പക്വതയുടെ രാഷ്ട്രീയം


ജനാധിപത്യത്തിലെ യുദ്ധം കഴിഞ്ഞു, ഇനി നാളെ വരെ കാത്തിരിപ്പാണ്. ഊഹാപോഹങ്ങൾ കാറ്റിൽ അലിയുന്നു. നാടിന്റെ സ്പന്ദനം ഓരോ നിമിഷവും നെഞ്ചിലേറ്റുന്ന പ്രവാസലോകവും കണക്കുകൂട്ടിയും കിഴിച്ചും മനസ് പുകയ്ക്കുന്നു. നാളെ രാവിലെ അറിയാം, ആരാണ് കേരളത്തിന്റെ പുതിയ നായകരെന്ന്. 

എന്തായാലും പെട്ടിയിലായി കഴിഞ്ഞ വോട്ടുകളെ പറ്റി വെറുതെ ചർ‍ച്ചചെയ്ത് പ്രത്യേകിച്ച് കാര്യമില്ല. പെട്ടി തുറക്കുന്നത് വരേയ്ക്കും കാത്തിരിക്കുന്നത് തന്നെയാണ് ബുദ്ധി.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മലയാളിയെന്ന രീതിയിൽ ആശ്വസിക്കാൻ നമുക്ക് ഏറെ വകയുണ്ട്. വലിയ അക്രമപ്രവർ‍ത്തനങ്ങളോ, കൊലപാതകങ്ങളോ, കള്ളവോട്ട് സംഭവങ്ങളോ, ഇത്തവണ അരങ്ങേറിയിട്ടിയില്ല. അതുകൊണ്ട് രാഷ്ട്രീയമായി നോക്കുകയാണെങ്കിൽ മലയാളി സമൂഹം ഏറെ പക്വത നേടിയ ഒരു തെര‍ഞ്ഞെടുപ്പായി ഇത്തവണത്തേത് വിലയിരുത്താവുന്നതാണ്. നിസാരമായ വിയോജിപ്പുകൾ കാരണം പരസ്പരം കൊല വിളിക്കുന്ന ഒരു രാഷ്ട്രീയത്തിൽ നിന്ന് മനുഷ്യന്റെ നന്മയ്ക്കും, വളർ‍ച്ചയ്ക്കും ഉതകുന്ന ചിന്തകളും ആദർ‍ശങ്ങളും കൊണ്ട് പോരടിക്കുന്ന ഈ ഒരു രീതി ഏറെ സ്വാഗതാർ‍ഹമാണ്.

ഏത് തരം ഭരണസംവിധാനമാണെങ്കിലും അതിനൊക്കെ നല്ലതും മോശവുമായ വശങ്ങളുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിൽ കഴിയുന്നയാൾ‍ക്ക് ഏകാധിപത്യമാണ് നല്ലതെന്ന് പലപ്പോഴും തോന്നാം, അതുപോലെ തന്നെ മറിച്ചും. പക്ഷെ ഏത് തരം സംവിധാനമാണെങ്കിലും അതിന് സ്വാഭാവികമായുള്ള ഒരു വളർ‍ച്ചയില്ലെങ്കിലാണ് അവിടുത്തെ സമൂഹം ഭയപ്പെടേണ്ടത്. എന്നാൽ അത്തരമൊരു ദുരവസ്ഥ നമ്മുടെ നാട്ടിൽ ഇന്നില്ല. ഇന്ത്യയുടെ തന്നെ അയർരാജ്യങ്ങളെ എടുത്തുകഴിഞ്ഞാൽ അത് വളരെയേറെ വ്യക്തവുമാണ്. ജനാധിപത്യം അവിടെ പലയിടങ്ങളിലും പേരിന് മാത്രമുള്ള സംഗതിയാണ്. അതേ സമയം ഇന്ത്യയിൽ ജനാധിപത്യവ്യവസ്ഥിതി ദിനം പ്രതി പുരോഗമിച്ച് വരികയാണെന്ന് തന്നെ ഉറപ്പിച്ചു പറയുന്നുണ്ട് ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്. ഒരു ജനതയുടെ എൺ‍പത് ശതമാനത്തോളം പേര്‍ അവരുടെ ഒരു ദിവസം തങ്ങളുടെ രാഷ്ട്രീയ നിയതിക്കായി മാറ്റി വെയ്ക്കാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് നമ്മുടെ നാട്ടിലെ ജനാധിപത്യവിജയത്തിന്റെ ഏറ്റവും മികച്ച തെളിവ്. എന്ത് കഷ്ടം സഹിച്ചും മണിക്കൂറുകളോളം ക്യൂ നിന്നും അവർ തങ്ങളുടെ വിരലിൽ മഷിയടയാളം രേഖപ്പെടുത്തുന്നു. 

