കഞ്ചാവിന്റെ പുക പാറുന്പോൾ...


കൊച്ചിയിലെ വികസനത്തിന്റെ പ്രധാന പോയിന്റുകളിൽ ഒന്നായ ഇൻഫോപാർക്കിൽ തന്റെ കോളേജ് പഠനം കഴിഞ്ഞയുടൻ പ്ലേസ്മെന്റ് കിട്ടി വന്നതായിരുന്നു പാലക്കാടുകാരിയായ ആ പെൺകുട്ടി. ഞങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ മുകളിലെ നിലയിൽ കൂടെ ജോലി ചെയ്യുന്നവർക്കൊപ്പം വാടകയ്ക്ക് താമസിക്കാൻ വന്നപ്പോഴാണ് പെൺകുട്ടിയെയും, തനിഗ്രാമീണരായ മാതാപിതാക്കളെയും പരിചയപ്പെട്ടത്. ആദ്യ ദിവസത്തെ ഈവനിങ്ങ് ഡ്യൂട്ടി കഴിഞ്ഞ് അർദ്ധ രാത്രി പന്ത്രണ്ട് മണിയോടെ തിരികെയെത്തിയപ്പോൾ തന്റെ കൂടെ കെട്ടിടത്തിലേയ്ക്ക് നടന്നു കയറിയ ചെറുപ്പക്കാരൻ അവിടെ താമസിക്കുന്ന ആളാണെന്നേ പെൺകുട്ടിയും കരുതിയുള്ളൂ. പാതി ഉറക്കത്തിലായിരുന്ന സെക്യൂരിറ്റി പെൺകുട്ടിക്കൊപ്പം വന്നയാളാണെന്ന ധാരണയിൽ തന്റെ മിഴികളുമടച്ചു. 

ലിഫ്റ്റിൽ ഒന്നിച്ചുണ്ടായിരുന്ന ഇയാൾ പെൺകുട്ടിക്കൊപ്പം മൂന്നാം നിലയിലെ ഫ്ളാറ്റിലേയ്ക്ക് നടക്കവേ ആണ് നിനച്ചിരിക്കാതെ കൈ കയറി പിടിച്ചത്. എന്തോ ഒരു ഭാഗ്യത്തിന് അയാളുടെ കൈയിൽ കടിച്ചിട്ട് തന്റെ മുറിയുടെ വാതിൽ തുറക്കാൻ പെൺകുട്ടിക്ക് സാധിച്ചു. അയാളും അപ്പോഴേയ്ക്ക് മുറിക്കുള്ളിലേയ്ക്ക് കയറി. പെൺകുട്ടിയുടെ ശബ്ദം കേട്ട് മുറിയിലുണ്ടായിരുന്നവർ പുറത്തെത്തുകയും തുടർന്ന് എല്ലാവരും കൂടി അയാളെ പൊതിരെ തല്ലാനും തുടങ്ങി. ഒടുവിൽ അയാളെ കെട്ടിയിട്ട് പോലീസിന് വിളിച്ച് പുലർച്ചയോടെ അവർക്ക് ഇയാളെ കൈമാറി. ഈ കാര്യങ്ങളൊന്നും ആ ബഹുനില കെട്ടിടത്തിലെ ഞങ്ങളടക്കമുള്ള മിക്ക താമസക്കാരും അറിഞ്ഞിരുന്നില്ല. 

പിറ്റേന്ന് ആ പെൺകുട്ടി വലിയ സങ്കടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിപോകുന്നത് കണ്ടപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാർ ഏറെ സങ്കടത്തോടെ ഈ കാര്യങ്ങൾ വിശദീകരിച്ചത്. പെൺകുട്ടിയെ പിന്തുടർന്ന ചെറുപ്പക്കാരൻ ഞങ്ങളൊക്കെ സാധനങ്ങൾ വാങ്ങാറുള്ള കടയിൽ ജോലി ചെയ്ത് വന്നിരുന്ന ആ നാട്ടുക്കാരൻ തന്നെയായിരുന്നു. ഇയാൾ കുറച്ച് കാലങ്ങളായി കഞ്ചാവിന്റെ അടിമയായിരുന്നുവത്രെ. കേരളം പ്രത്യേകിച്ച് കൊച്ചി പോലുള്ള നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നത്തിന്റെ ബാക്കിപത്രമായിട്ടാണ് ഈ സംഭവത്തെ ഞാൻ നോക്കി കാണുന്നത്. മയക്ക് മരുന്നും, കഞ്ചാവും യഥേഷ്ടം ലഭിക്കുന്ന ഒരു സംസ്ഥാനമായി നമ്മുെട കേരളം ഇന്ന് മാറിയിരിക്കുന്നു എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. 

