മാറുമ്പോൾ മാറേണ്ടത്...


ഒരു ഭരണമാറ്റത്തിന് കൂടി കേരളം തയ്യാറെടുക്കുന്നു. വലത് വികസന അജണ്ടകളിൽ‍ നിന്ന് ഇടത് ആദർ‍ശ രാഷ്ട്രീയത്തിലേയ്ക്കുള്ള ഒരു മാറ്റമാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ബിജെപി എന്ന പാർ‍ട്ടിക്ക് കേരളത്തിൽ‍ വേരോട്ടം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുന്നു ഈ തെരഞ്ഞെടുപ്പ്. കൂടാതെ എല്ലാ മുന്നണികളോടും ഒരു പോലെ മത്സരിച്ച് വിജയിച്ച പി.സി ജോർ‍ജ്ജ് വലിയ പാഠങ്ങളാണ് ദേശീയ പാർ‍ട്ടികൾ‍ എന്നഹങ്കരിക്കുന്നവരെ പഠിപ്പിക്കുന്നത്.

മൂന്ന് മുന്നണികൾ‍ക്കും നല്ലതും മോശവുമായ വശങ്ങളുണ്ട്. ഇതിൽ‍ അഴിമതി, അക്രമം, വർ‍ഗ്ഗീയത എന്നിങ്ങനെയുള്ള ആശങ്കകളാണ് ഓരോ മുന്നണിയും നിക്ഷ്പക്ഷനായ ഏതൊരു വോട്ടറിലും ബാക്കി വെയ്ക്കുന്നത്. ഈ മൂന്ന് കാര്യങ്ങൾ‍ മാറ്റിവെച്ചിട്ടാകണം കേരളം ഇനിയെങ്കിലും മുന്പോട്ട് പോകേണ്ടത്. ഇടതുമുന്നണി ശ്രീ പിണറായിയുടെ നേതൃത്വത്തിൽ‍ അധികാരത്തിൽ‍ വരുന്പോൾ‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ‍ ഉണ്ട്. സാക്ഷരത മിഷൻ‍ പോലെ, ജനകീയാസൂത്രണം പോലെ സമൂഹത്തിന് മൊത്തമായി ഉന്നതി നൽ‍കുന്ന പദ്ധതികളാണവ. സാങ്കേതിക വിദ്യകളെ ആശ്രയിച്ച് വേണം ഇത്തവണ അതു നടത്തേണ്ടത്. ലോകം മുഴുവനുമുള്ള വികസിത രാജ്യങ്ങളിലേയ്ക്ക് ഐടി സാങ്കേതികസഹായങ്ങൾ‍ ഔട്ട് സോഴ്സ് ചെയ്യപ്പെടുന്ന വലിയൊരു സമൂഹം നമ്മുടെ നാട്ടിലുണ്ട്. അന്യദേശങ്ങളിലേയ്ക്ക് ഇത്തരം പ്രവർ‍ത്തനങ്ങൾ‍ വ്യാപിക്കുന്പോൾ‍ തന്നെ സ്വന്തം നാട്ടിലും അതുപയോഗിക്കാനും, പ്രാവർ‍ത്തികമാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. 

ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ഏറെ മാറ്റങ്ങൾ‍ ജനം പ്രതീക്ഷിക്കുന്നുണ്ട്. തോമസ് ഐസക്കിനെ പോലെയുള്ളവരുടെ കഴിഞ്ഞ കാല പ്രവർ‍ത്തനങ്ങൾ‍ വിലയിരുത്തുന്പോൾ‍ ജൈവ പച്ചക്കറി കൃഷിയും, പ്ലാസ്റ്റിക്ക് നിർ‍മ്മാർജനവും വരുന്ന അഞ്ച് വർ‍ഷത്തെ പ്രധാന ലക്ഷ്യങ്ങളാകുമെന്ന് തന്നെ കരുതുന്നു. മറ്റൊരു പ്രധാന കാര്യം സാന്പത്തികമാണ്. വലിയ കടത്തിലാണ് നമ്മുടെ നാട് ഇന്ന് ഓരോ ദിവസവും മുന്പോട്ട് പോകുന്നത്. ലോകത്തുള്ള എല്ലാ ബാങ്കുകൾ‍ക്കും മലയാളി കടപ്പെട്ടിട്ടുണ്ടെന്ന് തോന്നും അതിന്റെ കണക്കുകൾ‍ കേൾ‍ക്കുന്പോൾ‍. ചിലവ് ചുരുക്കി വേണം പുതിയ സർ‍ക്കാർ‍ മുന്പോട്ട് പോകാൻ‍. അതേസമയം എന്തൊക്കെ പറഞ്ഞാലും അവസാന ആറ് മാസം ഉമ്മൻ‍ ചാണ്ടിയുടെ ഗവണ്‍മെന്റ് നടത്തിയിട്ടുള്ള ചില വികസനങ്ങളെ നമ്മൾ‍ അംഗീകരിച്ചേ മതിയാകൂ. ഇന്ന് കേരളത്തിൽ‍ റോഡുകൾ‍ ഏറെ നന്നായിട്ടുണ്ട്. അത് നിലനിർ‍ത്തേണ്ടതുണ്ട്. പാതിവഴി പോലും എത്തിയിട്ടില്ലെങ്കിലും, കണ്ണൂർ‍ എയർ‍പ്പോർ‍ട്ട്, കൊച്ചിയിലെ മെട്രോ, വിഴിഞ്ഞത്തെ തുറുമുഖം തുടങ്ങിയ പദ്ധതികൾ‍ ഈ ഗവണ്‍മെന്റ് പൂർ‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതു പോലെ പ്രവാസികൾ‍ക്ക് വേണ്ടി ഒരു വിമാന സർ‍വ്വീസ് തുടങ്ങുമെന്ന വാഗ്ദാനവും കടലാസിലാണ്. 

ദോഷൈകദൃക്കുക്കൾ‍ ഇടതുപക്ഷം വന്നാൽ‍ ഉണ്ടാകുന്ന അപകടങ്ങളെ പറ്റിയും പ്രവചനങ്ങൾ‍ നടത്തുന്നുണ്ട്. വലത് കാലിലെ മന്ത് ഇടതുകാലിലേയ്ക്ക് ആയി എന്ന രീതിയിലാണ് അത്തരം ആളുകൾ‍ ഈ മാറ്റത്തെ നോക്കി കാണുന്നത്. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ നോക്കുകൂലി വാങ്ങുന്നവരുടെ എണ്ണം വർ‍ദ്ധിക്കുമെന്നും, ഹർ‍ത്താൽ‍, കൊലപാതക രാഷ്ട്രീയം, കണ്ണൂരിലെ കണ്ണീർ‍ എന്നിവ  സ്ഥിര വാർ‍ത്തയാകുമെന്നും അവർ‍ പറയുന്നു. പ്രായോഗികമായി വളരാൻ സാധിക്കുന്ന പുതിയ പദ്ധതികളെ പോലും അനാവശ്യമായി എതിർ‍ത്ത് അവസരങ്ങൾ‍ കളഞ്ഞുകുളിക്കാൻ‍ ശ്രമിക്കുമെന്നും, ജനങ്ങളെ പുച്ഛത്തോടെ കാണുമെന്നും അതിനനുസരിച്ചുള്ള പ്രസ്താവനകൾ‍ ഇറക്കിതുടങ്ങുമെന്നും മുൻ‍കാല അനുഭവങ്ങൾ‍ കാരണം അവർ‍ വിശ്വസിക്കുന്നു. ഒടുവിൽ‍ അഞ്ച് വർ‍ഷത്തിന് ശേഷം ഇതൊക്കെ കണ്ട് മടുത്തതിന് ശേഷം ഇതിലും ഭേദം കോൺ‍ഗ്രാസാണെന്ന് കരുതി വീണ്ടും മന്ത് വലത് കാലിലേയ്ക്ക് മാറ്റി വെക്കുമെന്നും അവർ‍ കരുതുന്നു. അതു പോലെ പ്രവാസലോകത്തുള്ളവരെ പണം പുറത്തിറക്കുന്ന വെറുമൊരു എ.ടി.എം മെഷീനായി കാണരുതെന്ന് അപേക്ഷ. ഇടക്കിടെ ഇവിടെ വന്നോളൂ, പ്രവാസികൾ‍ ബഹുമാനത്തോടെ നിങ്ങളെ സ്വീകരിക്കും. പക്ഷെ ബക്കറ്റ് പിരിവ് ദയവ് ചെയ്ത് ഒഴിവാക്കണം. ഇത്തരം ആശങ്കകൾ‍ കൂടി പിണറായി അടക്കമുള്ള നേതാക്കൾ‍ കണക്കിലെടുക്കണമെന്ന അഭ്യർ‍ത്ഥനയോടെ, പുതിയ ഭരണത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

You might also like

Most Viewed