ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു...
ജൂൺ 1, 2012. ഫോർ പിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള ദിനമാണ്. അന്നാണ് ഈ ചെറിയ വലിയ പത്രത്തിന്റെ തേരോട്ടം ആരംഭിച്ചത്. ബഹ്റിൻ എന്ന മനോഹരമായ രാജ്യത്ത് അധിവസിക്കുന്ന മൂന്ന് ലക്ഷത്തോളം മലയാളികൾക്ക് വായനയുടെ പുതിയൊരു അർത്ഥതലം സമ്മാനിച്ച്, മാധ്യമധർമ്മത്തിൽ പുതിയ പാഠങ്ങൾ എഴുതി ചേർത്തുകൊണ്ട്, ജാതിമതവർഗ്ഗലിംഗ ഭേദമന്യേ വായനയെ, അറിവിനെ, ചിന്തകളെ പരസ്പരം പങ്ക് വെയ്ക്കാനും അത് രേഖപ്പെടുത്താനുമുള്ള അവസരം എഴുത്തിന്റെ വരേണ്യവിഭാഗത്തിൽ മാത്രം ഒതുക്കിവെക്കാതെ ജനകീയമാക്കിയ ഫോർ പിഎമ്മിന് ഇന്ന് നാല് വയസ്സ് പൂർത്തിയാകുന്നു.
വായന മരിച്ചു പോകാറായ ലോകത്ത് വലിയ ബ്രാൻഡ് വാല്യു ഉള്ള എഴുത്തുകാരുടെയോ പത്രപ്രവർത്തകരുടെയോ യാതൊരു പിൻബലവുമില്ലാതെ, സാങ്കേതികത നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത് അതും ഒരു സായാഹ്ന പത്രം തുടങ്ങിയാൽ എങ്ങിനെ വിജയിക്കാൻ എന്ന് ചോദിച്ച കൂട്ടുകാർ അന്ന് ഞങ്ങൾക്കുമുണ്ടായിരുന്നു. ഇത്രയൊക്കെ പ്രശ്നമുണ്ടെങ്കിൽ ഈ പത്രം ഒന്നു പുറത്തിറക്കി നോക്കാം എന്ന പ്രേരണ ആദ്യം നൽകിയത് അവരാണ്. സ്നേഹകൂടുതൽ കാരണം അങ്ങിനെ ഉപദേശിച്ച സുഹൃത്തുക്കൾക്കാണ് എന്റെ ആദ്യ നന്ദി.
ഇതെന്ത് പത്രമാണ് ഭായി.. നിങ്ങൾക്കെന്ത് നിലപാടാണ് ഉള്ളത്... എഡിറ്റോറിയൽ ഇല്ലാതെ ഇതൊക്കെ പത്രമാണോ, വലിയ പത്രങ്ങളെ കണ്ടു പഠിച്ചൂടെ... ഇങ്ങിനെ ആദ്യ നാളുകളിൽ തന്നെ ഞങ്ങളോട് ചോദ്യങ്ങൾ അനവധിയായിരുന്നു. അതു വരെ വായിച്ചു ശീലിച്ച മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചിന്തകളിൽ അഗ്മി പടർത്തുന്നവരുടെ കാഴ്ച്ചപ്പാടുകൾ വെട്ടിതിരുത്തലുകളില്ലാതെ ഫോർ പിഎം പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ ആ അക്ഷരങ്ങൾ പൊള്ളിച്ചത് നിരവധി പേരെയാണ്. ഇവർക്കൊക്കെ ഒരു പത്രത്തിൽ എഴുതാൻ എന്ത് അർഹത എന്ന ചോദിച്ച മാധ്യമസുഹൃത്തുക്കളും ധാരാളം. പത്രത്തിൽ ലേഖനമെഴുതിയവർക്കും, കോളം എഴുതുന്നവരുടെ ചിന്തകൾക്കെതിരെയും, പത്ര ഉടമകൾക്കെതിരെയും വരെ എഴുത്തുകൾ വന്നു. അതൊക്കെ ഫോർ പിഎം അതുപോലെ പ്രസിദ്ധീകരിച്ചത് ബഹ്റിനിലെ വായനക്കാർക്ക് പുതുമയായി. ഇഷ്ടമില്ലാത്തത് ചവറ്റുകൂട്ടയിലേയ്ക്ക് ചുരുട്ടി എറിഞ്ഞ് അക്ഷരപ്രണയങ്ങളുടെ നടുവൊടിച്ചവർക്ക് അതൊരു പുതിയ പാഠമായി. വ്യത്യസ്തകരമായ ആശയങ്ങളെയും ചിന്തകളെയും ഒരേ പ്രതലത്തിൽ കൊണ്ടുവരാൻ സാധിച്ചതിന്റെ പ്രധാന കാരണം ഞങ്ങളുടെ പ്രിയപ്പെട്ട ആ എഴുത്തുകാരുടെ സഹകരണം കൊണ്ട് മാത്രമാണ്. അവർക്കുള്ള നന്ദിയും അകൈതവമാണ്.
