വേണ്ടത് സംശയങ്ങൾ...
മുന്പിലിരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ എന്തോ സത്യത്തിൽ സഹതാപമാണ് തോന്നിയത്. ഇടയ്ക്കിടെ തല ചൊറിയുന്നു, ഷർട്ടിന്റെ ബട്ടൺ തിരിച്ചുനോക്കുന്നു, മുരടനക്കുന്നു. അങ്ങിനെ ആകെ മൊത്തം ടോട്ടൽ അസ്വസ്ഥൻ. ഏകദേശം ഒരു ഇരുപത്തിയേഴ് വയസ് പ്രായം കാണുമായിരിക്കും ഇദ്ദേഹത്തിന്. മൂന്ന് ദിവസം മുന്പാണ് ആളുടെ ബയോഡാറ്റ വന്നത്. ബിടെക്ക് കഴിഞ്ഞ് രണ്ട് വർഷം ചെറിയൊരു ജോലി ചെയ്തിട്ട് കേരളത്തിലെ തന്നെ പ്രശസ്തമായ ഒരു കോളേജിൽ എംബിഎ ഉന്നതമായ നിലയിൽ പാസായിട്ടുണ്ട് അദ്ദേഹം. അതൊക്കെ കണ്ടാണ് ഇന്റർവ്യൂവിന് വിളിച്ചത്.
വന്നിരുന്നത് മുതൽ മുകളിൽ പറഞ്ഞതാണ് അവസ്ഥ. ഇംഗ്ലീഷിൽ മര്യാദയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയത് കൊണ്ട് തന്നെ ഇന്റർവ്യൂ എടുത്ത ഞാനും, സഹപ്രവർത്തകനും ചോദ്യങ്ങൾ മലയാളത്തിലാക്കി നോക്കി. അതിനും ഉത്തരം തദൈവ. എന്തായാലും എയർകണ്ടീഷൻഡ് മുറിയിൽ വിയർത്തു കുളിച്ച് അദ്ദേഹം പോയി. അന്ന് തന്നെ ഏകദേശം പത്തോളം പേരെ ഇന്റർവ്യൂ ചെയ്യേണ്ടി വന്നു. മിക്കവരും സർട്ടിഫിക്കറ്റിൽ മികച്ച ക്വാളിഫിക്കേഷൻ ഉള്ളവർ. പക്ഷെ ഇൻറർവ്യൂ തുടങ്ങിയാൽ പിന്നെ ആദ്യം വന്നയാളെ പോലെ തന്നെ. എന്താണ് പറയേണ്ടതെന്ന് അറിയാതെ പകച്ചുനിൽക്കുന്ന കുറെ യുവരക്തങ്ങൾ. ഏറ്റവും അതിശയിപ്പിച്ചത് ഒരു ചെറിയ പരീക്ഷ കൊടുത്തപ്പോൾ തന്നെ ഞാൻ ഇപ്പോ പോയി വരാമെന്ന് പറഞ്ഞ ചെറുപ്പക്കാരനാണ്. ഇത് വരേക്കും അദ്ദേഹം തിരികെ വന്നിട്ടില്ല.
ഇവരെയൊന്നും കുറ്റം പറയാനോ കളിയാക്കാനോ അല്ല ഈ തോന്ന്യാക്ഷരം. മറിച്ച് എന്ത് കൊണ്ട് ഈ തലമുറയിലെ പ്രത്യേകിച്ച് കേരളീയർ ഇങ്ങിനെ ആയിപോകുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന വിഷയം. നമ്മുടെ വിദ്യാഭ്യാസ മേഖല നേരിടുന്ന എല്ലാ പ്രതിസന്ധികളുടെയും ആകെതുകയാണ് ഇത്തരത്തിലുള്ള ചെറുപ്പക്കാരുടെ എണ്ണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പോലും പ്രികെജി തലം മുതൽ പഠിക്കുന്ന കുട്ടികൾക്ക് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞാൽ തന്നെ അത്യാവശ്യം നന്നായി ഇംഗ്ലീഷ് എഴുതാനോ പറയാനോ സാധിക്കുന്നില്ല. മലയാളത്തെ ബാല്യം മുതൽ അലർജിയായി കാണുന്നത് കൊണ്ട് തന്നെ ആ ഭാഷയിലും വലിയ നൈപുണ്യമില്ല. ആത്മവിശ്വാസമില്ലായ്മയാണ് മിക്ക കുട്ടികളിലും കാണാൻ സാധിക്കുക. എന്തെങ്കിലും സംശയം ക്ലാസിൽ എഴുന്നേറ്റ് നിന്ന് ചോദിച്ചാൽ അവിടെ ഇരിയെടാ, സിലബസിൽ ഇല്ലാത്തതാണോ ചോദിക്കുന്നത്, നിന്റെയൊരു സംശയം എന്ന് പറയുന്ന അദ്ധ്യാപകർ നമ്മുടെ ഇടയിൽ ഏറെയുണ്ട്. വളരെ ചെറുപ്പം മുതൽ ഈ ഇരുത്തം ഒരു ശീലമാകുന്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യമില്ലാത്തവരായി പാവം ഈ കുട്ടികൾ മാറി പോകുന്നു.
