ഷെയർ ചെയ്യും മുന്പേ...


ഏറെ ആശ്വാസം... ഒടുവിൽ ക്രൂരനായ ആ മനുഷ്യനെ നമ്മുടെപോലീസ് സംവിധാനം കണ്ടുപിടിച്ചിരിക്കുന്നു. പേര് പറഞ്ഞ് അവന്റെ മതമെന്താണെന്നോ, ജാതിയെന്താണെന്നോ, വംശമെന്താണെന്നോ, സ്വദേശമെവിടെയാണെന്നോ വീണ്ടും വീണ്ടും ആവർത്തിച്ച് ആ കൊടുംപാതകത്തിന് നിറം ചാർത്താൻ ഞാൻ തുനിയുന്നില്ല. കാരണം അതിൽ യാതൊരു അർത്ഥവുമില്ല. ആര് ചെയ്തു എന്നല്ല, എന്ത് കൊണ്ട് ചെയ്തു എന്നത് തന്നെയാണ് ഇവിടെ നമ്മൾ ചിന്തിക്കേണ്ട കാര്യം. 

ഏറെ ആശ്വാസം തോന്നുന്ന ഈ ഒരു അവസ്ഥയിൽ ആശാസ്യമല്ലാത്ത ചിലതും കഴിഞ്ഞ ദിവസം കാണാനായി. സാംസ്കാര സന്പന്നരായ മലയാളികൾ ഈ ഒരു വാർത്ത വന്നുതുടങ്ങിയത് മുതൽ തങ്ങളുടെ ‘മുഖപുസ്തക’ത്തിലും, ‘എന്തുണ്ടടോ’യിലും (whatsap) ഇരുന്നു കുത്തിതുടങ്ങിയിരുന്നു. കൊലപാതകിയെ പച്ചയ്ക്ക് കത്തിക്കണമെന്നും, കുത്തികുടലെടുക്കണമെന്നും,  പിന്നെ മുന്നണി തിരിഞ്ഞുള്ള അവകാശ വാദങ്ങളും, കേരളത്തിലെ ജയിലുകൾക്ക് ഒരു മുതൽകൂട്ട് കൂടിയായെന്നും മിക്കവരും വെച്ചുവിളന്പി. 

ഉച്ചയ്ക്ക് ശേഷമാണ് ഈ കൂട്ടായ്മകളിൽ ഒരു വലിയ പോക്രിത്തരം നിറഞ്ഞുതുടങ്ങിയത്. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇയാളാണ് ആ കൊലപാതികെയെന്ന് ഒരു ഉളുപ്പുമില്ലാതെ ഷെയർ ചെയ്യാൻ നിരവധി പേർ മുന്പോട്ട് വന്നു. ചിലർ ഫേസ് ബുക്കിൽ ആ ചിത്രമിട്ട്, ഇവന്റെ നെഞ്ചത്തോട് ഒരു ലൈക്ക് എന്നുവരെ ആവശ്യപ്പെട്ടു. വൈകുന്നേരമാകുന്പോഴേക്ക് ആ ചിത്രവും മുന്പ് പോലീസ് വരച്ച രേഖാചിത്രവും താരതമ്യപ്പെടുത്തി പോലീസിനെ വേണ്ടത്ര കളിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വരാൻ തുടങ്ങി. ഇന്ന് രാവിലെയായപ്പോൾ അത് ആ പ്രതിയുടെ ചിത്രമല്ലെന്നും, കോട്ടയത്തുള്ള ഒരാളുടെ ചിത്രമാണെന്നും അറിയുന്നു. മാനഹാനി കാരണം അയാൾ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കേൾക്കുന്നു. 

ഏകദേശം ഇതേ അവസ്ഥ ആ രേഖാചിത്രം പുറത്തുവന്നപ്പോൾ നിരവധി പേർക്കുണ്ടായിട്ടുണ്ട്.  അതിലൊരാളാണ് ആലുവ സ്വദേശിയായ തസ്ലീക്ക്. ചുരുണ്ടമുടിയും, പഴുതാര മീശയുമൊക്കെയായി മലയാളിയുടെ മനസിലെ കൊലയാളിയുമായി ഏറെ സാമ്യമുള്ള ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയത് ഏറെ വേദനകൾക്കൊപ്പമാണ്. അടുത്ത സുഹൃത്തുക്കൾ വരെ ഇയാളാണോ പ്രതിഎന്ന രീതിയിൽ സംശയിച്ചുവത്രെ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അസഭ്യവർഷങ്ങളായിരുന്നു നിറയെ. ഒടുവിൽ തന്റെ നിസഹായവസ്ഥ വിവരിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്യേണ്ടി വന്നു പാവം തസ്ലീക്കിന്. മാനസികമായി ഏറെ തകർന്ന അദ്ദേഹം വളരെ പതുക്കെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. 

സോഷ്യൽ മീഡിയകളുടെ പ്രസക്തിയെ പറ്റിയോ അത് നൽകുന്ന ഗുണങ്ങളെ പറ്റിയോ ഒരിക്കലും തള്ളിപറയാൻ ‍‍‍‍‍‍‍‍ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഈ രംഗത്തുള്ള മനോരോഗികളെ സമൂഹം ഏറെ ശ്രദ്ധയോടെ വേണം വീക്ഷിക്കാൻ. തങ്ങൾക്കുറപ്പില്ലാത്ത കാര്യങ്ങൾ ഇത്തരം സ്ഥലങ്ങളിൽ പങ്കിടുന്പോൾ ആയിരം തവണ ആലോചിച്ചിട്ടുവേണം അങ്ങിനെ ചെയ്യാൻ. ആദ്യം സൂചിപ്പിച്ച ചിത്രം നമ്മുടെ സഹോദരന്റേതോ, സുഹൃത്തിന്റേതോ അതോ നമ്മുടേതോ തന്നെയായിരുന്നുവെങ്കിൽ അപ്പോൾ അറിയാം അത് നൽകുമായിരുന്ന കടുത്ത മനോവിഷമം. 

അതു പോലെ ഒരിക്കൽ കൂടി ആദ്യം പറഞ്ഞ പോലെ സൂചിപ്പിക്കട്ടെ. കൊലപാതകം പോലെയുള്ള ക്രൂരതയ്ക്ക് ദേശമോ, ഭാഷയോ, ജാതിയോ, മതമോ ഒന്നുമില്ല. മനുഷ്യത്വമില്ലായ്മ മാത്രമാണ് അതിന്റെ ചേതോവികാരം. അതു കൊണ്ട് തന്നെ സങ്കുചിതമായ താത്പര്യങ്ങളുടെ കള്ളികളിലേയ്ക്ക് ഈ കൊടുംപാതകിയെ തള്ളിവിടരുത്. അത് നാടിനെ കത്തിക്കുന്ന ആപത്താകും, ഉറപ്പ് !ഒപ്പം ഇനി നമ്മുടെ നാടിന് വേണ്ടത് അടച്ചുറപ്പുള്ള വീടുകളാണ്. ആണായാലും പെണ്ണായാലും അവർക്ക് വേണ്ടത് മനുഷ്യത്വം നഷ്ടമായിട്ടുള്ള ക്രൂരമാരുടെ ഇടയിൽ നിന്ന് സുരക്ഷയാണ്. അതാകട്ടെ ഇനിയുള്ള നമ്മുടെ ലക്ഷ്യം, അതിലേക്കായിരിക്കട്ടെ നമ്മുടെ യാത്ര !!!

You might also like

Most Viewed