എന്നാലും ആ ‘ഡ’ - പ്രദീപ്‌ പുറവങ്കര


എന്നാലും ആ ‘ഡ’ ഇല്ലാതെ അച്ചടിച്ച് വന്നത് മോശമായി പോയി. അദ്ദേഹം ഏറെ വേദനയോടെ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഫോർ‍ പിഎമ്മിൽ‍ മുഖ്യമന്ത്രി പിണറായി വിജയനിൽ‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഉത്തരമായി നൽ‍കിയ വാചകങ്ങളിൽ‍ ഒരു അക്ഷരമായ ഡ്രൈവർ‍ എന്നതിൽ‍ ഡ എന്ന വാക്ക് വിട്ടു പോയതാണ് സുഹൃത്തിനെ വല്ലാതെ വിഷമിപ്പിച്ചത്. അക്ഷരപിശക് എന്ന രീതിയിൽ‍ അതിനെ ചെറുതായി കാണുന്നില്ലെങ്കിലും, ആ പേജിൽ‍ നിറഞ്ഞുകവിഞ്ഞുകിടക്കുന്ന വാക്കുകൾ‍ക്കിടയിൽ‍ നിന്ന് ഇല്ലാതായി പോയ ‘ഡ’ എന്ന അക്ഷരത്തെ മാത്രം തിരിച്ചറിഞ്ഞ ആ മലയാളി ബോധത്തെ പറ്റിയാണ് ഞാൻ‍ ചിന്തിച്ചു പോയത്. എന്തിലും ഏതിലും ഒരു കറ കണ്ടെത്തി കഴിഞ്ഞാൽ‍ അതിൽ‍ സന്തോഷിക്കുന്ന, അഭിരമിക്കുന്ന മലയാളിയെയാണ് ഇതിൽ‍ തിരിച്ചറിഞ്ഞത്. അന്യന്റെ വിഷമത്തിലാണ് നമ്മൾ സന്തോഷിക്കുന്നത്. സന്തോഷത്തിൽ‍ അല്ല. ഞാനാണ് കേമൻ‍, നീ വെറും അശുവെന്ന് പറയുന്നതിലാണ് നമ്മൾ ഏറെ ആഹ്ലാദിക്കുന്നത്.

ഇന്നലെ ബഹ്റിനിലെ തഴക്കം വന്ന പത്ത് എഴുത്തുക്കാരുടെ കഥകളുടെ പ്രകാശനം നടത്തുവാൻ‍ വേണ്ടി വന്ന പ്രിയപ്പെട്ട ജോയ് മാത്യുവും ഇതേ കാര്യം തന്റെ പ്രസംഗത്തിൽ‍ സൂചിപ്പിക്കുകയുണ്ടായി. ഒരാളുടെ ജോലി നഷ്ടമാകുന്പോൾ ആണ് മറ്റൊരാൾ‍ക്ക് സന്തോഷം വരുന്നത്. അറിയപ്പെടുന്ന ഒരാൾ ജയിലിൽ‍ വല്ല കാരണത്താലും അകപ്പെടുന്പോഴാണ് നമുക്ക് രോമാഞ്ചാമുണ്ടാകുന്നത്. നാട്ടുകാരനായ ഒരാൾ അപവാദ കേസുകളിൽ‍ പെട്ടുപോകുന്പോഴാണ് ആ അവൻ‍ പണ്ടേ അങ്ങിനെയാ എന്ന് പറ‍ഞ്ഞ് നമ്മൾ ഊക്കം കൊള്ളുന്നത്. നെഗറ്റീവ് അഥവാ നിഷേതാത്മകതയ്ക്ക് ഇത്രയേറെ പ്രാമുഖ്യം കൊടുക്കുന്ന മറ്റൊരു ജനത ഈ ലോകത്ത് തന്നെ വേറെയുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മുന്പൊരിക്കൽ‍ സൂചിപ്പിച്ചത് പോലെ എന്തൊക്കെയുണ്ട് എന്ന് ചോദിച്ചാൽ‍ ബാക്കിയുള്ളവരൊക്കെ യാ ഫൈൻ‍, എല്ലാം നന്നായിരുക്ക് എന്നൊക്കെ പറയുന്പോൾ നമ്മൾ മലയാളികളിൽ‍ വലിയൊരു ശതമാനം മാത്രം ഓ എന്ത് പറയാനാ ഇങ്ങിനെയൊക്കെ തട്ടീം മുട്ടിം ജീവിച്ചു പോകുന്നു എന്ന് പറഞ്ഞ് ദുഖകഥാപാത്രമാകുന്നു.  

