ങൾ വരെ വർഷങ്ങളോളം നമ്മൾ സൂക്ഷിച്ച് വെയ്ക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. വൈകാരികപരമായി കാര്യങ്ങളെ നോക്കിക്കാണുന്നതിന്റെ ഫലമാണ് ഇത്. പ്രായോഗികമായ ചിന്തകൾ കൂടി മനുഷ്യൻ ഉൾക്കൊള്ളണം എന്നതിന്റെ തെളിവായിട്ട് ഇതിനെ കാണാം. റോഡരികിലെ തുരുന്പ് പിടിച്ചു കിടക്കുന്ന വാഹനങ്ങൾ മാത്രമല്ല ഗവൺമെന്റിന് വിറ്റൊഴിവാക്കാൻ ഉള്ളത്. സർക്കാർ ആശുപത്രികളിലെ പഴകിയ കട്ടിലുകൾ മുതൽ ഓഫീസുകളിലെ പൊടി പിടിച്ച അലമാരകൾ വരെ ഒരു സമയം കഴിഞ്ഞാൽ ലേലം ചെയ്തു വിൽക്കാൻ സാധിക്കുന്നതേയുള്ളൂ. പരിസര ശുചീകരണം എന്നാൽ കേവല ശൗചാലയ നിർമ്മാണം മാത്രമായി ഒതുങ്ങരുത്. തങ്ങൾ താമസിക്കുന്ന ഇടം എത്ര തന്നെ ചെറുതായാലും വലുതായാലും അവിടെ വൃത്തിയുണ്ടാകണമെന്ന് ഓരോ പൗരനും ബാല്യം മുതൽ പഠിച്ച് പ്രാവർത്തികമാക്കേണ്ടതാണ്.

ഗൾഫിൽ പഠിക്കുന്ന  കുട്ടിയോട് നാട്ടിൽ വരാൻ ഇഷ്ടമില്ലാത്തത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ വൃത്തിയില്ല എന്നതായിരിക്കും മിക്കവാറും ഉത്തരം. ഈ ധാരണയാണ് മാറേണ്ടത്. ഈ നാടും ജീവിക്കാൻ കൊള്ളാവുന്നതാണ് എന്ന് മലയാളികൾ തെളിയിക്കണം. വലിയ വീടുകൾ ഏറ്റവുമധികം നിർമ്മിക്കുന്നവർ ആണ് മലയാളികളായ മിക്ക പ്രവാസികളും. ഗൃഹപ്രവേശത്തിന്റെ അന്ന് കാണിക്കുന്ന ആവേശം മിക്കവർക്കും തുടരാൻ സാധിക്കാറില്ല. അവധി കഴിഞ്ഞ് അവർ തിരികെ പോകുന്പോഴേയ്ക്കും വലിയ വീടിന്റെ കൂറ്റൻ വാതിലിനും താഴ് വീഴുന്നു. എപ്പോഴെങ്കിലും ഒന്ന് അടിച്ച് വാരി വൃത്തിയാക്കുന്ന ഇടങ്ങളായി ഈ ബംഗ്ലാവുകൾ മാറുന്നു. ഇതും ഒരു തരത്തിൽ ഉപയോഗശൂന്യമായ വാഹനങ്ങൾക്ക് സമാനമായി മാറുന്നു.

ഉപയോഗശൂന്യമായ എല്ലാത്തിനെയും കളയണമെന്ന് ആവശ്യപ്പെടുന്പോൾ വികാരപരമായി ചിന്തിക്കുന്ന സുഹൃത്തുക്കൾ പലരും പ്രായമായ അച്ഛനെയും അമ്മയെയും നമുക്ക് ഉപേക്ഷിക്കാൻ സാധിക്കുമോ എന്ന മുടന്തൻ ചോദ്യവുമായി രംഗത്തെത്തും. മനുഷ്യനെ മനുഷ്യനായും ഉപകരണങ്ങളെ വെറും യന്ത്രങ്ങളായും കാണാൻ സാധിക്കാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. അനാവശ്യമായ, ഉപയോഗശൂന്യമായ സാധനങ്ങൾ ഒരു വീട്ടിൽ നിന്നു എടുത്തു മാറ്റുന്പോൾ പ്രായമായവർക്ക് അത് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. പൊടി പിടിച്ച് കിടക്കുന്ന സാധനങ്ങൾ കാരണം ആസ്തമ പോലെയുള്ള ശാരീരികാസ്വസ്ഥതകൾ അവിടെയുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്. ഇതു പോലെ തന്നെയാണ് റോഡ് വക്കിൽ കിടക്കുന്ന തുരുന്പ് പിടിച്ചു കിടക്കുന്ന വാഹനങ്ങൾ എടുത്ത് മാറ്റിയാൽ പൊതു സമൂഹത്തിനും ഉണ്ടാകാനിരിക്കുന്ന ആശ്വാസം. ഗവൺമെന്റിന്റെ ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാകണമെന്ന ആഗ്രഹത്തോടെ...

You might also like

Most Viewed