സൗഹൃദം വളരട്ടെ


ശത്രുക്കളോടു പോലും സ്നേഹവും സൗഹാർദ്‍ദവും നിലനിർ‍ത്താൻ സാധിക്കുന്നുണ്ടെങ്കിൽ‍ ഈ ഭൂമി എത്ര സുന്ദരമാണ്. ഒരു കാട്ടിൽ‍ സിംഹവും, പുലിയും, ആനയും, പേടമാനും, മുയൽ‍ കു‍‍ഞ്ഞുങ്ങളും ഒന്നിച്ച് താമസിക്കുന്നത് തന്നെ ഉദാഹരണം. വിശക്കുന്പോൾ‍ മാത്രം വേട്ടയാടിയും ആവശ്യമുള്ളതിനെ മാത്രം ഭക്ഷിച്ചും ഒന്നിച്ച് സഹവസിക്കുന്ന മനോഹരമായ ഒരു കാലം. 

കെനിയയിൽ‍ പോയപ്പോഴാണ് അത്തരമൊരു അവസ്ഥ നേരിട്ട് കണ്ടത്. ഒരു ഭാഗത്ത് സിംഹങ്ങൾ‍ വെയിൽ കായുന്പോൾ‍ തൊട്ടടുത്തു കൂടി മാനുകൾ‍ വളരെ സ്വസ്ഥമായി മേയുന്നു. കാട്ടുപോത്തുകളും, സീബ്രയും പുൽ‍മേടുകളിലൂടെ ഓടിക്കളിക്കുന്നു. അടുത്ത കാലത്ത് ജംഗിൾ‍ബുക്ക് വീണ്ടും കണ്ടപ്പോൾ‍ അതിലും ഇത്തരമൊരു ദൃശ്യം കാണാനിടയായി. ഒരു തടാകത്തിന് ചുറ്റും വനത്തിലെ എല്ലാതരം മൃഗങ്ങളും ആരും ആരെയും അക്രമിക്കാതെ സൗഹാർ‍ദ്ദപൂർ‍വം ഒത്തുകൂടുന്നു. എന്തായാലും ഇത് വനത്തിൽ‍ മാത്രമല്ല, മനുഷ്യർ‍ക്കിടയിലും സാധ്യമാണെന്ന് ഇന്നലെ കേരള നാട്ടിലെ ജനങ്ങൾ‍ക്ക് മനസിലായി കാണും. നിയുക്ത മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചിലരെ അങ്ങോട്ട് പോയി കണ്ടതിലൂടെയും, ചിലർ‍ അദ്ദേഹത്തെ കാണാൻ വന്നതിലൂടെയും നമ്മുടെ നാട്ടിൽ‍ ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കം കുറിച്ചുവെന്ന് തന്നെയാണ് മനസിലാക്കേണ്ടത്. 

രാഷ്ട്രീയം എന്നത് അയൽ‍രാജ്യങ്ങളെ പോലെ പരസ്പരം കൊണ്ടും കൊടുത്തും നേടിയെടുക്കേണ്ട ഒരു സംവിധാനമല്ലെന്നുള്ള തിരിച്ചറിവ് പതിയെ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു എന്നുവേണം കരുതാൻ. പകരം ഒരു രാഷ്ട്രത്തിൽ‍ നടപ്പിലാക്കേണ്ട ജനക്ഷേമ പരിപാടികളുടെ ആകെത്തുകയായിരിക്കണം രാഷ്ട്രീയം. ആ രാഷ്ട്രത്തിൽ‍ അധിവസിക്കുന്ന സമൂഹങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ ചിന്താധാരകളുടെ ഏകോപനമായിരിക്കണം അത്. ഒന്നിച്ചിരുന്നു ചർ‍ച്ച ചെയ്തിട്ട് വേണം കാര്യങ്ങൾ‍ മുന്പോട്ട് കൊണ്ടുപോകാൻ. അത്തരമൊരു പക്വതയാണ് ഇന്നലെയുണ്ടായ പരസ്പര സന്ദർ‍ശനങ്ങളിൽ‍ നിന്ന് നമ്മൾ‍ വായിച്ചെടുക്കേണ്ടത്. 

പതിറ്റാണ്ടോളമായി എല്ലാ മാധ്യമങ്ങളും വാഴ്ത്തിപ്പാടിയ വി.എസ്-പിണറായി കുടിപ്പകയുടെ കഥകൾ‍ പത്ത് മിനിറ്റ് സന്ദർ‍ശനം കൊണ്ടു ഉരുകിയില്ലാതായി എന്നല്ല പറഞ്ഞു വരുന്നത്. തീർ‍ച്ചയായും അവർ‍ തമ്മിലുള്ള ആദർ‍ശ വ്യത്യാസങ്ങൾ‍ ഇനിയും തുടരുമായിരിക്കും. പക്ഷെ അതൊന്നും തന്നെ വ്യക്തിബന്ധങ്ങളെ പോറൽ‍ ഏൽ‍പ്പിക്കുന്നവയല്ല എന്ന് ആ സന്ദർ‍ശനം വിളിച്ചു പറയുന്നു. മുന്പ് കെ. കരുണാകരനും, ഇ.കെ നായനാരും തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തെ പറ്റി നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. തന്റെ മുൻ‍ഗാമിയായ ഉമ്മൻചാണ്ടിയെ വീട്ടിൽ‍ ചെന്ന് പിണറായി കണ്ടതും, ഒ. രാജഗോപാൽ‍ എ.കെ.ജി സെന്ററിലേയ്ക്ക് വരാനുള്ള സൗമനസ്യം കാണിച്ചതും ഏറെ അഭിനന്ദനീയം തന്നെ. ഇത് താഴെക്കിടയിലുള്ള അണികളും മനസിലാക്കേണ്ടതുണ്ട്. സോഷ്യൽ‍ മീഡിയകളിൽ‍ പരസ്പരം കൊലവിളി നടത്തുന്ന ധാരാളം സുഹൃത്തുക്കൾ‍ നമുക്കൊക്കെ ഉണ്ട്. അവരും ഈ മാറ്റം തിരിച്ചറിയണം. ആശയങ്ങളാകട്ടെ ഏറ്റുമുട്ടുന്നത്. അത് അക്രമമായി മാറാതിരിക്കട്ടെ. 

നിങ്ങളും ഇടയ്ക്ക് ശത്രുപക്ഷത്താണെന്ന് കരുതുന്ന ഒരാളെ അപ്രതീക്ഷിതമായി ഒന്ന് കണ്ടു കുശലാന്വേഷണം നടത്തിനോക്കൂ. അപ്പോൾ‍ കാണാം സൗഹാർ‍ദ്ദത്തിന്റെ പുതിയൊരു നിലാവ് അവിടെയൊക്കെ പരക്കുന്നത്.

You might also like

Most Viewed