പലപ്പോഴും തിരുത്തൽ‍ ശക്തികളാണെന്ന രീതിയിലാണ് നമ്മൾ ഇത്തരക്കാരെ കാണാറുള്ളത്. ജീവിതത്തിൽ‍ ബൗധികമായോ സാന്പത്തികമായോ ഒന്നും നേടാത്ത ഇത്തരക്കാരെ നമ്മൾ പലപ്പോഴും മഹത്വവത്കരിച്ച് വെയ്ക്കും. തങ്ങളുടെ ജീവിതത്തിൽ‍ ചെയ്ത് വെച്ച പത്ത് നല്ല കാര്യങ്ങളെ പറ്റി ഒന്നെഴുതിതരാൻ‍ പറഞ്ഞാൽ‍ ഇവരുടെ കൈ പലപ്പോഴും ശൂന്യമായിരിക്കും. ഇങ്ങിനെ ഈ ലോകം മുഴുവൻ‍ മോശമാണെന്നും, ‍ഞാൻ‍ മാത്രമാണ്  ഈ ലോകത്തിലെ ഏക നല്ല കാര്യമെന്നും ചിന്തിക്കുന്ന ഇത്തരക്കാരെ നിക്ഷേധാത്മക ചിന്താഗതിക്കാർ‍ എന്ന് മാത്രമല്ല പറയേണ്ടത്, മറിച്ച് ചൊറിയന്‍മാർ‍ എന്ന് കൂടിയാണ്. ഇവർ‍ എന്ത് കണ്ടാലും ചൊറിഞ്ഞുകൊണ്ടിരിക്കും. അത് അവരുടെ ജന്മാവകാശമാണ്. ഉറക്കം വരണമെങ്കിൽ‍ ഈ ചൊറിയൽ‍ നിർ‍ബന്ധം. ജാതിയും മതവും രാഷ്ട്രീയവും നോക്കി ചൊറിയുന്നവരാണ് ഏറെയും. സന്പന്നനോ, പ്രശസ്തനോ ആണെങ്കിൽ‍ പിന്നെ അവന്റെ നെഞ്ചത്തോട്ടാണ് ബാക്കിയുള്ള ചൊറിച്ചൽ‍. ഇങ്ങിനെ അതീവ സങ്കീർ‍ണ്ണമായ മാനസിക നിലവാരം വെച്ചുപുലർ‍ത്തുന്ന ഒരു ജനസമൂഹമായി മാത്രം കേരളീയർ‍ ബ്രാൻ‍ഡ് ചെയ്യപ്പെടുന്നത് ഏറെ സങ്കടകരമാണ് എന്ന് പറയാതെ വയ്യ.

ഇന്ന് കാലത്ത് ശ്രീ കൊച്ചൗസേഫ് ചിറ്റലപ്പിള്ളിയുമായി സംസാരിക്കാനിടയായപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഏറെ ചിന്തിപ്പിക്കുന്നതാണ്. ഇക്യു അഥവാ ഇന്‍റലിജൻ‍‍സ് ക്വാഷ്യന്റ് ഏറെ അധികമുള്ളവരാണ് നമ്മൾ മലയാളികൾ‍. സൂര്യന് താഴെയുള്ള എന്തിനെ പറ്റി ചോദിച്ചാലും നമുക്ക് ഉത്തരമുണ്ടാകും. അതേസമയം ഇക്യു അഥവാ ഇമോഷണൽ‍ ക്വാഷ്യന്റ് വളരെ കുറഞ്ഞവരാണ് നമ്മൾ‍. വളരെ പെട്ടന്നാണ് വികാരങ്ങൾ‍ക്ക് നമ്മൾ അടിമപ്പെടുന്നത്. ലോകം മാറുകയാണെന്നും, കാലത്തിന് വേഗം കൂടുകയാണെന്നും തിരിച്ചറിഞ്ഞു കൊണ്ട്  ചെറുപ്പം മുതൽ‍ക്ക് തന്നെ കുട്ടികളിൽ‍ പോലും ഇക്യു വികസിപ്പിക്കുന്നതിനുള്ള മാർ‍ഗങ്ങളാണ് നമ്മൾ തേടേണ്ടത്. ഒന്ന് കാലിടറുന്പോൾ കയർ‍തുന്പിനെ ആഗ്രഹിക്കുന്ന, കൈയിൽ‍ കേറി പിടിച്ചാൽ‍ ഒന്നും മിണ്ടാതെ വഴങ്ങികൊടുക്കുന്ന, മുഖം പൊത്തുന്പോൾ തിരികെ ഒന്ന് കടിച്ചോടാൻ‍ പോലും ശ്രമിക്കാത്ത ബുദ്ധിയുള്ളവരയെല്ല നമ്മുടെ നാടിന് ആവശ്യം, മറിച്ച് വികാരങ്ങളെ നിയന്ത്രിക്കാനും, ആവശ്യമുള്ള നേരത്ത് അത് പ്രകടിപ്പിക്കാനും സാധിക്കുന്ന മാനസിക വളർ‍ച്ചയുള്ള ഒരു തലമുറയെ ആണ് നമുക്ക് വേണ്ടത്.  ഒപ്പം വെളുത്ത വൃത്തത്തിനുള്ളിലെ കറുത്ത പൊട്ട് കാണുന്നതിന് പകരം, കറുത്ത പൊട്ടിന് ചുറ്റുമുള്ള വെളുപ്പ് കാണാനും നമുക്ക് സാധിക്കട്ടെ...

You might also like

Most Viewed