തോറ്റു കൊണ്ട് വളരണം
ഇതാണ് ആ സ്ഥലം, എന്നെ തോൽക്കാൻ പഠിപ്പിച്ച സ്ഥലം. ഇന്ന് കാലത്ത് ബഹ്റിനിലെ മുഹറഖിനടുത്തുള്ള വലിയ മൈതാനത്ത് നിന്നുകൊണ്ട് ജേഷ്ഠതുല്യനായ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് ഇങ്ങിനെ പറഞ്ഞപ്പോൾ കൗതുകമായിരുന്നു തോന്നിയത്. 1993ൽ ഫയർ എസ്കേപ്പ് അവതരിപ്പിക്കാൻ ഇവിടെയെത്തിയ അദ്ദേഹത്തിന് ഷോ നടത്തുന്നതിനിടയിൽ പൊള്ളലേറ്റത് ഇവിടെ വെച്ചായിരുന്നു. ആ പരാജയത്തിൽ നിന്ന് ഏറെ പാഠങ്ങൾ പഠിച്ചു കൊണ്ടാണ് പിന്നീടുള്ള തന്റെ വിജയങ്ങൾക്ക് അദ്ദേഹം ഊടും പാവും നെയ്തതത്.
അവിടെ നിന്ന് തിരികെ പോരുന്പോൾ അദ്ദേഹം പറഞ്ഞു അദ്ദേഹത്തിന്റെ നാട്ടുക്കാർക്ക് അതായത് മലപ്പുറത്തുള്ളവർക്ക് തോൽക്കാൻ ഏറെ താത്പര്യമാണെന്ന്. ഓരോ തോൽവിയിലും അവർ രസം കണ്ടെത്തുമെന്ന്. കാരണം ചോദിച്ചപ്പോൾ മലപ്പുറത്തുള്ളവരുടെ രക്തധമനികളിൽ പോലും ആവേശം ഉണർത്തുന്ന ഫുട്ബോളിനെ പറ്റിയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഒരു ദിവസം കളി തോറ്റാൽ പിറ്റേന്ന് രണ്ട് ഗോൾ അധികം അടിച്ച് വിജയിക്കാമെന്ന ചിന്തയാണത്രെ അവിടെയുള്ളവർക്കുള്ളത്. ഒന്ന് ചെറുതായി കാലിടറിയാൽ പോലും ആത്മഹത്യയെ പറ്റി ചിന്തിക്കുന്ന ഭൂരിഭാഗം പേരിൽ നിന്ന് ഏറെ വ്യത്യസ്തമായി തോൽവികളെ ആവേശപൂർവ്വം സ്വീകരിക്കുന്ന ശ്രീ മുതുകാടിനോടും, അദ്ദേഹത്തിന്റെ നാട്ടുക്കാരുടെയും വീക്ഷണങ്ങളെ ഏറെ ആദരപൂർവ്വമാണ് ഞാൻ നോക്കി കണ്ടത്.
ഇന്നലെ വൈകീട്ട് നമ്മുടെ വിദ്യാഭ്യാസ സന്പ്രദായങ്ങളെ കുറിച്ചും, അതിൽ വരാൻ പോകുന്ന മാറ്റങ്ങളെ പറ്റിയും ബൈജൂസ് ടാബ് എന്ന ലോക പ്രശസ്തമായ ലേണിങ്ങ് ആപ്പിന്റെ ഉപജ്ഞാതാവായ ശ്രീ ബൈജു രവീന്ദ്രനോട് സംസാരിക്കാൻ സാധിച്ചപ്പോൾ അദ്ദേഹവും പറഞ്ഞത് തോൽക്കാൻ പഠിക്കുന്നതിനോടൊപ്പം ഇന്നത്തെ തലമുറ എങ്ങിനെ പഠിക്കണമെന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കൂടിയാണ്. കണ്ണൂരിലെ അഴീകോട് സ്വദേശിയായ ബൈജു ഇന്ന് ഇന്ത്യയിലെ എജുക്കേഷൻ ടെക്നോളജി മേഖലയിൽ ഏറ്റവുമധികം മൂലധന സമാഹരണം നടത്തുന്ന സ്റ്റാർട്ട് സംരഭത്തിന്റെ അമരക്കാരനാണ്. ഏകദേശം 510 കോടി രൂപയാണ് ഇതിന്റെ മൂലധന നിക്ഷേപം. ഇതനുസരിച്ച് കന്പനിയുടെ മൂല്യം ഏതാണ്ട് 3000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. എഴുതിയ പരീക്ഷകളിലെല്ലാം തന്നെ ഒന്നാമനായി വിജയിച്ചിട്ടുള്ളതുകൊണ്ട് തന്നെ നമ്മുടെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഏറെ ബോധവാനാണ് ഈ ചെറുപ്പക്കാരൻ.
