ഇനിയെങ്കിലും ശ്രദ്ധിക്കുക...
കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി ഇടികൂട്ടിലെ ചക്രവർത്തിയായിരുന്നുവെങ്കിലും അദ്ദേഹം അറിയപ്പെട്ടത് ലോകം കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹികളിൽ ഒരാളായിട്ടാണ്. കായികരംഗത്ത് കറുത്തവർഗ്ഗക്കാരനോടുള്ള വിവേചനത്തിനെതിരെ പോരാടിയ അദ്ദേഹം യുദ്ധകൊതിക്കെതിരെയും ശക്തമായ നിലപാട് എടുത്തു. ഇങ്ങിനെ ഏറെ പ്രശസ്തനാണെങ്കിൽ പോലും അദ്ദേഹത്തെ ലോകത്തുള്ളവർക്കൊക്കെ അറിയണമെന്നൊന്നുമില്ല. ജീവിതപ്രശ്നത്തിന്റെ നടുവിൽ നെട്ടോടമോടുന്നവരെ ഓടിച്ചിട്ട് പിടിച്ച് മൈക്ക് നീട്ടി ചോദ്യം ചോദിക്കുന്ന ടെലിവിഷൻ അവതാരകരെ നമ്മൾ എത്രയോ തവണ കണ്ടിട്ടുണ്ട്. സ്വന്തം വീടെവിടെയാണെന്ന് പോലും ചോദിച്ചാൽ പെട്ടന്ന് അതിനുള്ള ഉത്തരം പറയാൻ പോലും സാധിക്കാതെ വെപ്രാളപ്പെടുന്ന അവരുടെ കാഴ്ചകൾ നമ്മളും ആസ്വദിക്കാറുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ ഇ.പി.ജയരാജന് പറ്റിയ അമളി എന്ന് പറയാൻ പറ്റാത്ത രീതിയിലുള്ള തെറ്റ് നേരത്തേ സൂചിപ്പിച്ചത് പോലെയൊന്നുമല്ല. അദ്ദേഹം ഇന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവും അതിലുപരി കായികവകുപ്പ് പോലെയുള്ള വകുപ്പിന്റെ അമരക്കാരനുമാണ്. പോരാത്തതിന് വർഷങ്ങളുടെ പാരന്പര്യമുള്ള ഒരു ദിനപത്രത്തിന്റെ ജനറൽ മാനേജർ സ്ഥാനവും അദ്ദേഹം അലങ്കരിച്ചിരുന്നു. ഇങ്ങിനെയുള്ള അവസരങ്ങളിൽ ആലോചിച്ച് തന്നെ വേണം ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മറുപടികൾ പറയാൻ എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാര്യങ്ങൾ നല്ലവണം പഠിച്ചതിന് ശേഷം വേണം ജനപ്രതിനിധികൾ പ്രതികരിക്കാൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നുണ്ട് ഈ സംഭവം. അതോടൊപ്പം പുതിയ തലമുറ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഓരോ പ്രവർത്തിയും കണ്ടും കേട്ടും അപ്പപ്പോൾ വിലയിരുത്തുന്നുണ്ട് എന്ന് തന്നെയാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. പണ്ടുള്ളത് പോലെ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ രാഷ്ട്രീയ നേതാക്കൾ പ്രസംഗിച്ചും പ്രവർത്തിച്ചും മുന്നേറാൻ ശ്രമിച്ചാൽ അത് ഒരു നാടിന് മൊത്തം നാണക്കേടാണ് സമ്മാനിക്കുന്നതെന്നും ഇത്തരക്കാർ ഓർക്കേണ്ടതുണ്ട്.
ഇതാദ്യമായിട്ടല്ല ഇത്തരം വിടുവായത്തരങ്ങൾ നേതാക്കളുടെ വായിൽ നിന്ന് നമ്മൾ കേൾക്കുന്നത്. അതിൽ പേടിപ്പിക്കുന്നത് മുതൽ പൊട്ടിച്ചിരിപ്പിക്കുന്നത് വരെ ധാരാളം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തിരുവഞ്ചൂരായിരുന്നു ഈ കാര്യത്തിൽ താരം. അദ്ദേഹം എന്ത് പറഞ്ഞാലും ഉടൻ സോഷ്യൽ മീഡിയകളിൽ അത് എന്തെങ്കിലുമൊക്കെയായി എത്തുമായിരുന്നു. നസ്റിയ ഫഹദിനെ പേര് മാറ്റി വിളിച്ച തരത്തിലുള്ള തമാശകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളൂ. അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കുകയാണ് ഇത്തവണത്തെ സംഭവം. ഇതിനെ വെറും നാക്കുപിഴയായി കാണാൻ സാധിക്കില്ല. ‘‘മുഹമ്മദാലി അമേരിക്കയിൽ െവച്ച് മരിച്ചു എന്ന വാർത്ത ഇപ്പോഴാണ് ഞാൻ അറിയുന്നത്. കേരളത്തിലെ കായിക രംഗത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഗോൾഡ് മെഡൽ നേടി നമ്മുടെ കേരളത്തിന്റെ പ്രശസ്തി ലോകരാജ്യങ്ങളിൽ എത്തിച്ച കായിക താരമാണ് അദ്ദേഹം. കേരളത്തിന്റെ ദുഖം, കായികകേരളത്തിന്റെ ദു:ഖം ഞാനറിയിക്കുകയാണ്.’’ എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. ഇതൊരു പൂർണ്ണ വാചകം തന്നെയാണ്. എന്താണെന്നോ, എന്തിനെ പറ്റിയാണെന്നോ അറിയാതെയും ചിന്തിക്കാതെയും റെഡിമെയ്ഡ് ആയി മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ഉത്തരങ്ങൾ നൽകുന്പോഴാണ് ഒരു രാഷ്ട്രീയക്കാരനെ നാം വെറുത്തു പോകുന്നത്. കേട്ടുകേൾവി പോലും ഇല്ലാത്ത വിഷയത്തെക്കുറിച്ച് ആധികാരികമായി ശ്രീ ജയരാജനെ പോലെയുള്ളവർ പ്രതികരിക്കും എന്നതിന്റെ സംസാരിക്കുന്ന തെളിവ് കൂടിയാണിത്. കായികത്തിന് പുറമേ സംസ്ഥാനത്തിന് ഏറെ പ്രധാനപ്പെട്ട വ്യവസായ വകുപ്പും ഇദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം അതു കൊണ്ട് തന്നെ സത്യത്തിൽ ആശങ്കപ്പെടുത്തുന്നു.
അതോടൊപ്പം അദ്ദേഹത്തിന്റെ പ്രസ്താവനയെ വെറും നിഷ്കളങ്കതയായി വിലയിരുത്താൻ കടുത്ത പാർട്ടി വിശ്വാസിക്ക് പോലും സാധ്യമാകില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. എന്തായാലും ഈ ഒരു തെറ്റ് അടുത്ത അഞ്ച് വർഷവും അദ്ദേഹത്തെ പിന്തുടരും എന്നുറപ്പ്. തത്കാലം തിരുവഞ്ചൂരിനും ആശ്വസിക്കാം. അദ്ദേഹത്തിന് നേരെ പടവാൾ എടുത്തവർക്ക് ഇനി ഇര ഇ.പി തന്നെ. അതുമനസിൽ വെച്ച് കൊണ്ട് ഇനിയെങ്കിലും ശ്രദ്ധയോടെ അദ്ദേഹം കാര്യങ്ങൾ പറയുമെന്ന് കരുതാം.