നിലപാട് നഷ്ടപ്പെടുന്പോൾ...


ഇന്ത്യാ മഹാരാജ്യത്തിൽ അഞ്ച് വർഷം മുന്പ് ജനസംഖ്യാ കണക്കെടുത്തപ്പോൾ 121 കോടി ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ എൺപതിമൂന്ന് കോടിയോളം പേരുടെ ശരാശരി ദിവസ വരുമാനം ഇരുപത് രൂപയാണെന്ന് നാഷണൽ സാന്പിൾ സർവ്വെ നടത്തിയ അന്വേഷണത്തിൽ കണ്ടുപിടിച്ചിരുന്നു. അതേസമയം ലോകത്തിലെ തന്നെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ നമ്മുടെ രാജ്യത്തിനാണ് നാലാം സ്ഥാനമുള്ളത്. നമ്മുടെ രാജ്യത്തുള്ള ബഹുഭൂരിപക്ഷവും അവരുടെ വരുമാനത്തിന്റെ 55 ശതമാനവും ഭക്ഷണത്തിനും, 18 ശതമാനം ഇന്ധനത്തിനും വസ്ത്രത്തിനുമായി ചിലവാക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ശേഷിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് മഹാഭൂരിപക്ഷവും തങ്ങളുടെ വിദ്യാഭ്യാസവും, ആരോഗ്യസംരക്ഷണവും നിർവഹിച്ചുപോകുന്നത്.  

അങ്ങിനെയുള്ള നമ്മുടെ നാട്ടിൽ ആര് ഭരിച്ചാലും സ്ഥിരമായി കേൾക്കുന്ന ചില കാര്യങ്ങളുണ്ട്. കർഷക ആത്മഹത്യ, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുണ്ടാകുന്ന പീഡനങ്ങൾ, റോഡ് സുരക്ഷസൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന വാഹാനാപകടങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു. ഭരിക്കുന്ന സർക്കാറിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മിടുക്ക് പോലെയിരിക്കും ഈ വാർത്തകളുടെ ഭൂതവും, ഭാവിയും, വർത്തമാനവും. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം തൂണാണ് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ മാധ്യമങ്ങൾ എന്നാണ് വെപ്പ്.  എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ അങ്ങിനെയാണോ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെ മാധ്യമപ്രവർത്തകൻ എന്ന പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്ന ഭൂരിഭാഗം പേരും രഹസ്യമായി സമ്മതിക്കും. ഇവിടെയുള്ള ജനങ്ങളിൽ 75 ശതമാനം പേരും നേരിടുന്ന ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ അവഗണിച്ചു കൊണ്ട് വർണശബളമായ ഒരു ഭാഗത്തേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മിക്കവർക്കും താത്പര്യം. 

ജനങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ അവരെ സർക്കസ് കാണിച്ച് തൃപ്തിപ്പെടുത്തുക എന്ന് പണ്ടൊരു റോമൻ ചക്രവർത്തി പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ മിക്ക പ്രമുഖ മാധ്യമങ്ങളുടെയും നിലപാട് ഇത് തന്നെയാണ്. അതോടൊപ്പം തനിക്ക് ലഭിക്കാനിരിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിക്കുന്ന  അംഗീകാരങ്ങളും, പുരസ്കാരങ്ങളും, മറ്റ് കൈക്കൂലികളും, സ്ഥാനമാനങ്ങളും ഒക്കെ പലരുടെയും മാധ്യമപ്രവർത്തനത്തെ മധ്യമപ്രവർത്തനമാക്കി (middle man) മാറ്റുന്നുണ്ട്. ഇതോടൊപ്പം തന്നെ മറ്റേതൊരു മേഖലയിലും എന്ന പോലെ മാധ്യമമേഖലയിലും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാകാതെ അതിന്റെ ഉടമയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്നതും ഏറെ ഉറപ്പായ കാര്യമാണ്. ഇന്ന് സജീവമായുള്ള മാധ്യമങ്ങൾക്കൊന്നും അവർ പൊതുജന ജിഹ്വയാണെന്ന് ഉറപ്പിച്ച് പ്രഖ്യാപ്പിക്കാൻ സാധിക്കില്ല. നൂറുശതമാനവും അവ മൂലധനത്തെയും പരസ്യവിപണിയെയും ആശ്രയിച്ച് തന്നെയാണ് മുന്പോട്ട് പോകുന്നത്. 

അതേ സമയം എന്തിനും എല്ലാത്തിനും സജീവ മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തേണ്ട ആവശ്യം സത്യത്തിൽ ഇന്നില്ല. മുന്പത്തേക്കാൾ എത്രയോ മടങ്ങ് അധികം മാധ്യമ സ്വാതന്ത്ര്യമാണ് ഇന്ന് ഓരോ വ്യക്തിക്കും അവന്റെ കൈവിരൽ തുന്പുകളിൽ തന്നെയുള്ളത്. പല കാരണങ്ങൾ കൊണ്ടും സജീവ മാധ്യമങ്ങൾ തമസ്കരിച്ചു എന്ന് ആരോപിക്കാറുള്ള വാർത്തകൾ വ്യക്തിപരമായി സ്വന്തം ഫേസ്ബുക്ക് പേജിൽ പോലും പങ്കിടാൻ മടികാണിക്കുന്നവരോ ധൈര്യമില്ലാത്തവരോ ആണ് നമ്മുടെ ഇടയിൽ മഹാഭൂരിഭാഗം പേരും എന്ന് പറയാതിരിക്കാൻ വയ്യ. അങ്ങിനെ ചെയ്താൽ തനിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ചിന്തിക്കുന്നവരാണിവർ. ആ പ്രശ്നം മറ്റൊരാളുടെ, അല്ലെങ്കിൽ ഒരു മാധ്യമ പ്രസ്ഥാനത്തിന്റെ തലയിൽ കെട്ടിവെച്ച് തടിയൂരുന്നവർ. 

ഇതെഴുതുന്പോൾ ഓർമ്മ വരുന്നത് ഫോർ പിഎമ്മിലേയ്ക്ക് പ്രതികരണമയച്ച്, സ്വന്തം പേര് വെക്കരുതേയെന്നും, വെച്ചാൽ അതു തനിക്ക് പ്രശ്നമാകും എന്ന് കേണപേക്ഷിക്കുന്ന മാന്യൻമാരെയാണ്. ഇങ്ങിനെ സ്വന്തം നിലപാട് പോലും തുറന്ന് പറയാൻ സാധിക്കാത്തവരാണ് പലപ്പോഴും മാധ്യമങ്ങളുടെ മുകളിൽ കുതിര കയറുന്നത്. അതിലെന്തായാലും വലിയൊരു ന്യായമുണ്ടെന്ന് തോന്നുന്നില്ല !!!

You might also like

Most Viewed