വേണ്ടത് നല്ല ഉത്പ്പന്നങ്ങൾ...
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒന്നരമാസത്തെ ബഹളം സമാപിച്ചിരിക്കുന്നു. നാളെ വിധിയെഴുത്താണ്. അടുത്ത അഞ്ച് വർഷം ഓരോ മലയാളിയുടെയും ഭാഗദധേയം നിർണ്ണയിക്കുന്ന ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന വിധിയെഴുത്ത്. ജനാധിപത്യ സംവിധാനത്തിൽ ഒരു ദിവസമെങ്കിലും സാധാരണക്കാരനായ ആരും രാജാവാകുന്ന ദിനമാണ് വോട്ടെടുപ്പ് ദിവസം. അന്ന് അവന് സിംഹസാനവും, ചെങ്കോലും ലഭിക്കും. അവനെ എടുത്ത് നടക്കാൻ ആളുകൾ ചുറ്റിലുമുണ്ടാകും. ആ ദിനം കഴിയുന്നതോടെ മുന്പ് പറഞ്ഞ എല്ലാ അവകാശങ്ങളും അവനില്ലാതാകുന്നു. അതുവരേയ്ക്കും പിന്നാലെ നടന്നവന് പിന്നാലെയാകുന്നു പിന്നീട് വർഷങ്ങളോളം പാവം പൊതു ജനം.
യഥാർത്ഥത്തിൽ ജാനാധിപത്യത്തിൽ നേതാക്കന്‍മാരെയാണ് മുന്പൊക്കെ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് രാഷ്ട്രീയ തൊഴിലാളികളായി മാറിയിരിക്കുന്നു. മുന്പ് പ്രത്യയ ശാസ്ത്രങ്ങളും, ആദർശവുമാണ് ജനങ്ങളെ രാഷ്ട്രീയ പാർട്ടികളിലേയ്ക്ക് ആകർഷിച്ചിരുന്നത്. ഇന്നത് സ്ഥാപനവത്കരിക്കപ്പെട്ട കോർപ്പറേറ്റ് സംവിധാനങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു. അവിടെ ഓപ്പറേഷൻസ് ഹെഡ് മുതൽ, ഫിനാൻഷ്യൽ കണ്‍ട്രോളർമാർ മുതൽ, മീഡിയ മാനേജർമാർ വരെ അരങ്ങ് തകർക്കുന്നു. ഒരു പരസ്യ വാചകത്തിന് പോലും കോടികൾ എണ്ണി കൊടുക്കുന്നു. റേഡിയോ, ടിവി, പത്രങ്ങൾ എല്ലായിടത്തും പരസ്യങ്ങൾ നിറയുന്നു. തുടരണം ഈ ഭരണമെന്നും, ഞങ്ങൾ വന്നാൽ എല്ലാം ശരിയാകുമെന്നും, വഴികാട്ടാൻ ഞങ്ങളെത്തി എന്നുമൊക്കെ പറഞ്ഞ് നമ്മളെ കൊതിപ്പിക്കുന്നു.
ഇതോടൊപ്പം ഇത്തവണ ജാതിയും മതവും ഒക്കെ നമ്മുടെ തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളായി മാറിയിട്ടുണ്ട് എന്നത് പറയാതെ വയ്യ. ഇന്നത്തെ ലോകക്രമത്തിൽ സ്വയംവിപണനം ചെയ്യുന്നവനും അല്ലെങ്കിൽ സമൂഹത്തിനും മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കുവെന്ന ചിന്ത ഭൂരിഭാഗം മനുഷ്യർക്കും ഉണ്ട്. ഇതേ ചിന്തയാണ് ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിലും വന്നിരിക്കുന്നത്. എന്റെ ജാതി അല്ലെങ്കിൽ മതക്കാർക്ക് വോട്ട് ചെയ്താൽ എനിക്കും എന്റെ കുടുംബത്തിനും എന്തൊക്കെ ലഭിക്കുമെന്ന ചിന്തയാണ് നമ്മുടെ ഇടയിൽ നിറയുന്നത്. ഇതു പോലെ തന്നെയാണ് അഴിമതി കേസുകളിൽ സജീവമായ ആരോപണങ്ങൾ നേരിടുന്നവർ വീണ്ടും മത്സരിക്കുന്പോഴും സംഭവിക്കുന്നത്. തങ്ങളുടെ അഴിമതിയുടെ ഗുണഭോക്താക്കളിലാണ് ആ നേതാക്കൾ പ്രതീക്ഷയർപ്പിക്കുന്നത്. തങ്ങളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് തങ്ങളുടെ അഴിമതി കൊണ്ട് ഗുണം നേടിയവരാണെന്ന് അവർ വിശ്വസിക്കുന്നു. അങ്ങനെ വിധികർത്താക്കൾ എന്ന നിലയിൽ നിന്ന് ഗുണഭോക്താക്കൾ എന്നൊരു അവസ്ഥയിലേയ്ക്ക് ജനം പതിയെ മാറുന്ന ഒരു തെരഞ്ഞെടുപ്പായി വേണം ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്താൻ.
ഒരു ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന ഉപഭോക്താവിന്റെ അതേ മനസോടെയാണ് ഇത്തവണ പലരും ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അവിടെ നിരത്തി വെച്ചിരിക്കുന്ന ഉത്പന്നങ്ങളെ പോലെ തന്നെയാണ് രാഷ്ട്രീയ തൊഴിലാളികളെയും ജനം കാണുന്നത്. ഇതിൽ ഏറ്റവും മികച്ചതും, ദീർഘകാലം ഈട് നിൽക്കുന്നതും, നമുക്ക് വ്യക്തിപരമായി ഗുണം ചെയ്യുന്നതുമായിട്ടുള്ള ഉത്പ്പന്നങ്ങളെ തെരഞ്ഞെടുക്കുക എന്ന രീതിയിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പിനെ മിക്കവരും ഇത്തവണ കാണുന്നത്. താരമൂല്യമില്ലാത്ത സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആർക്കും താത്പര്യമില്ല എന്നതും സത്യമാണ്. തങ്ങളുടെ പ്രതിനിധി അത്യാവശ്യം നല്ല ബ്രാൻഡ് ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. അവർ അഴിമതി ചെയ്താലും, മറ്റേതെങ്കിലും വിഷയത്തിൽ തത്പരനാണെങ്കിൽ പോലും, അത് കുഴപ്പമില്ലെന്ന് വിശ്വസിക്കുന്നവർ. ഇവരൊക്കെ മഹാത്മാ ഗാന്ധിയാകണം എന്ന വാശിയൊന്നും ജനത്തിനുമില്ല. ഓരോ തവണയും വർദ്ധിച്ച ഭൂരിഭക്ഷവുമായി ഇത്തരം ആളുകൾ അധികാരത്തിലെത്തുന്പോൾ ഇങ്ങിനെ തന്നെ വേണം നമ്മൾ കരുതാൻ.
എന്തായാലും ജനാധിപത്യത്തിന്റെ ഈ ചന്തയിൽ ഈടുള്ളതും, ഉറപ്പുള്ളതും, കാര്യപ്രാപ്തിയുമുള്ള ഉത്പന്നങ്ങൾ അണിനിരക്കട്ടെ എന്നാഗ്രാഹവും പ്രാർത്ഥനയും ബാക്കി വെച്ചു കൊണ്ട്...