സെർട്ടിഫിക്കേറ്റുകൾ ഇനിയുള്ള കാലത്ത് ഒരാളെ അളക്കാനുള്ള അളവ് കോൽ അല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നൂറിൽ നൂറ് വാങ്ങിക്കുന്നവരിൽ പലരും തങ്ങൾ വിഴുങ്ങിയത് ചർദ്ദിച്ചുകളയുന്ന പ്രക്രിയ പോലെയാണ് പരീക്ഷകളെ കാണുന്നത്. പരീക്ഷ കഴിയുന്നതോടെ വിഴുങ്ങിയ പാഠങ്ങളെ ആകെ അവർ മറന്നുപോകുന്നു. ഇങ്ങിനെ ചർദ്ദിക്കാൻ കഴിവുള്ളവരെ സമൂഹം മിടുക്കൻമാരായി കണക്കാക്കുന്നു. ഈ ഒരവസ്ഥ മാറേണ്ടതുണ്ട്. ഇനിയുള്ള ലോകത്ത് പിടിച്ചുനിൽക്കണമെങ്കിൽ തലയിൽ ബുദ്ധിയുണ്ടെന്ന് പറഞ്ഞാൽ മാത്രം പോരാ, അത് ഉണ്ടെന്ന് മുന്പിലിരിക്കുന്നവനും തോന്നണം.
പുതിയ വിദ്യാഭ്യാസ മന്ത്രിയിൽ ഏറെ പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട് കേരളം. ഒറ്റയടിക്ക് എല്ലാം ശരിയാക്കാൻ സാധിക്കില്ലെങ്കിലും പതിയെ കാര്യങ്ങൾ മാറേണ്ടതുണ്ട്. വാട്സാപ്പ് മെസേജുകൾ അയച്ച് എന്നും മുഖം കുനിച്ച് ആരോടും യാതൊരു ബന്ധവുമില്ലാതെ ഈ ലോകത്ത് എന്തിന് ജീവിക്കുന്നുവെന്ന തിരിച്ചറിവ് പോലുമില്ലാതെ കാറ്റത്ത് പാറി കളിക്കുന്ന കരിയലകളെ പോലെ ആയി മാറരുത് നമ്മുടെ കുഞ്ഞുങ്ങൾ. ആരുടെ മുന്പിലും എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യം പകർന്നുകൊടുക്കേണ്ടതുണ്ട്. അമ്മയുെട സാരിതുന്പിന് പിന്നിൽ പതുങ്ങികൂട്ടുന്ന കുട്ടികളെ സമൂഹത്തിന് മുന്പിൽ തള്ളി കൊണ്ടുവരാൻ വിദ്യാലയങ്ങൾക്കും സാധിക്കണം. സംശയം ചോദിക്കുന്നവർക്ക് വേണം മിടുക്കൻ പട്ടം നൽകാൻ. എഴുത്തുപരീക്ഷയിൽ നൂറിൽ നൂറ് വാങ്ങുന്നവനോടൊപ്പം തന്നെ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെയും നമ്മൾ അതു പോലെ അംഗീകരിക്കണം. എല്ലാം ശരിയാകട്ടെ എന്നാഗ്രഹത്തോടെ...