വിജയം ജനങ്ങളുടേതാവട്ടെ...


അങ്ങിനെ കേരളത്തിന് പുതിയ മുഖ്യമന്ത്രിയെയും, മന്ത്രിസഭയയെയും, ജനപ്രതിനിധികളെയും ലഭിച്ചിരിക്കുന്നു. ഏറെ പ്രതീക്ഷകളാണ് ഇവരെക്കുറിച്ച് മൂന്നരകോടി ജനങ്ങൾ‍ക്കുള്ളത്. നാടിന്റെ സർ‍വതോന്‍മുഖമായ വളർ‍ച്ചയ്ക്കും, വികസനത്തിനും, അഴിമതി രഹിത സംവിധാനങ്ങൾ‍ ഒരുക്കാനും പുതിയ നേതൃത്വത്തിന് കഴിയുമെന്ന് നിഷ്പക്ഷമതികളായ ആളുകൾ‍ പോലും ആശിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിൽ‍ ചുമതലയേറ്റെടുത്ത ഗവൺമെന്റിന്റെ ഉത്തരവാദിത്വവും ഏറെയാണ്. പ്രവാസലോകത്തും, അതുപോലെ കേരളത്തിലും ഇടക്കിടെ പോയി വരാൻ അവസരം ലഭിക്കുന്ന ഒരാൾ‍ എന്ന രീതിയിൽ‍ ചില പ്രധാനപ്പെട്ട വകുപ്പുകളിൽ‍ വരുത്തേണ്ട അൽ‍പ്പം ചില കാര്യങ്ങൾ‍ ഞാനും ആഗ്രഹിച്ചു പോകുന്നുണ്ട്. അതിൽ‍ ചിലത് ഇവിടെ കുറിക്കട്ടെ. 

ആരോഗ്യം: ഇന്ന് നമ്മുടെ നാട്ടിലെ സർ‍ക്കാർ‍ ആശുപത്രികളിൽ‍ മിക്കതും പശുതൊഴുത്തിനെക്കാൾ‍ മോശപ്പെട്ട നിലയിലാണ് പ്രവർ‍ത്തിക്കുന്നത്. സാമൂഹ്യപ്രവർ‍ത്തകരുടെയും, ജനപ്രതിനിധികളുടെയും സഹായത്തോടെ ആരോഗ്യവകുപ്പ് ആദ്യം ചെയ്യേണ്ടത് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യകേന്ദ്രങ്ങൾ‍ തുടച്ച് വൃത്തിയാക്കി, അവിടെയുള്ള മാലിന്യങ്ങൾ‍ ഇല്ലാതാക്കലാണ്. ഗൾ‍ഫ് രാജ്യങ്ങളിലെ ആശുപത്രികളിൽ‍ കാണുന്ന വൃത്തിയും വെടിപ്പും നമ്മുടെ നാട്ടിലും വരുത്താൻ സാധിക്കുന്നതാണ്. ഇതോടൊപ്പം ചിലവ് കുറഞ്ഞ ആരോഗ്യ സംവിധാനങ്ങൾ‍ ഏർ‍പ്പെടുത്തണം. ഹൃദയമാറ്റ ശസ്ത്രക്രിയ പോലെയുള്ള ചിലവ് കൂടിയ ചികിത്സകൾ‍ സർ‍ക്കാർ‍ ആശുപത്രികളിൽ‍ കൂടുതലായി ചെയ്യാൻ സാധിക്കണം. എത്രയോ പാവപ്പെട്ടവർ‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. 

സംസ്കാരം: നമ്മുടെ നാട്ടിൽ‍ പലയിടത്തും ഇല്ലാത്ത ഒരു കാര്യം നല്ല പാർ‍ക്കുകളാണ്. പ്രഭാത സായാഹ്ന നടത്തങ്ങൾ‍ക്കും വ്യായാമത്തിനും പറ്റിയ ഇത്തരം കേന്ദ്രങ്ങൾ‍ ശാസ്ത്രീയമായി എല്ലാ പഞ്ചായത്തിലും നിർ‍മ്മിക്കണം. ആഴ്ചയിലൊരിക്കല്ലെങ്കിലും ഇത്തരം കേന്ദ്രങ്ങളിൽ‍ കുറ‍ഞ്ഞത് ഒരു ഓപ്പൺ േസ്റ്റജെങ്കിലും നിർ‍മ്മിച്ച് തദ്ദേശീയരായ ജനങ്ങളുടെയോ, മറ്റ് പ്രമുഖ കലാകാരന്‍മാരുടെയോ കലാപരിപാടികൾ‍ സംഘടിപ്പിക്കണം. പട്ടാളത്തിൽ‍ നിന്നോ പോലീസിൽ‍ നിന്നോ വിരമിച്ചവരെ സെക്യൂരിറ്റിക്കായി ഇവിടെ നിയോഗിച്ച് സന്ദർ‍ശകരുടെ സുരക്ഷ ഉറപ്പ് വരുത്തണം. ചെറിയ തോതിലെങ്കിലും വായനശാലയും, വൈഫൈ സൗകര്യമുള്ള കഫെകളും, സൈക്കിൾ‍ ഓടിക്കാനുള്ള സൗകര്യവും നൽ‍കിയാൽ‍ അതും ഏറെ നന്നായിരിക്കും. വൈകുന്നേരങ്ങളിൽ‍ സീരിയിലുകളുടെ ഇടയിൽ‍ പെട്ട് നട്ടം തിരിയുന്ന നമ്മുടെ സമൂഹത്തിൽ‍ ഇത്തരം പാർ‍ക്കുകൾ‍ വരുത്തുന്ന മാറ്റം അതിശയം ജനിപ്പിക്കുന്നതായിരിക്കുമെന്ന് ഉറപ്പ്. 