എങ്ങിനെ ചിന്തിക്കണമെന്ന് പഠിപ്പിക്കാതെ, എന്ത് ചിന്തിക്കണമെന്ന് മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയിൽ പരാജയം എന്നത് ഒരു മനുഷ്യന് ഒരിക്കലും വരാൻ പാടില്ലാത്ത എന്തോ ഒരു സംഭവമായി വളരെ ചെറുപ്പം മുതൽ നമ്മളെല്ലാവരും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്നും പരീക്ഷകളെ നമ്മൾ ഭയക്കുന്നത് എന്ന് ശ്രീ ബൈജു പറയുന്പോൾ സമ്മതിച്ച് കൊടുക്കാതിരിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്നലെ ശ്രീ ബൈജുവിനോടൊപ്പം, ബഹ്റിനിലെ പ്രമുഖ വിദ്യാലയങ്ങളിലെ പ്രധാനദ്ധ്യാപകരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇതിൽ എൻട്രൻസ് പരീക്ഷയെ പറ്റി രസകരമായി ഒരു സുഹൃത്ത് പറഞ്ഞത് സത്യത്തിൽ അത് എൻട്രന്‍സ് അല്ല, മറിച്ച് അതിനെ എക്സിറ്റ് പരീക്ഷ എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു. കാരണം പതിനായിരം സീറ്റുകൾക്ക് വേണ്ടി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇത്തരമൊരു പരീക്ഷയിൽ പങ്കെടുക്കുന്പോൾ പരാജയപ്പെടുന്ന വലിയൊരു വിഭാഗത്തെ അവരാഗ്രഹിക്കുന്നത് പഠിക്കാൻ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ രീതി സമ്മതിക്കുന്നില്ല.
അടച്ചിട്ട ക്ലാസ് മുറികളിലാണ് നമ്മുടെ കുട്ടികൾക്ക് ജീവിതമെന്ന വലിയ പാഠം പഠിക്കേണ്ടിവരുന്നത്. ഒരിക്കൽ പോലും വെള്ളം കാണാതെ തീയററ്റിക്കലായി വായിച്ച് മാത്രം നീന്തൽ പഠിച്ച് അതിൽ ഡിഗ്രിയും, പോസ്റ്റ് ഗ്രാജ്വേഷനും എടുക്കേണ്ടി വരുന്ന അവസ്ഥയാണ് ഭൂരിഭാഗം പേർക്കുമുള്ളത്. പിന്നീട് എപ്പോഴെങ്കിലും യഥാർത്ഥത്തിൽ ഒരു ചെറിയ കുളത്തിൽ വീണാൽ പോലും കൈയും കാലും ഒന്നിട്ടടിക്കാൻ പോലും പറ്റാതെ വളരെ എളുപ്പത്തിൽ അവർ മുങ്ങിമരിക്കുന്നു. ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ നാം ഓരോരുത്തരുടെയും ചിന്താഗതികൾക്ക് മാറ്റമുണ്ടാവേണ്ടിയിരിക്കുന്നു. മക്കൾക്ക് ഒന്നും രണ്ടും മാർക്ക് നഷ്ടമാകുന്പോൾ അത് ലോകാവസാനമാണെന്ന രീതിയിൽ പ്രതികരിക്കാതെ, തോറ്റാലും സാരമില്ല, നാളെ വീണ്ടും എഴുതി മെച്ചപ്പെട്ട മാർക്കോടു കൂടി വിജയിക്കാമെന്ന ആത്മവിശ്വാസം മുതിർന്നവർ കുട്ടികളിൽ വളർത്തേണ്ടിയിരിക്കുന്നു. നാട്ടിൽ വരാൻ പോകുന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണ്. നമുക്ക് പ്രിയപ്പെട്ടവരും മത്സരിക്കുന്നുണ്ടാകും. അവരോടും പറയുക, തോറ്റാലും സാരമില്ല, മലപ്പുറത്തുള്ളവരെ കണ്ടു പഠിക്കുക. നാളെ നമുക്ക് രണ്ട് ഗോൾ അധികം അടിച്ച് ജയിക്കാം !!!