എന്തിനാണീ ക്രൂരത...
അങ്ങിനെ ഒരു ലോക യോഗാദിനം കൂടി സമാപിച്ചിരിക്കുന്നു. വർഷത്തിൽ ഈ ഒരു ദിവസം മാത്രം യോഗ ചെയ്ത് അതിന്റെ ഫോട്ടോയെടുത്ത് എല്ലാവർക്കും പങ്കിട്ട് യോഗയുടെ ഗുണഗണങ്ങൾ വാഴ്ത്തിപാടുന്ന മഹാൻമാരൊക്കെ ഇന്ന് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ യഥാനേരത്ത് എഴുന്നേറ്റ് നടക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ലോകമാകെ ആരോഗ്യരംഗത്ത് വിപ്ലാവത്മകമായ പുരോഗതി ഉണ്ടാക്കാൻ ഈ അഭ്യാസത്തിന് കഴിയുന്നുണ്ടെങ്കിൽ അത് ഏറെ നല്ലത് തന്നെ എന്ന് മാത്രം സൂചിപ്പിക്കുന്നതിനോടൊപ്പം ഈ അഭ്യാസപ്രകടനത്തിനിടെ ഇന്നത്തെ കാലത്ത് മനുഷ്യന്റെ ഒട്ടിയ വയറിനെക്കാൾ പ്രധാന്യമുള്ള ജാതിയോ, മതമോ, സംസ്കാരമോഒക്കെ പരസ്പരം പകർന്നുപോയിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിച്ച് പൊറുത്ത് പരസ്പരം സഹകരിക്കുക എന്നപേക്ഷയും ഇവിടെ സമർപ്പിക്കുന്നു.
ഇന്ന് തോന്ന്യാക്ഷരത്തിന്റെ വിഷയം യോഗയല്ല. മറിച്ച് റാഗിങ്ങ് എന്ന ക്രൂരമായ ഏർപ്പാടിനെ പറ്റിയാണ് പറയാനുള്ളത്. ബംഗ്ലൂരുവിലെ ഗുൽബർഗയിലുള്ള നഴ്സിങ്ങ് കോളേജിൽ ക്രൂരമായ റാഗിങ്ങ് പീഢനത്തിന് ഇരയായ അശ്വതിയെന്ന എടപ്പാളുകാരിയുടെ വേദനിപ്പിക്കുന്ന വാർത്തകൾ നമ്മുടെ ചുറ്റും നിറയുകയാണ്. അന്യസംസ്ഥാനത്ത് പഠിച്ച ഈ കുട്ടിയെ പീഢിപ്പിച്ചത് മലയാളികളായ വിദ്യാർത്ഥിനികളായിരുന്നുവെന്നതാണ് ഏറെ സങ്കടകരം. ബാത്ത് റൂമിലുപയോഗിക്കുന്ന ക്ലീനിങ്ങ് സൊല്യൂഷൻ കുടിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഗുരുതരമായ അവസ്ഥയിൽ അശ്വതി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കഴിയുന്നത്. അന്നനാളത്തിന് ഗുരുതരമായി പൊള്ളലേറ്റത് കൊണ്ട് ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് അശ്വതിയുടെ ജീവൻ നിലനിർത്തുന്നത്.
പിന്നോക്കജാതിയിൽ പെട്ടതിന്റെ പേരിലും, നിറം കുറഞ്ഞതിന്റെ പേരിലുമാണ് തന്നെ സീനിയർ വിദ്യാർത്ഥിനികൾ പരിഹസിച്ചു കളിയാക്കിയതെന്ന് അശ്വതി പറയുന്നു. അഞ്ച് മലയാളികൾ അടക്കം എട്ടു വിദ്ധ്യാർത്ഥിനികളാണ് അശ്വതിയുടെ ഹോസ്റ്റൽ മുറിയിലെത്തി വസ്ത്രമഴിച്ച് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടത്. അതിന് വിസമ്മതിച്ചപ്പോഴാണ് തൊഴിച്ച് താഴെയിട്ട് ബാത്ത്റൂം ക്ലീനർ വായിൽ ഒഴിച്ചത്. അപ്പോൾ തന്നെ ബോധം പോയ അശ്വതിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാംഗ്ലൂരിലെ അഞ്ച് ദിവസത്തെ ചികിത്സ സാന്പത്തിക ബാധ്യതയാകുമെന്ന് മനസിലാക്കിയത് കൊണ്ടാണ് അശ്വതിയെ നാട്ടിലെത്തിച്ചത്. ഇനി ആറുമാസത്തിനുശേഷം നടത്തേണ്ട ശസ്ത്രക്രിയ മാത്രമാണ് ഈ പാവം പെൺകുട്ടിയുടെ ജീവൻ നിലനിർത്താനുള്ള ഏക പ്രതീക്ഷ.