വിദ്യാഭ്യാസം: എന്തുകൊണ്ടാണ് ജനങ്ങൾ‍ സ്വകാര്യ വിദ്യാലയങ്ങളെ പഠനത്തിനായി ആശ്രയിക്കുന്നത് എന്ന് പുതിയ സർ‍ക്കാർ‍ ഗൗരവപൂർ‍വം ചിന്തിക്കണം. ഉയർ‍ന്ന ഫീസ് മാത്രമല്ല നല്ല വിദ്യാഭ്യാസത്തിനുള്ള മാനദണ്ധം. മികച്ച അദ്ധ്യാപകരെ കണ്ടെത്തി അവരെ ഓരോ സ്കൂളിന്റെയും ഫേസാക്കി വേണം ഈ ഒരു പുരോഗമനം നടത്തേണ്ടത്. മുന്പൊക്കെ ഓരോ നാട്ടിലെയും പ്രധാന പരിപാടികളിൽ‍ മുഖ്യാതിഥിയാവാറുള്ളത് അതാത് ഇടങ്ങളിലെ സ്കൂൾ‍ ഹെഡ്മാസ്റ്റർ‍മാരായിരുന്നു. അദ്ധ്യാപകൻ എന്നതിലുപരി അവരൊക്കെ മികച്ച സാമൂഹ്യപ്രവർ‍ത്തകർ‍ കൂടിയായിരുന്നു. ഇന്ന് അത്തരം ആളുകളെ കാണാനില്ല. പത്ത് മണി മുതൽ‍ അഞ്ച് മണി വരെ ജോലി ചെയ്യുന്ന യന്ത്രങ്ങളായി അവർ‍ മാറിയിരിക്കുന്നു. ഇത് മാറേണ്ടതുണ്ട്. ഇതോടൊപ്പം നമ്മുടെ മക്കളെ പഠിപ്പിക്കുന്നവർ‍ അതിന് യോഗ്യതയുള്ളവരാണെന്ന വിശ്വാസം സമൂഹത്തിന് ഉണ്ടാകണം. അങ്ങിനെയെങ്കിൽ‍ സർ‍ക്കാർ‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ‍ ഉണ്ടാകും എന്നത് ഉറപ്പ്. 

മാലിന്യ നിർ‍മ്മാർജനം: കേരളം നേരിടുന്ന വലിയ പ്രശ്നമാണിത്. ശാസ്ത്രീയമായി ഇതേ പറ്റി പഠിച്ചും, കന്പോസ്റ്റിങ്ങ് രീതികളെ ജനങ്ങൾ‍ക്ക് പരിചയപ്പെടുത്തിയും വേണം ഇത് പരിഹരിക്കാൻ. മാലിന്യങ്ങൾ‍ അലക്ഷ്യമായി വലിച്ചെറിയുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികളും എടുക്കണം. ഏറ്റവും നന്നായി മാലിന്യ സംസ്കരണം നടത്തുന്ന കുടുംബങ്ങളെയും, വ്യവസായ യൂണിറ്റുകളെയും ആദരിക്കുന്നതടക്കമുള്ള പ്രചരണ പരിപാടികളും നടപ്പാക്കേണ്ടതുണ്ട്. വാർ‍ഡ് കമ്മിറ്റികൾ‍ രൂപീകരിച്ച് വേണം ഈ സംവിധാനം നടപ്പിലാക്കാൻ. 

