മഴ പെയ്യുന്പോൾ... പ്രദീപ് പുറവങ്കര
ചാറി പാറി പെയ്യുന്ന മഴത്തുള്ളികളിൽ കേരളം ഒടുവിൽ കുതിർന്നുതുടങ്ങിയിരിക്കുന്നു. നാടും നഗരവും കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം ഒരുഭാഗത്ത് ഉണ്ടാകുന്പോഴും ആശ്ചര്യപ്പെടുത്തുന്നത് അധികൃതരുടെ നിസംഗത തന്നെ. എല്ലാം ശരിയാകുമെന്ന് കരുതി കാത്തിരിക്കാനാണ് പാവം ജനവും ശ്രമിക്കുന്നത്. മഴ പെയ്ത് തുടങ്ങുന്പോഴേക്കും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പോലെയുള്ള നഗരങ്ങളിൽ മാലിന്യങ്ങൾ പെരുകാൻ തുടങ്ങിയിരിക്കുന്നു. ഓടകളിൽ നിന്നും പൊട്ടിയൊലിക്കുന്ന ഈ മാലിന്യങ്ങൾ പടർത്താൻ പോകുന്ന രോഗങ്ങളെ പറ്റിയുള്ള വാർത്തകൾ നമ്മുടെ ചുറ്റും ഇനി ദിനം പ്രതി നിറഞ്ഞു തുടങ്ങും. ഡെംഗിയും, ചിക്കനും തുടങ്ങി പേരിടാൻ കാത്തിരിക്കുന്ന പുതിയ രോഗങ്ങൾ നമ്മുടെ മനസുകളെയും ശരീരത്തെയും ചൂടുപിടിപ്പിക്കും. മഴക്കാലത്ത് കുഴികൾ നിറയുന്ന റോഡുകളിൽ പെട്ട് ആടിയും ഉലഞ്ഞും വാഹനഗതാഗതവും സ്തംഭിക്കും. കാൽനടയാത്രക്കാർക്ക് ഓടകളിൽ വീഴാതെ എങ്ങിനെയെങ്കിലും ഒന്ന് നീന്തി ലക്ഷ്യസ്ഥാനത്ത് എത്തണമേ എന്ന പ്രാർത്ഥന മാത്രം. റോഡിന്റെ വക്കത്ത് കിടന്നുറങ്ങുന്ന ദരിദ്ര നരായണൻമാർ എന്ത് ചെയ്യേണ്ടുവെന്നറിയാതെ നട്ടം തിരിയുന്ന കാഴ്ച്ചകളും ഈ മഴക്കാലത്ത് കേരള നാട്ടിൽ സുലഭം.
ഇരുപ്പത്തിനാല് മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അതിനെ അതിജീവിക്കാനുള്ള ശേഷി നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് നഗരങ്ങളിൽ ഇപ്പോഴും നിലവിൽ ഇല്ലെന്ന് ഓരോ മഴക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു. നഗരങ്ങളുടെ ഭരണാധികാരികളാണ് ഇവയെ പറ്റി കൂടുതൽ ബോധവാൻമാരാകേണ്ടത്. ഓരോ മഴകാലത്തും വെറുതെ ഒലിച്ചു പോകുന്ന വെള്ളത്തിനെ സംഭരിച്ച് സൂക്ഷിക്കുന്നത് മുതൽ, മഴയത്ത് ഒഴുകിനടക്കുന്ന മാലിന്യങ്ങളെ എങ്ങിനെ ഒഴിവാക്കാമെന്ന് ചിന്തിക്കേണ്ടതും അതിന് വേണ്ട കാര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതും ഇവർ തന്നെയാണ്. ഏറ്റവും പ്രധാനമായി വേണ്ടത് ഡ്രൈനേജ് സൗകര്യങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക എന്നത് തന്നെയാണ്. മഴക്കാലം തുടങ്ങിയതിന് ശേഷവും ഡ്രൈനേജ് തുറന്ന് വൃത്തിയാക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നു. കടുത്ത ചൂട് മാസങ്ങളോളം തുടർന്നപ്പോൾ ചെയ്യേണ്ടിയിരുന്ന ജോലികൾ എന്തിനാണ് മഴ തുടങ്ങിയതിന് ശേഷം ചെയ്യുന്നതെന്ന ചോദ്യത്തിന് നാം ഉത്തരം കാണേണ്ടിയിരിക്കുന്നു.