നമ്മുടെ നാട്ടിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രശ്ന സാധ്യത കണക്കിലെടുത്ത് വൻ‍ സുരക്ഷാസന്നാഹങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നത്. അവർ വളരെ കൃത്യമായി പ്രവർ‍ത്തിച്ചതിന്റെ ഗുണം കൂടി കണക്കിലെടുത്തു കൊണ്ട് തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്. സാങ്കേതികമായി തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിച്ചതും, കള്ളവോട്ട് പോലെയുള്ള അനിഷ്ട സംഭവങ്ങൾ പഴങ്കഥയാക്കാൻ‍ ഇടയാക്കിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും രാഷ്ട്രീയ കക്ഷികളും നേതാക്കളും കള്ളവോട്ടിന്റെ പേരിൽ നടത്തുന്ന വാഗ്വാദങ്ങൾ ഇത്തവണയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ക്രോസ് വോട്ടിങ്ങിന്റെ പേരിലാണ് ഇത്തവണ അവർ ചർ‍ച്ചകളെ വഴി തിരിച്ചുവിടുന്നത്. 

ജനാധിപത്യത്തിൽ ജനങ്ങളും, അതുപോലെ തന്നെ രാഷ്ട്രീയ കക്ഷികളും പരസ്പരം മനസ് തുറന്ന് അംഗീകരിക്കാനുള്ള സന്മനസ് കാണിക്കണം എന്ന നിലപാടിലേയ്ക്ക് എല്ലാവരും എത്തിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ‍. വിയോജിപ്പുകളെ ശാരീരികമായി നേരിടുന്നത് ശരിയല്ല എന്ന തിരിച്ചറിവിലേയ്ക്കും ഏവരും എത്തിയിരിക്കുന്നു. ഈ ഒരു പക്വതയാകണം രാഷ്ട്രീയ കേരളം നാളെ വോട്ടണ്ണെൽ ദിനത്തിലും, വരും നാളുകളിലും കാണിക്കേണ്ടത്. ജയപരാജയങ്ങൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. ജയത്തിന്റെ പേരിൽ അഹങ്കരിച്ചത് കൊണ്ടോ, തോൽ‍വിയുടെ പേരിൽ വിറളി പൂണ്ടത് കൊണ്ടോ സമൂഹത്തിന് നേട്ടമുണ്ടാകില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയല്ല, മറിച്ച് ആ നാടിന്റെ പ്രതിനിധിയാണെന്ന തിരിച്ചറിവും പക്വതയും നമ്മുടെ സമൂഹത്തിന് ഉണ്ടാകണം. ജനാധിപത്യത്തെ നിലനിർ‍ത്തുകയും, അതിനെ പരിപോഷിപ്പിക്കയും ചെയ്യുന്ന പ്രവർ‍ത്തിയാണ് ഓരോ തെരഞ്ഞെടുപ്പുമെന്ന ഉത്തമ വിശ്വാസത്തോടെ...

 
 
 

You might also like

Most Viewed