ഞങ്ങൾക്കൊപ്പം ആദ്യം മുതൽ ഒത്ത് ചേർന്നത് പ്രവാസലോകത്തെ ബഹുമാന്യരായ കുടുംബങ്ങളാണ്. ഓരോ വീട്ടിന്റെയും അകത്തളങ്ങളിൽ ചൂടേറിയ വാർത്തകളും, അതിലേറെ ബഹ്റിനിലെ ഓരോ സ്പന്ദനങ്ങളും ഫോർ പിഎം എത്തിച്ചു കൊടുത്തപ്പോൾ വൈകുന്നേരങ്ങളിലെ ചായക്കൊപ്പം മലയാളി മനസ്സുകൾ ഞങ്ങളെയും ശീലമാക്കി. വാർത്തകൾ എത്രയും പെട്ടന്ന് വായനക്കാരന്റെ കൈയിലെത്താൻ കാണിക്കുന്ന ആവേശത്തിൽ സംഭവിക്കുന്ന അക്ഷരപിശകുകളെ േസ്നഹപൂർവ്വം ചൂണ്ടി കാട്ടിയ അവരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കാൻ സാധിക്കില്ല. അതു കൊണ്ട് തന്നെ നന്ദിക്ക് പകരം അവരെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അവർക്കൊപ്പം കേരളത്തിലും, ബഹ്റിനിലും, മറ്റ് ഗൾഫ് രാജ്യങ്ങളിലുമുള്ള സ്പാക്, ന്യൂസ്മിൽ കുടുംബംഗങ്ങൾ, ബഹ്റിനിലെ അൽ അയാം പ്രസ്, ഭരണകൂടം, പരസ്യദായകർ എന്നിവർക്കും നിറഞ്ഞ സ്നേഹം അറിയിക്കുന്നു.
കാലം കടന്നുപോകുന്പോൾ സാങ്കേതികമായും ഫോർ പിഎം ഏറെ വളർന്നിരിക്കുന്നു. ഗൾഫ് നാടുകളിൽ പ്രത്യേകിച്ച് ബഹ്റിനിലെ പ്രവാസി മലയാളികൾ ഏറ്റവുമധികം സെർച്ച് ചെയ്യുന്ന ഓൺ ലൈൻ പത്രമാണ് ഇന്ന് ഫോർ പിഎം. നാല് ലക്ഷത്തോളം പേർ ഓരോ ദിവസവും ഫോർ പിഎമ്മിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നു. ഓരോ നിമിഷവും ഇന്ന് വാർത്തയാണ്. വാർത്തയ്ക്ക് പുറകിലെ വൃത്താന്തങ്ങളും കാഴ്ച്ചപ്പാടുകളുമായി ഇനിയുമേറെ ദൂരം ഞങ്ങൾക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. കൈത്താങ്ങാവേണ്ടത് നിങ്ങളാണ്. അത് മാത്രം അഭ്യർത്ഥിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം...
പ്രദീപ് പുറവങ്കര.
മാനേജിങ്ങ് എഡിറ്റർ, ഫോർ പിഎം ന്യൂസ്