വേണ്ടത് വേസ്റ്റ് തങ്കങ്ങൾ...


ചേട്ടാ, വേസ്റ്റ് തങ്കം എന്ന് സേവ് ചെയ്താൽ മതി. അതാകുന്പോൾ പെട്ടന്ന് ഓർമ്മ കിട്ടും. ചിരിച്ചുകൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ എന്നിലേയ്ക്കും ആ ചിരി പടർന്നു.

പുതിയൊരു താമസസ്ഥലത്തേയ്ക്ക് സ്ഥലം മാറി വന്നപ്പോൾ ഉപയോഗശൂന്യമായ ധാരാളം സാധനങ്ങളും, കാർഡ് ബോർഡ് ബോക്സുകളുമൊക്കെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വീടിന് മുന്പിൽ ഒരു കുന്ന് പോലെ കൂട്ടിയിട്ടിരിക്കുന്ന ഇവയെ എറണാകുളം പോലെയൊരു നഗരത്തിൽ എവിടെ കൊണ്ടിടാൻ എന്ന വേവലാതിയോടെയായിരുന്നു ഞങ്ങൾ കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഓഫീസിൽ എത്തിയിരുന്നത്. കൂടാതെ കാലവർഷം കനത്തുപെയ്യാനും തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഒടുവിൽ കെയർടേക്കർ തന്ന നന്പറിൽ വിളിച്ചു നോക്കിയപ്പോൾ ഇതൊക്കെ എടുത്തുമാറ്റാൻ അത്യാവശ്യം നല്ല ചിലവ് വരുമെന്ന് മനസ്സിലായി.

അങ്ങനെയിരിക്കുന്പോഴാണ് ആദ്യം സൂചിപ്പിച്ച ആൾ ഞങ്ങളുടെ മുന്പിൽ വന്ന് പെട്ടത്. നല്ല മഴയത്തും ഒരു വീട്ടിൽ നിന്നുള്ള പലതരം സാധനങ്ങൾ തന്റെ പെട്ടി ഓട്ടോയിലേയ്ക്ക് കയറ്റിവെക്കുന്ന അയാൾ അവിടുത്തെ താമസക്കാരനായിരിക്കില്ല എന്ന ധാരണയിൽ തന്നെ അദ്ദേഹത്തോട് ഇതോണോ ജോലി എന്ന് ചോദിച്ചു. അതെ ചേട്ടാ.. എന്താണ് വേണ്ടത് എന്നായി പാതി തമിഴ് കലർന്ന സ്വരത്തിലുള്ള മറുപടി. ഞങ്ങളുടെ കൈവശമുള്ള സാധനങ്ങൾ എടുക്കാമോ എന്ന് വിനയപൂർവ്വം ചോദിച്ചപ്പോൾ തലകുലുക്കി എപ്പോ വരണം ചേട്ടാ എന്നായി അദ്ദേഹം. കിലോയ്ക്ക് നല്ല വിലയും തരാമെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ മുഖത്ത് ആ കനത്ത മഴയിലും സൂര്യൻ തെളിഞ്ഞു. ഒടുവിൽ സാധനങ്ങളൊക്കെ കഴിഞ്ഞ ദിവസം എടുത്ത് അദ്ദേഹം ചെറിയൊരു തുകയും ഞങ്ങൾക്ക് നൽകി. അപ്പോഴും ഞാൻ ആലോചിച്ചത് അദ്ദേഹത്തിന്റെ പേരിനെ പറ്റിയായിരുന്നു. വേസ്റ്റ് തങ്കം. 