1990കളിൽ ഏറെ വ്യാപകമായിരുന്ന ഈ വിപത്ത് ഏകദേശം ഇരുപത് വർഷത്തോളം നമ്മുടെ ഇടയിൽ കുറഞ്ഞിരുന്നു. അതേ സമയം ആ കാലത്താണ് മദ്യത്തിന്റെ ഉപയോഗം ഏറെ വർദ്ധിച്ചത്. പിന്നീട് മദ്യനിരോധനത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങളും, ഉത്തരേന്ത്യയിൽ നിന്നുള്ള അന്യദേശ തൊഴിലാളികളുടെ ക്രമാതീതമായ വർദ്ധനവുമാണ് മയക്ക് മരുന്നിന്റെയും കഞ്ചാവിന്റെും വ്യാപകമായ ഉപയോഗത്തിന് കാരണമായിരിക്കുന്നത് എന്ന് തന്നെ നിരീക്ഷർ അഭിപ്രായപ്പെടുന്നു. ഹാൻസ്, പാൻപരാഗ്, തന്പാക്ക് തുടങ്ങിയ ലഹരി ഉത്പന്നങ്ങളിലൂടെയാണ് മിക്കവരും കഞ്ചാവിലെത്തുന്നത്. കൗമാര പ്രായക്കാർ മാത്രമല്ല ഇതിന്റെ അടിമകൾ. നഗരങ്ങളിൽ വീട്ടമ്മമാർ മുതൽ കോർപ്പറേറ്റ് ലോകത്തുള്ള നിരവധി പേർ വരെ ഒരു പഫിന് വേണ്ടി അലയുന്നു. സ്മോക്കേർസ് പാർട്ടി എന്നൊക്കെ പേരിട്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കഞ്ചാവിനെ കൂട്ടുപിടിക്കുന്ന വിഐപികളും ധാരാളം. കുട്ടികളുടെ ഇടയിലാണെങ്കിൽ അനിയന്ത്രിതമായ കൂട്ടുകെട്ട്, രക്ഷാകർത്താക്കളുടെ നിയന്ത്രണമില്ലായ്മ, ആവശ്യത്തിലേറെയുള്ള പണം, ഉത്തരവാദിത്വമില്ലായ്മ, കുടുംബത്തിലെ സ്വരചേർച്ചയില്ലായ്മ എന്നിവയൊക്കെ ഈ ആപത്തിൽ ചെന്നുചാടാൻ േപ്രരണ നൽ‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തൊക്കെ പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പനയ്ക്കു നിരോധനമുണ്ടെങ്കിലും കാര്യമായ ഒരു പരിശോധനയും ഇവിടെ നടക്കുന്നില്ല. ചെറിയ ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ കുട്ടികളെ ശീലിപ്പിച്ച്‌ ക്രമേണ അവരെ അവയ്ക്ക് അടിമകളാക്കി മാറ്റുകയാണ് മയക്കുമരുന്നു കച്ചവടക്കാർ ചെയ്യാറുള്ളത്.

സുഗമമായും വിപുലമായും ഇവ കടത്തിക്കൊണ്ടുവരാനും വിറ്റഴിക്കാനും സാധിക്കുന്നത് ഉന്നതങ്ങളിൽ സ്വാധീനമുള്ളതു കൊണ്ടുതന്നെയാണ്. അതുപോലെ ഗൾ‍ഫ് രാജ്യങ്ങളിലും, യൂറോപ്പ്, യു.എസ് എന്നിവടങ്ങളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ മരണശിക്ഷയോ, മുപ്പതും നാൽപ്പതും വർ‍ഷം കുറയാതെയുള്ള തടവ്‌ ശിക്ഷയും നൽകുന്ന തരത്തിൽ നിയമങ്ങൾ ശക്തമാണ്. സമാനമായ നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ടാകേണ്ടതുണ്ട്. പ്രവാസികളിൽ പലരും ഇപ്പോൾ തങ്ങളുടെ മക്കളെ ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടിൽ ചേർക്കുന്ന തിരക്കിലാണ്. രക്ഷിതാവിന്റെ കീശ കാലിയാക്കുന്ന തരത്തിൽ വിദ്യാഭ്യാസത്തിന് കണക്ക് പറഞ്ഞ് ഡൊണേഷൻ വാങ്ങിക്കുന്ന വലിയ ബ്രാൻഡുകളെ ഏറെ സൂക്ഷിക്കുക. അവിടെയാണ് കഞ്ചാവിന്റെ പുക ഏറ്റവുമധികം പാറികളിക്കുന്നത്. ജാഗ്രതെ!! 

 

You might also like

Most Viewed