നാട് നന്നാവട്ടെ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രണ്ട് വർഷം പൂർത്തീകരിച്ചിരിക്കുന്നു. ജനാധിപത്യവ്യവസ്ഥിതിയിൽ ഒരു ഗവണ്‍മെന്റ് വലിയ തട്ടുകേടുകളില്ലാതെ രണ്ട് വർഷം പൂർത്തീകരിച്ചു എന്നുള്ളത് അഭിനന്ദനീയമാണ്. പത്ത് വർഷത്തോളം ശ്രീ മന്‍മോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഗവണ്‍മെന്റിനെ നയപരിപാടികളോടുള്ള ശക്തമായ എതിർപ്പും നരേന്ദ്ര മോഡി എന്ന നേതാവിന്റെ നേതൃത്വപരമായ ഗുണങ്ങളും തിരിച്ചറിഞ്ഞുകൊണ്ടാണ് ദേശീയടിസ്ഥാനത്തിൽ ഭരണമാറ്റമുണ്ടായത്. അടുത്ത തെരഞ്ഞെടുപ്പ് വരുന്നതിന് മുന്പുള്ള മൂന്ന് വർഷം കുറേകൂടി ക്രിയാത്മകമായ വിമർശനങ്ങളെ സ്വാഗതം ചെയ്തു കൊണ്ടും, ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി കൊണ്ടും ഈ അധികാരം ഉപയോഗിക്കാനും, ഇന്ത്യൻ ജനതയ്തക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനും എൻ.ഡി.എ സർക്കാരിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.
കേരളത്തിലും നിയമസഭാടിസ്ഥാനത്തിലുണ്ടായ ഭരണമാറ്റം നേരത്തേ എഴുതിയത് പോലെ ഏറെ പ്രതീക്ഷകൾ മലയാളികൾക്ക് നൽകുന്നതാണ്. അധികാരമേറ്റെടുത്ത് ദിവസങ്ങളേ ആയിട്ടുള്ളുവെങ്കിലും അത്യാവശ്യം പൊസിറ്റീവായ ചില കാര്യങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ആരംഭശൂരത്വമായി ഇത് അവസാനിക്കാതിരിക്കേണ്ടതുണ്ട്. നിതാന്തമായ ജാഗ്രത ഭരണാധികാരികൾക്ക് മാത്രമല്ല, മറിച്ച് സമൂഹത്തിനും ഉണ്ടാകണം. ഇഷ്ടമില്ലാത്തവൻ ചെയ്യുന്നതെല്ലാം തെറ്റ് എന്ന രീതിയിൽ എല്ലാത്തിനെയും കാണാതെ ചെയ്യുന്ന നല്ലതിനെ പ്രോത്സാഹിപ്പിക്കാനും, അതിൽ തിരുത്തലുകൾ വേണമെങ്കിൽ ആവശ്യപ്പെടാനും സമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു.
അഴിമതിക്കെതിരെയാണ് പുതിയ ഗവണ്‍മെന്റ് ശക്തമായ നിലപാട് എടുക്കുമെന്ന് പറഞ്ഞിരിക്കുന്നത്. സർക്കാർ ഓഫീസുകളാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. ഇവിടെ കൈക്കൂലി വാങ്ങുന്നത് ശിക്ഷാർഹമാണെന്നുള്ള അറിയിപ്പ് ബോർഡുകൾ വെച്ചത് കൊണ്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. മറിച്ച് ഏറ്റവുമധികം അഴിമതി നടക്കുന്ന ഓഫീസുകളിൽ ഒന്നായ ആർ.ടി.ഒ ഓഫീസുകൾ പോലെയുള്ള സ്ഥലങ്ങളിൽ എന്ത് കൊണ്ട് ഒരു സെക്യൂരിറ്റി ക്യാമറ വെച്ചു കൂടാ എന്നാണ് എന്റെ ചിന്ത. അതിന്റെ മോണിട്ടറുകൾ പൊതുജനത്തിന് കാണുവാനായി ഓരോ നഗരത്തിന്റെയും പ്രധാന സ്ഥലങ്ങളിലോ അല്ലെങ്കിൽ കൈക്കൂലി കേസുകൾ പിടിക്കുന്ന വിജിലൻസിന്റെയോ, ജില്ലാ ഭരണാധികാരിയുടെയോ ഓഫീസ് മുറിയിൽ വെച്ചാൽ ഉദ്യോഗസ്ഥന്‍മാരുടെ പകൽ കൊള്ളയ്ക്ക് വിധേയരാവുന്ന പാവം ജനത്തിന് ഏറെ ആശ്വാസമാകുമെന്നാണ് എന്റെ തോന്നൽ. ഇത്തരത്തിൽ ഓരോ ദിനവും വളരുന്ന ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ അഴിമതിയെ തടയാനുള്ള നടപടികൾ സ്വീകരിക്കാവുന്നതേയുള്ളൂ.
മറ്റൊന്ന് സുരക്ഷയാണ്. പൊതു ഇടങ്ങളിൽ പോലും അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ അധമന്‍മാരുടെ സമൂഹമായി നമ്മൾ ബ്രാൻഡ് ചെയ്യുപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഗൾഫ് നാടുകളിലും വികസിത രാജ്യങ്ങളിലും ഏറെ കണ്ടുവരുന്ന സിഐഡികൾ എന്ന വിഭാഗത്തിന്റെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിപ്പിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധികളിൽ ഒന്ന്. ഇന്റലിജൻസ് വകുപ്പ് എന്നൊരു വിഭാഗമുണ്ടെങ്കിലും ഇവരുടെ എണ്ണം എന്റെ അറിവിൽ കേരളത്തിൽ താരതമ്യേന വളരെ കുറവാണ്. മൂന്നരകോടി ജനങ്ങളുടെ സുരക്ഷയ്ക്ക് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം പേരുടെയെങ്കിലും സഹായം ഇത്തരത്തിൽ ലഭിക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. എൻസിസി, സ്കൗട്ട് തുടങ്ങിയ സേവനപ്രവർത്തനങ്ങളിൽ സ്കൂൾ തലം തൊട്ടു പ്രവർത്തിക്കുന്ന ചെറുപ്പക്കാരെ ഇതിനായി പരിശീലനം നൽകി ഉപയോഗപ്പെടുത്താം. മറ്റ് ജോലികൾ ചെയ്യുന്പോൾ തന്നെ അവരവരുടെ നാടുകളിൽ അക്രമവാസന പ്രകടിപ്പിക്കുന്നവരെ കണ്ടുപിടിക്കാൻ ഇവർക്ക് സാധിച്ചാൽ എത്രയോ ക്രിമിനലുകളെ ശരിയായ വഴിയിലേയ്ക്ക് എത്തിക്കാൻ സാധിക്കും. ഇത് ഒന്ന് രണ്ട് ഉദാഹരണം മാത്രം. ഇതിൽ തന്നെ പല അഭിപ്രായങ്ങളും ഉണ്ടാകാം. പക്ഷെ അത്യന്തികമായി നമ്മുടെ നാട് നന്നാകണം എന്നൊരു ചിന്ത നമുക്ക് ഓരോരുത്തർക്കും തന്നെ ഉണ്ടായാൽ നാടും, ലോകവും കുറെ കൂടി നന്നാകുമെന്ന് ഉറപ്പ് !!