അതുപോലെ പൊതു ഇടങ്ങളിൽ മാലിന്യം ഇടരുതെന്ന ബോർഡ് വെച്ചതിന്റെ താഴെ ആരും കാണാതെ പ്ലാസ്റ്റിക്ക് സഞ്ചികളിൽ വീട്ടിലെയും തൊഴിലിടത്തിലെയും മൊത്തം മാലിന്യം തട്ടിമുങ്ങി ശീലമുള്ള മലയാളിയുടെ മുന്പിലേയ്ക്ക് കുറേ സിഎസ്ആർ പരസ്യമിട്ട് ബോധവത്കരിക്കാം എന്ന് ആലോചിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇനിയെങ്കിലും ഭരണാധികാരികൾ മനസ്സിലാക്കണം. ഇങ്ങിനെ മാലിന്യങ്ങൾ നിറയുന്നിടത്ത് ഏറ്റവും കുറഞ്ഞത് ഒരു ചെറിയ വെബ് കാമറ എങ്കിലും വെച്ചാൽ കുറ്റവാളികളെ കൈയോടെ പിടികൂടാവുന്നതേയുള്ളൂ. മഴക്കാലത്തെങ്കിലും ഇത്തരത്തിൽ മാലിന്യം നിക്ഷേപ്പിക്കുന്നവർക്ക് കർശനമായ ശിക്ഷ നൽകുവാനും കഴിയേണ്ടതുണ്ട്. കാരണം അവർ പടർത്തുന്നത് മാരകമായ രോഗങ്ങളാണ്.
ജൂൺ ഒന്ന് മുതൽ കേരളത്തിൽ വിദ്യാലയങ്ങൾ തുറന്നിരിക്കുന്നു. ആദ്യദിവസം പുതിയ കുടയും റെയിൻകോട്ടും നൽകുന്ന കൗതുകം അവസാനിച്ചാൽ മഴകാലം പ്രത്യേകിച്ച് നഗരങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്ക് ദുരിതം തന്നെയാണ് സമ്മാനിക്കുന്നത്. മഴ നനഞ്ഞും, മാലിന്യങ്ങളിൽ നീന്തിയും വീട്ടിലേയ്ക്ക് തിരികെ വന്ന് അവരൊന്ന് തുമ്മുന്പോൾ പിടയ്ക്കുന്നത് പാവം മാതാപിതാക്കളുടെ മനസ്സാണ്. കേട്ടതും, കേൾക്കാത്തതുമായ രോഗങ്ങളാണ് അവരെ ഭയപ്പെടുത്തുന്നത്. ഇതൊന്നും ഒരിക്കലും തന്നെ ആശാസ്യമായ കാര്യമല്ല.
മഴ ഭയപ്പെടുത്തേണ്ട ഒന്നല്ല, മറിച്ച് ആസ്വദിക്കപ്പെടേണ്ടതാണെന്ന ആശയമാണ് നമ്മുടെ നാട് പങ്കിടേണ്ടത്. ഒരു മഴ പെയ്താൽ ഒലിച്ചു പോകേണ്ടതല്ല നമ്മുടെ മനസും ശരീരവും എന്ന് ആവർത്തിച്ച് വ്യക്തമാക്കേണ്ടതുണ്ട്. ഇതിന് വേണ്ടി മാലിന്യ നിർമാജ്ജനത്തിനുള്ള നൂതനമായ പദ്ധതികൾ, പാഴായി പോകുന്ന മഴവെള്ളത്തെ സംഭരിക്കാനുള്ള സംവിധാനങ്ങൾ, മഴക്കാലത്ത് മാത്രം പൊളിഞ്ഞു പോകുന്ന തരത്തിലുള്ള റോഡുകൾ നിർമ്മിക്കാതിരിക്കൽ, മനുഷ്യർ നടക്കുന്ന ഇടങ്ങളിലെങ്കിലും പൊട്ടി വീഴാറായ മര കൊന്പുകളെയും, മരങ്ങളെയും മുറിച്ച് മാറ്റൽ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പ്ലാൻ ചെയ്ത് നടപ്പിലാക്കുവാൻ പുതിയ സർക്കാരിനും അതു പോലെ തന്നെ നഗര ഭരണാധികാരികൾക്കും സാധിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ട്...