സംഭവാമി...
ലോക സാന്പത്തിക രംഗത്ത് ഏറെ ചലനങ്ങൾ ഉണ്ടാക്കുവാൻ ഇടയുള്ള വലിയൊരു തീരുമാനമുണ്ടായിരിക്കുന്നു. യൂറോപ്യൻ യൂണിയൻ എന്ന ബഹുമുഖ രാഷ്ട്ര കൂട്ടായ്മയിൽ നിന്ന് പുറത്ത് കടക്കാൻ ബ്രിട്ടനിലെ നാല് കോടിയിൽ അധികം ജനങ്ങളിൽ ഭൂരിഭാഗം പേരും തങ്ങളുടെ സമ്മതം നൽകിയിരിക്കുകയാണ്. ബ്രിട്ടീഷുകാരെ ആശങ്കയിലാക്കുന്ന തരത്തിൽ അവിടെ ഉണ്ടായ വിദേശികളുടെ കുടിയേറ്റമാണ് ഇങ്ങിനെയൊരു കടുത്ത തീരുമനത്തിലേയ്ക്ക് എത്താൻ അവിടെയുള്ളവരെ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണം. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലെ പൗരൻമാർക്ക് ഇവിടെയുള്ള ഏതൊരു രാജ്യത്തും തൊഴിൽ ചെയ്യാനും വിലക്കുകൾ ഇല്ലാതെ സഞ്ചരിക്കാനും സാധിച്ചിരുന്നു. അതിന്റെ ഫലമായി ദരിദ്ര രാജ്യങ്ങളിൽ പെട്ടവർ ബ്രിട്ടൻ പോലെയുള്ള സന്പന്ന രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത് തദ്ദേശീയരുടെ തൊഴിലവസരങ്ങളെ കാര്യമായ തോതിൽ ബാധിച്ചു. അതോടൊപ്പം ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. ഇത്തരം കാരണങ്ങൾ കൊണ്ടാണ് ബ്രെക്സിറ്റ് എന്ന വൈകാരികപരമായ തീരുമാനമെടുക്കാൻ ബ്രിട്ടീഷുകാർ തീരുമാനമെടുത്തിരിക്കുന്നത്. പുതിയ തീരുമാനത്തോടെ വിദേശ തൊഴിലാളികൾ രാജ്യത്തിന് പുറത്തേയ്ക്ക് അയക്കുന്ന തുക ഗണ്യമായി കുറയും. ഇവിടെയുള്ള ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിന് പേർക്ക് ഇത് വലിയ തിരിച്ചടിയാകും.
ബ്രിട്ടനെ യൂറോപ്യൻ വിപണിയിലേയ്ക്കുള്ള വാതിലായിട്ടാണ് ബിസിനസ്സ് സംരഭകർ കരുതി വരുന്നത്. ആ ഒരു ധാരണയ്ക്ക് ഇനി മാറ്റം വരും. അതു പോലെ ഗൾഫ് രാജ്യങ്ങളിലും ഈ പിൻവലിയൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഗൾഫ് രാജ്യങ്ങളിലെ അതി സന്പന്നർ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ള രാജ്യമാണ് ബ്രിട്ടൻ. റിയൽ എേസ്റ്ററ്റ് മേഖലയിലാണ് ഇവർ കൂടുതലായി നിക്ഷേപിച്ചിരിക്കുന്നത്. പുതിയ തീരുമാനം അൽപ്പ കാലത്തേക്കെങ്കിലും ബ്രിട്ടന്റെ സാന്പത്തിക അടിത്തറയ്ക്ക് പോറൽ ഏൽപ്പിയ്ക്കും. അത് റിയൽ എേസ്റ്ററ്റ് രംഗത്തും പ്രതിഫലിക്കും എന്നത് ഉറപ്പാണ്. ക്രൂഡ് ഓയിലിന്റെ വില തകർച്ചയും ഗൾഫിൽ ഉണ്ടായികൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയും ഒരു പോലെ ലക്ഷക്കണക്കിന് സ്വദേശികളെയും വിദേശികളെയും ഭയപ്പെടുത്തി കൊണ്ടിരിക്കുന്പോൾ ബ്രിട്ടനിലുണ്ടായിരിക്കുന്ന തീരുമാനം ആ ആശങ്കകളെ ആളി കത്തിക്കും എന്നതും ഉറപ്പ്.
ഇന്ത്യയെ സംബന്ധിച്ച് ഈ തീരുമാനം നല്ലതോ മോശമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. അവിടെ വിദേശികളായി ജോലി ചെയ്യുന്നവരുടെ ജീവിതം കുറേക്കൂടി കഠിനമായി മാറുമെങ്കിലും വരാനിരിക്കുന്ന സാന്പത്തിക അരക്ഷിതാവസ്ഥ അവിടെയുള്ള പല ജോലികളും ചെയ്യാനുള്ള ഔട്ട്സോഴ്സിങ്ങ് കേന്ദ്രമായി ഇന്ത്യയെ മാറ്റുവാനും സാധ്യതയുണ്ട്.
അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ സന്പന്നർ തങ്ങളുടെ നിക്ഷേപം താരത്യമേന റിസ്ക്ക് കുറഞ്ഞ ഇന്ത്യൻ വിപണിയിലേയ്ക്ക് മാറ്റാൻ സാധ്യതയുണ്ട്. തീർച്ചയായും യൂറോപ്യൻ രാജ്യങ്ങളെക്കാൾ എന്തു കൊണ്ടും അവസരങ്ങൾ നിറഞ്ഞ വിപണിയാണ് ഇന്ത്യ എന്നതിനു യാതൊരു സംശയവുമില്ല. എന്തായാലും ഈ മാറ്റങ്ങൾ എല്ലാം നല്ലതിനാകട്ടെ എന്നു മാത്രം അഗ്രഹിച്ചു കൊണ്ട്...