പണ്ടൊക്കെ നമ്മുടെ നാട്ടിൽ ഉപയോഗശൂന്യമായ സാധനങ്ങൾ എടുക്കാനും, പഴയ പത്രകടലാസുകൾ ശേഖരിക്കാനും ഇത്തരം വേസ്റ്റ് തങ്കങ്ങൾ വരുമായിരുന്നു. എന്നാൽ ഇന്ന് നഗരങ്ങളിലെങ്കിലും ഇത്തരക്കാരെ കാണുന്നത് ദുർലഭമാണ്. അന്നത്തെ കാലത്ത് എല്ലാ വീടുകളിലും ഇത് സമയാസമയങ്ങളിൽ നടക്കാറുള്ള ക്ലീനിങ്ങ് പ്രോസസ് കൂടിയായിരുന്നു. പഴയ വസ്ത്രങ്ങൾ, പേപ്പറുകൾ, പാത്രങ്ങൾ എന്നു വേണ്ട ഇലക്ട്രോണിക്ക് വസ്തുക്കൾ വരെ അന്ന് നമ്മൾ ഇങ്ങിനെ ഒഴിവാക്കിയിരുന്നു. ഇന്ന് കാര്യങ്ങൾ ഏറെ വ്യത്യസ്തമാണ്. വീട്ടിലെ മാലിന്യങ്ങൾ തന്നെ ഒളിച്ചും പാത്തുമൊക്കെയാണ് പലരും കൊണ്ട് കളയുന്നത്. എവിടെ കൊണ്ട് കളയണം എന്നറിയാത്തത് കൊണ്ട് തന്നെയാണിത് സംഭവിക്കുന്നത്. നിരവധി അനവധി ചാർജ്ജറുകൾ മുതൽ പൊട്ടിയതും പൊളിഞ്‍ഞതുമായ പാത്രങ്ങളും, ഉപയോഗശൂന്യമായ വസ്ത്രങ്ങളും മിക്ക ഇടത്തരം വീടുകളിലും കെട്ടികിടക്കുന്നുണ്ടാകും. ഇത് എടു
ത്തുക്കൊണ്ടുപോകാനോ ശരിയായ രീതിയിൽ ഒന്നുകിൽ സംസ്
കരിക്കാൻ അല്ലെങ്കിൽ റി യൂസ് ചെയ്യാൻ സാധിക്കേണ്ടതുണ്ട്.

മാലിന്യസംസ്കരണത്തെ പറ്റി വർഷങ്ങളായി നിരവധി ചർച്ചകൾ നടക്കുന്നയിടമാണ് കേരളം. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആഗ്രഹിക്കുന്നത് പോലെ ഈ വർഷത്തെ കേരള പിറവിയോടനുബന്ധിച്ച് സന്പൂർണ ശുചിത്വമുള്ള സംസ്ഥാനമായി നമ്മുടെ നാട് മാറേണ്ടതുണ്ട്. അതായിരിക്കും സത്യത്തിൽ അടുത്ത തലമുറയോട് ഇപ്പോഴത്തെ മുതിർന്നവർക്ക് ചെയ്തു കൊടുക്കാൻ സാധിക്കുന്ന വലിയൊരു കാര്യം എന്നതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ദിവസം ഗവൺമെന്റ് ഇതിന്റെ ഭാഗമായിട്ട് പുതിയൊരു മൊബൈൽ ആപ്പിന് തുടക്കം കുറിച്ചിട്ടുണ്ട്. ഏറെ അഭിനന്ദനാർഹമായ നീക്കമാണിത്. ശുചീകരണ പ്രവർത്തനങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് ഈ ആപ്പിലൂടെ  അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ കഴിയും. ഇതിനുപുറമേ മാതൃകാപരമായ ശുചീകരണപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്. ഇത്തരം നവീനമായ ആശയങ്ങളാണ് ഈ ഗവൺമെന്റിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. 

 

വൃത്തിയുള്ള നടപ്പാതകളും, മാലിന്യങ്ങൾ നിക്ഷേപിക്കാൻ പറ്റുന്ന വലിയ വീപ്പകളും, അത് നേരത്തും കാലത്തും എടുത്ത് മാറ്റി സംസ്കരിക്കാൻ പറ്റുന്ന ഒരു സംവിധാനവും, വഴിയോരങ്ങളിൽ മൂക്ക് പൊത്താതെ കയറാൻ സാധിക്കുന്ന പൊതു ശൗചാലയങ്ങളും കേരളത്തിൽ അത്യാവശ്യമാണ്. അത്തരമൊരു നാടാകട്ടെ നമ്മുടെ ഈ കേരളമെന്നും, വേസ്റ്റ് തങ്കങ്ങൾ ഇനിയും ഈ നാട്ടിൽ ഉണ്ടാകട്ടെ എന്നും ആഗ്രഹിച്ചു കൊണ്ട്...

 

You might also like

Most Viewed