ഗതാഗതം: കേരളത്തിൽ‍ പൊതുഗതാഗത സംവിധാനത്തിൽ‍ റോഡ്, ട്രെയിൻ, ജല ഗതാഗതം എന്നീ മാർ‍ഗങ്ങളാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇതിൽ‍ മൂന്നിലും ഓട്ടോമേഷൻ രീതികൾ‍ കുറേ കൂടി പ്രായോഗികമായി ഉപയോഗിക്കണം. ആളുകളെ കുത്തിനിറച്ച് പോകുന്ന ബസുകൾ‍ ഇനിയെങ്കിലും നമ്മുടെ നാട്ടിൽ‍ നിർ‍ത്തലാക്കേണ്ടതുണ്ട്. തീവണ്ടികളിൽ‍ അത് ഏറെക്കുറെ നടപ്പിലാക്കി കഴിഞ്ഞു. റിസർ‍വേഷൻ ഇല്ലാതെ ഇന്ന് യാത്ര ചെയ്യാൻ മിക്കവരും തയ്യാറാകുന്നില്ല. വാഹന നിയമങ്ങൾ‍ കർ‍ശനമാക്കണം. ഹെൽ‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ബൈക്ക് യാത്രികരെയും, സീറ്റ് ബെൽ‍റ്റിടാതെ കാറോടിക്കുന്നവരെയും മാതൃകാപരമായി ശിക്ഷിക്കുന്നതോടൊപ്പം ആ വിവരങ്ങൾ‍ സോഷ്യൽ‍ മീഡിയയുടെ സഹായത്തോടെ ഓരോ ദിവസവും അപ് ഡേറ്റ് ചെയ്യപ്പെടണം. തങ്ങളെ ശിക്ഷിക്കാനല്ല, മറിച്ച് രക്ഷിക്കാനാണ് ഇത്തരം നിയമങ്ങൾ‍ എന്ന ബോധം ഓരോ പൗരനും ഉണ്ടാകണം. 

കച്ചവടം: കേരളം ചെറുനഗരങ്ങളുടെ വലിയൊരു ടൗൺഷിപ്പാണ്. പാറശാല മുതൽ‍ മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന ഈ സംസ്ഥാനത്തിൽ‍ അര മണിക്കൂർ‍ ദൂരത്തിൽ‍ അടുത്ത പട്ടണം നമ്മുടെ മുന്പിൽ‍ കടന്നെത്തുന്നു. പകൽ‍ നേരങ്ങളിൽ‍ മാത്രം കച്ചവടം നടക്കുന്ന ഇടങ്ങളാണ് ഇവിടെ ഭൂരിഭാഗവും. വൈകീട്ട് എട്ട് മണിയാകുന്പോൾ‍ തന്നെ കടകൾ‍ അടയുന്നു. ഈ സ്ഥിതി മാറണം. രാത്രികാലങ്ങളിൽ‍ എത്രയോ പേർ‍ ഇന്ന് യാത്ര ചെയ്തു തുടങ്ങിയിരിക്കുന്നു. അവർ‍ക്ക് തങ്ങളുടെ യാത്രകളിൽ‍ ഇടത്താവളമാകാനുള്ള സ്ഥലങ്ങൾ‍ കേരളത്തിൽ‍ ഇന്ന് കുറവാണ്. ഹൈപ്പർ‍ മാർ‍ക്കറ്റുകൾ‍ പോലെയുള്ള മേഖലകൾ‍ രാത്രിയും തുറന്ന് പ്രവർ‍ത്തിക്കുകയാണെങ്കിൽ‍ എത്രയോ പേർ‍ക്ക് അവിടെ ജോലി ലഭിക്കും. രാവിലെ ഓഫീസിൽ‍ പോയാൽ‍ വൈകി തിരിച്ചെത്തുന്നവർ‍ക്ക് ഇത്തരം രാത്രി ഷോപ്പിങ്ങ് കേന്ദ്രങ്ങൾ‍ ഏറെ ആശ്വാസം നൽ‍കും. 

കൃഷി: കൃഷി ഓരോ പൗരന്റെയും ജീവിത രീതിയാകുന്ന തരത്തിൽ‍ വേണം ഈ മേഖലയെ ശ്രദ്ധിക്കാൻ. വാർഡ് തലത്തിൽ‍ പോലും പൊതു കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സർക്കാറിന് സാധിക്കണം. മികച്ച കർഷക പ്രതിഭകളെ ആദരിക്കാനും അവരെ സമൂഹത്തിന്റെ മുൻ‍നിരയിൽ കൊണ്ടുവരാനും പറ്റണം. സ്വയം പര്യാപ്തതയാണ് ഈ രംഗത്ത് ലക്ഷ്യമിടേണ്ടത്. ഇങ്ങിനെ ഇനിയും ഏറെ മേഖലകളെ പറ്റിയുള്ള ആഗ്രഹങ്ങൾ നമുക്ക് ഓരോർത്തർക്കുമുണ്ടാകാം. അതിൽ കുറച്ചൊക്കെ പ്രാവർത്തികമാക്കാനും വിജയം വരിക്കാനും പുതിയ ഗവൺമെന്റിന് സാധിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ട് അഭിവാദ്യങ്ങൾ.

You might also like

Most Viewed