കൂലിപണി എടുത്ത് ഓരോ ദിവസത്തേക്കുമുള്ള വക കണ്ടെത്തുന്ന അമ്മയും അമ്മാവനും ചേച്ചിയും അടങ്ങുന്ന കൊച്ചുകുടംബമാണ് അശ്വതിയുടേത്. അതു കൊണ്ട് തന്നെ ആ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അശ്വതി. അതാണ് ഇപ്പോൾ ചിലരുടെ മനുഷ്യത്വമില്ലാത്തവരുടെ പ്രവർത്തി കൊണ്ട് ഇല്ലാതായിരിക്കുന്നത്. പെരുന്പാവൂരിലെ ജിഷയെ കൊന്നവനോട് കാണിക്കുന്ന കടുത്ത വെറുപ്പ് തന്നെയാണ് അശ്വതിയെ വിഷം കുടിപ്പിച്ച ആ പെൺകുട്ടികളോടും സമൂഹം കാണിക്കേണ്ടത്. സൗഹാർദപരമായ റാഗിങ്ങ് തീർച്ചയായും അംഗീകരിക്കാം. അത് കലാലയ ജീവിതത്തിലെ നല്ല ഓർമ്മകളായി ബാക്കി നിൽക്കും. പക്ഷെ മനുഷ്യത്വം മാറ്റി വെച്ചു കാണിക്കുന്ന ഇത്തരം ക്രൂരതകൾ ഒരിക്കലും സ്വീകരിക്കാൻ ആർക്കും തന്നെ സാധ്യമല്ല.
കോളേജ് അഡ്മിഷന്റെ കാലമാണിത്. പ്രവാസികൾ അടക്കമുള്ള നിരവധി രക്ഷിതാക്കൾ മക്കളുടെ ഭാവിജീവിതം സുരക്ഷിതമാക്കാനായി ഓടിനടക്കുന്നതിനടയിലാണ് ഇത്തരം വാർത്തകൾ പരക്കുന്നത്. കേരളത്തിൽ വിദ്യാർത്ഥി സംഘടനകളുടെ സജീവമായ ഇടപ്പെടൽ കാരണമാകാം ഇവിടെയുള്ള മിക്ക കലാലയങ്ങളിലും ഇത്തരം ഭീകരമായ റാഗിങ്ങ് നടക്കുന്നിലെന്ന് തന്നെ പറയാം. എന്നാൽ കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരുടെ സ്ഥിതി ഇതല്ല. ഇതിനെതിരെ കർശനമായ നടപടിയെടുക്കാൻ സംസ്ഥാന ഗവൺമെന്റുകളും തയ്യാറാകുന്നില്ല.
അശ്വതിയുടെ ജീവിതം അപായപ്പെടുത്തിയിരിക്കുന്ന റാഗിങ്ങ് നടന്നിരിക്കുന്നത് പാവപ്പെട്ട രോഗികൾക്ക് സ്നേഹവും സാന്ത്വനവും പകരേണ്ട നഴ്സിങ്ങ് വിദ്യാർത്ഥിനികളിൽ നിന്നാണെന്നത് അതിലേറെ സങ്കടകരമാണ്. തങ്ങളുടെ സഹപാഠിയുടെ ജീവന് പോലും സംരക്ഷണം നൽകാൻ സാധിക്കാത്ത ഇവർ മാലാഖ എന്ന വിശേഷണത്തിന് ഒരിക്കലും അർഹരല്ല തന്നെ.
കർണാടകയിലെ ഗവൺമെന്റോ പോലീസോ ഇതിൽ നടപടിയെടുക്കുന്നില്ലെങ്കിൽ കേരളാ പോലീസെങ്കിലും ഇതിൽ ഇടപ്പെട്ട് ആ മനുഷ്യമൃഗങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. ഇവിടെ ഊതികെടുത്തിയിരിക്കുന്നത് ഒരു പാവം പെൺകുട്ടിയുടെ ജീവിതം മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷയുടെ വിളക്ക് കൂടിയാണ്.