ശരിയാക്കിക്കോ..പക്ഷെ... പ്രദീപ് പുറവങ്കര
ഇന്നിന്റെ ലോകം കാട്ടികൂട്ടലുകളുടേതാണെന്ന് പറയാറുണ്ട്. ഞാൻ എന്ന കേന്ദ്രബിന്ദുവിന് ഏത് രീതിയിലെങ്കിലും പരമാവധി ഫോക്കസ് ലഭിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നമ്മളിൽ മിക്കവരും നടത്തിവരുന്നത്. സോഷ്യൽ മീഡിയകളിൽ തുടങ്ങി പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൊക്കെ ഓരോ ദിനവും എങ്ങിനെയെങ്കിലും കടന്നുകൂടി ആളാകാമെന്ന ലക്ഷ്യം മാത്രം പലപ്പോഴും ബാക്കിയാകുന്നു. ഇന്നത്തെ ലോകക്രമത്തിൽ പിടിച്ചുനിൽക്കാൻ ഇതൊന്നും ചെയ്തില്ലെങ്കിൽ സാധിക്കില്ല തന്നെ.
രാഷ്ട്രീയത്തിലാണ് ഈ അവസ്ഥ ഏറ്റവും അധികമായി സംഭവിക്കുന്നത്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് മെന്പർമാർ വരെ തങ്ങളുടെ അസ്ഥിത്വം വിളിച്ചുപറയാനായി ഓരോ ദിവസവും ഏറെ അദ്ധ്വാനിക്കുന്നുണ്ട്. വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിൽ ആരും മൈൻഡ് ചെയ്യില്ലെന്ന അവസ്ഥ തന്നെയാണിതിന് കാരണം. പൊതുജനത്തിനും ഇത്തരക്കാരെ മതി. ഒന്നും ചെയ്തില്ലെങ്കിലും ചെയ്തുവെന്ന് തോന്നുകയെങ്കിലും വേണം.
പറഞ്‍ഞുവരുന്നത് മുഹമ്മദാലിയെന്ന ലോകപ്രശസ്തനെ നമ്മുടെ സ്വന്തം നാട്ടുക്കാരനാക്കി പരിഹാസ്യനായ കായികമന്ത്രി ശ്രീ ഇ. പി. ജയരാജനെ പറ്റിയുള്ള പുതിയ വിവാദത്തെ കുറിച്ചുതന്നെ. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബിജോർജ്ജിനെ ഇദ്ദേഹം വിരട്ടി വിട്ടുവെന്നാണ് അവർ പരാതിപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ കായികരംഗത്ത് ഏറെ സംഭാവനകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീമതി അഞ്ചു ബോബി ജോർജ്ജ്. അവരോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് വലിയൊരു തെറ്റ് തന്നെയാണ്. അവർക്ക് നൽകുന്ന സൗകര്യങ്ങളോ, യാത്ര ബത്തയോ ആണ് മന്ത്രിയെ ചൊടിപ്പിച്ചതെങ്കിൽ ആ കാര്യങ്ങളെ പറ്റി ഔദ്യോഗികമായി തന്നെ അറിയിക്കാമായിരുന്നു. പകരം അഞ്ജു പരാതിപ്പെട്ടത് പോലെ മന്ത്രി ചാടികടിക്കുന്ന സ്വഭാവം കാണിച്ചത് ഏറെ മോശമായി പോയി എന്ന്
പറയാതിരിക്കാൻ വയ്യ.
ഒരു ഗവൺമെന്റ് മാറുന്പോൾ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റി പ്രതിഷ്ഠിക്കുന്നത് നമ്മുടെ നാട്ടിൽ ഏറെ സാധാരണമായിട്ടുള്ള കാര്യമാണ്. പുതിയ സർക്കാർ വരുന്പോൾ ഉണ്ടാകാനിടയുള്ള നയവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട തീരുമാനമാണിത്. പക്ഷെ അത് വ്യക്തിപരമായ വിദ്വേഷം തീർക്കുന്ന പ്രവർത്തിയായി മാറരുത്. സ്പീക്കറുടെ കസേര തള്ളിയിട്ടത് പോലെ, ഗവൺമെന്റ് മാറിയപ്പോൾ അതു വരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കഴുത്തിന് കുത്തിപിടിച്ച് തള്ളി മാറ്റുന്നതല്ല ജനാധിപത്യം. അങ്ങിനെ ചെയ്യുന്നതിനെ വിളിക്കുന്നത് ഗുണ്ടായിസം എന്നാണ്. അതു കൊണ്ട് തന്നെ ഇപ്പോൾ മാറ്റി പ്രതിഷ്ഠിക്കുന്നവരോടും, ഇനി മാറ്റാൻ ഉദ്ദേശിക്കുന്നവരോടും കുറച്ചുകൂടി സൗമനസ്യം കാണിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്റെ സഹപ്രവർത്തകരെ ഉപദേശിക്കേണ്ടതുണ്ട്.
അഞ്ജു ബോബി ജോർജ്ജിനെ പറ്റി രണ്ടോ മൂന്നോ പ്രധാന പരാതികളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരിക്കുന്നത്്. ഒന്ന് ബാംഗ്ലൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥായായ അഞ്ജുവിന് കേരളത്തിലേയ്ക്ക് തന്റെ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വരേണ്ടി വരുന്പോൾ വിമാന കൂലി കൊടുക്കേണ്ടതായി വരുന്നു. രണ്ടാമത് അഞ്ജുവിന്റെ സഹോദരനും കായിക പരിശീലകനും കൂടിയായ അജിത്ത് മാർക്കോസിനെ കൗൺസിലിൽ തന്നെ ജോലിക്കെടുത്തു എന്നതാണ്. വിമാനക്കൂലി നൽകാൻ മുന്പ് മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിൽ അഞ്ജുവിന് ഒന്നും തന്നെ ചെയ്യാനില്ല. സഹോദരന്റെ നിയമനം പിൻവാതിലിലൂടെയാണ് നടന്നിട്ടുള്ളതെങ്കിൽ അത് അന്വേഷിച്ച് നടപടിയെടുക്കണം. ബാംഗ്ലൂരുവിൽ താമസിക്കുന്ന അഞ്ജുവിന് കേരളത്തിൽ മുഴുവൻ സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആ അസൗകര്യം ചൂണ്ടി കാണിച്ച് പുതിയൊരാളെ പ്രസിഡന്റായി നിയമിക്കണം. ഇത്രയും ചെയ്താൽ തന്നെ ഈ പ്രശ്നം ഇല്ലാതെയാകും.
ഈ സംഭവം കായികമന്ത്രാലയത്തിൽ മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ അരങ്ങേറുക. മറിച്ച് ഓരോ വകുപ്പിലും ഇത്തരം സ്ഥാനചലനങ്ങൾ ഉണ്ടാകാം. വാഗ്വാദങ്ങളും വിവാദങ്ങളും അരങ്ങ് തകർക്കാതെ ആ നേരത്ത് കുറേ കൂടി സുതാര്യതയോടെ സൗമ്യമായി പക്വതയോടെ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാൻ പുതിയ ഗവൺമെന്റിലെ മന്ത്രിമാർക്ക് കഴിയട്ടെ എന്നാഗ്രഹിക്കുന്നു. കാരണം പൊതു ജനം ഭരണം നിങ്ങളെ ഏൽപ്പിച്ചത് എല്ലാം ശരിയാക്കാനാണ് മറിച്ച് എല്ലാവരെയും ശരിയാക്കാനല്ല!